2. കൃഷിയിടാസൂത്രണാധിഷ്ഠിത ഉല്‍പ്പാദന പരിപാടികള്‍ ഉല്‍പ്പാദനപൂര്‍വ്വ പിന്തുണ ഉള്‍പ്പെടെ

H/A : 2401-00-104-67 Rs.1000.00 ലക്ഷം

             ഈ പദ്ധതി നടപ്പിലാക്കുന്നതിനുവേണ്ടി അംഗീകരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 2024-25 ലും പിന്തുടരും. കുറഞ്ഞത് പത്തുസെന്റും, പരമാവധി ഇരുന്നൂറ് സെന്റും  വിസ്തൃതിയുള്ള (വീടും മറ്റു കെട്ടിടങ്ങളും നിലനില്‍ക്കുന്ന സ്ഥലം ഇല്ലാതെ) കൃഷിയിട യൂണിറ്റുകളായിരിക്കും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. സംയോജിത കൃഷി സമ്പ്രദായ മാതൃകകളും, നാളികേരം, സുഗന്ധവ്യജ്ഞനങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികൾ എന്നീ വിളകള്‍ അടിസ്ഥാനമാക്കിയുള്ള വിള സമ്പ്രദായങ്ങളിലുമായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. കൃഷിവകുപ്പ് പുറപ്പെടുവിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച് തദ്ദേശസ്വയംഭരണ വകുപ്പുമായി സഹകരിച്ചായിരിക്കും ഗുണഭോക്താക്കളെ/കൃഷിയിടങ്ങളെ തെരഞ്ഞെടുക്കുക. കൃഷിയിടയൂണിറ്റുകള്‍ കണ്ടെത്തുമ്പോള്‍ തദ്ദേശസ്വയംഭരണ പദ്ധതികളും സംസ്ഥാന പദ്ധതിയുമായി സംയോജിപ്പിച്ചു പ്രവര്‍ത്തനങ്ങള്‍ നടത്തി കൃഷിയിടത്തിന്റെ സമഗ്ര വികസനം കൊണ്ടു വരുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഈ പദ്ധതിയുടെ ഗുണഭോക്താക്കളില്‍ 50 ശതമാനം വനിതകളായിരിക്കുമെന്ന് വിഭാവനം ചെയ്യുന്നു.
അനുയോജ്യമായ രീതിയിലുള്ള വിളകളുടെ മിശ്രണവും കന്നുകാലി, മത്സ്യബന്ധനം എന്നീ പ്രവര്‍ത്തികളും കൂടി സംയോജിപ്പിച്ചുകൊണ്ടും  കൃഷി ഓഫീസര്‍ ബ്ലോക്കുതല കൃഷി വിജ്ഞാനകേന്ദ്രങ്ങളുമായി ഏകോപിപ്പിച്ച് തയ്യാറാക്കുന്ന ഫാം പ്ലാന്‍, ഓരോ തുണ്ടു ഭൂമിയില്‍ നിന്നും വരുമാനം വര്‍ദ്ധിപ്പിക്കുന്ന തരത്തിലായിരിക്കണം. മെച്ചപ്പെട്ട പരിപാലന പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുന്നതും ഇതിലൂടെ പ്രോത്സാഹിപ്പിക്കും.

               കൃഷിയിടങ്ങളില്‍ നിന്നും മണ്ണു സാമ്പിളുകള്‍ ശേഖരിച്ച് മണ്ണിന്റെ ഫലപുഷ്ടി നിര്‍ണ്ണയിക്കുകയും മണ്ണു പരിശോധനാധിഷ്ഠിത പരിപാലന പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുന്നതിനായി സോയില്‍  ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്യും. കൃഷിയിടങ്ങള്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നതിനായി 50.00 ലക്ഷം രൂപ വകയിരുത്തുന്നു. കെ.എ.യു, സംസ്ഥാന യന്ത്രവല്‍കൃത മിഷന്‍ എന്നിവയുള്‍പ്പെടെ ബഹുമുഖ പങ്കാളിത്തത്തോടെ സംസ്ഥാനമൊട്ടാകെ ചെറുകിട യന്ത്രവല്‍ക്കരണം പദ്ധതിയടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിനായി 50.00 ലക്ഷം രൂപ വകയിരുത്തുന്നു.

                കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് മുഖേന വായ്പ സൗകര്യം തരപ്പെടുത്തുന്നതുള്‍പ്പെടെ ഉല്പാദന പ്രവര്‍ത്തനങ്ങളും ഉല്പാദനപൂര്‍വ്വ പ്രവര്‍ത്തനങ്ങളും പിന്തുണയ്ക്കുന്നതിനായി കൃഷിവകുപ്പ് ഉചിതമായ ക്രമീകരണങ്ങള്‍ തയ്യാറാക്കുന്നതായിരിക്കും. ഈ പദ്ധതിയുടെ ഭാഗമായിട്ടുള്ള കൃഷിഭവനുകള്‍, സഹകരണ സംഘങ്ങള്‍, (നിവേശങ്ങള്‍ എത്തിച്ചു നല്‍കുന്നതിനും വായ്പാ പിന്തുണയ്ക്കും) എന്നിവയെ സാങ്കേതികവിദ്യാ സംയോജനത്തിലൂടെ ഏകജാലക സംവിധാനത്തില്‍ ഏകോപിപ്പിക്കുന്നതായിരിക്കും. മത്സ്യബന്ധന, മൃഗസംരക്ഷണ വകുപ്പിന്റെ പിന്തുണയും ഇതിനുണ്ടാകും. അഗ്രോ സര്‍വ്വീസ് സെന്ററുകള്‍, കാര്‍ഷിക കര്‍മ്മസേനകള്‍ എന്നിവയിലൂടെ ലഭ്യമായ സേവനങ്ങള്‍ കാര്യക്ഷമമായി ഉപയോഗിക്കും. കര്‍ഷകര്‍ക്കുള്ള പിന്തുണ സാധനങ്ങളായിട്ടായിരിക്കും നല്‍കുക. രൊക്കം പണമായിട്ടുള്ള സഹായം നല്‍കുന്നതല്ല. ഫാം പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഓരോ വിളയ്ക്കും/അഥവാ ഓരോ ഘടകത്തിനും പിന്തുണ നല്‍കേണ്ട മാതൃക, വിദഗ്ദ്ധ സമിതിയുമായി ആലോചിച്ച്  കൃഷിവകുപ്പ് തീരുമാനിക്കും. സംസ്ഥാന പദ്ധതിയില്‍ നിവേശങ്ങള്‍, സേവനങ്ങള്‍ എന്നിവയിലുള്ള പിന്തുണ കൃഷിഭവനുകള്‍ കൂടാതെ സഹകരണ സംഘങ്ങള്‍, കാര്‍ഷിക കര്‍മ്മ സേനകള്‍, അഗ്രോ സര്‍വ്വീസ് സെന്ററുകള്‍ എന്നിവയില്‍ നിന്നും ലഭിക്കും. ക്യാഷ് സബ് സിഡിയോ, രൊക്കം പണമായിട്ടുള്ള സഹായമോ ഈ പദ്ധതിയിലൂടെ നല്‍കുന്നതല്ല.

          മാതൃകാ ഫാമുകള്‍ വികസിപ്പിക്കുന്നതിനായി 2024-25 വര്‍ഷത്തില്‍ ഉല്പാദനപൂര്‍വ്വ പ്രവര്‍ത്തന പിന്തുണ കൂടാതെ നിവേശങ്ങള്‍, സേവനങ്ങള്‍ എന്ന രീതിയില്‍ ഉല്പാദന പ്രവര്‍ത്തനങ്ങള്‍ക്കുമായി 1000.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. ഈ പദ്ധതിയുടെ ഭാഗമായി ഇതിനകം സ്ഥാപിച്ചിട്ടുള്ള തെരഞ്ഞെടുക്കപ്പെട്ട ഫാം യൂണിറ്റുകളെ പിന്തുണയ്ക്കും. ഇത്തരം ഫാമുകള്‍ തെരഞ്ഞെടുക്കുന്നത് തദ്ദേശസ്വയംഭരണ വകുപ്പുമായി കൂടിയാലോചിച്ചും കര്‍ശനമായ മൂല്യനിര്‍ണ്ണയ മാനദണ്ഡങ്ങള്‍ പാലിച്ചുകൊ  ണ്ടുമായിരിക്കും. കൃഷി ഓഫീസര്‍ തദ്ദേശസ്വയംഭരണ പ്രതിനിധികളുമായി കൂടിയാലോചിച്ച് കര്‍ശനമായ മൂല്യനിര്‍ണ്ണയ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ചുരുക്ക പട്ടികയില്‍ നിന്നും ഫാം യൂണിറ്റുകളുടെ അന്തിമ തെരഞ്ഞെടുപ്പ് നടത്തും. ഈ സമീപനത്തില്‍ സ്ഥാപിതമായ ഒരേ കൃഷിയിടത്തിന് ആകെ രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ പിന്തുണ നല്‍കുന്നതല്ല. 2023-24 കാലയളവിൽ വികസിപ്പിച്ച ഫാം യൂണിറ്റുകൾക്കു മാത്രമേ പിന്തുണയ്ക്ക് അര്‍ഹതയുണ്ടാകുകയുള്ളൂ. കൃഷിയിടാസൂത്രണാധിഷ്ഠിത സമീപനത്തില്‍ സ്ഥാപിച്ച കൃഷിയിടങ്ങളുടെ മൂല്യനിര്‍ണ്ണയത്തിനായി കാര്‍ഷിക സര്‍വ്വകലാശാല വിജ്ഞാനവ്യാപന ഡയറക്ടര്‍ വികസിപ്പിച്ച പ്രഫോര്‍മയുടെ അടിസ്ഥാനത്തില്‍ കൃഷിയിടങ്ങളുടെ മൂല്യ നിര്‍ണ്ണയം കൃത്യമായി നടപ്പിലാക്കുകയും അതിന്റെ റിപ്പോര്‍ട്ട്  നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ കൃത്യമായി സമര്‍പ്പിക്കുകയും ചെയ്യും.
ഓരോ പഞ്ചായത്തിലും 2024-25 കാലയളവില്‍ കുറഞ്ഞത് 15 പുതിയ ഫാം യൂണിറ്റുകള്‍ വികസിപ്പിക്കും. ഈ പദ്ധതിക്ക് കീഴില്‍ വികസിപ്പിച്ച എല്ലാ ഫാം യൂണിറ്റുകളും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങളുടെ ഡാറ്റാബേസ് ജിയോ ടാഗ് ചെയ്തിരിക്കുന്നു എന്ന കര്‍ശന വ്യവസ്ഥയ്ക്ക് വിധേ യമായിട്ടായിരിക്കും തെരഞ്ഞെ ടുക്കുക. ഈ വ്യവസ്ഥ ഭരണവകുപ്പ് നല്‍കുന്ന ഭരണാനുമതിയുടെ ഭാഗമായിരിക്കും.

               ഫീല്‍ഡ്തല ജോലികള്‍ക്കായി ബന്ധപ്പെട്ട പ്രവര്‍ത്തന മേഖലകളില്‍ പദ്ധതി നിര്‍ദ്ദിഷ്ട സ്റ്റാഫ് ഉള്‍പ്പെടെയുള്ള സാങ്കേതിക വ്യക്തികളെ വകുപ്പ് ഉചിതമായി വിന്യസിപ്പിക്കും. ഉദാഹരണത്തിന് വിള ആരോഗ്യപരിപാലന പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന പെസ്റ്റ് സ്കൗട്ടുകളെ ഒരു നിര്‍ദ്ദിഷ്ട ബ്ലോക്കിനു കീഴില്‍ വരുന്ന പഞ്ചായത്തുകളിലെ ജോലികളില്‍  വിന്യസിക്കുകയും അവര്‍ കൃഷിയിടാസൂത്രണാധിഷ്ഠിത വികസന യൂണിറ്റുകളില്‍ കൃത്യമായ ഇടവേ ളകളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്യും.