14. ലബോറട്ടറികളുടെ ആധുനീകരണം
H/A: 2401-00-105-86Rs. 420.00 ലക്ഷം

കാര്‍ഷിക സമൂഹത്തിനുവേണ്ടി കൃഷി വകുപ്പ് നല്‍കി വരുന്ന പ്രധാന സേവനങ്ങള്‍ ഫലഭൂയിഷ്ഠത കണക്കാക്കുന്നതിനായുള്ള മണ്ണ് പരിശോധന, വളങ്ങളുടെ പരിശോധന (അജൈവ - ജൈവ വളങ്ങളും ജീവാണു വളങ്ങളും ഉള്‍പ്പെടെ) കീടനാശിനി പരിശോധന, ഉല്പാദനോപാധികളുടെ ഗുണമേന്മ പരിശോധിക്കുന്നതിനായി വിത്ത് പരിശോധന എന്നിവയാണ്. ഉല്‍പ്പാദനത്തെയും ഉല്‍പ്പാദനക്ഷമതയെയും വളരെയധികം ബാധിക്കുന്ന ഘടകങ്ങളാണിവ.
മണ്ണ്, വളം, കീടനാശിനി, വിത്ത് എന്നിവയുടെ സാമ്പിളുകള്‍ വിശകലനം ചെയ്യുന്ന ഇപ്പോഴത്തെ ലാബുകള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥാപിച്ചതാണ്. ഈ ലാബുകളില്‍ ലഭ്യമായ മിക്ക സാമഗ്രികളും വളരെ പഴയതും കാലപ്പഴക്കം ചെന്നവയുമാണ്. ഇവ വേഗതയോടും കൃത്യവുമായ പരിശോധനാ ഫലങ്ങള്‍ നല്‍കുവാന്‍ പര്യാപ്തമല്ല.
തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ഓരോ പഞ്ചായത്തിലും കര്‍ഷകര്‍ക്ക് മണ്ണ് പരിശോധനാ സേവനം ലഭ്യമാക്കണം. മണ്ണിന്റെ ആരോഗ്യപരിപാലനവും മണ്ണിന്റെ ആരോഗ്യ സംരംഭവുമായി പരിപാടിയുടെ നടത്തിപ്പ് സംയോജിപ്പിക്കും. കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ക്കു കീഴിലുള്ള മൊബൈല്‍ മണ്ണ് പരിശോധന ലാബുകളും മറ്റ് ലാബുകളും ഈ പദ്ധതിയുടെ നടപ്പാക്കലില്‍ സംയോജിപ്പിക്കും.
മണ്ണ് പരിശോധന നടത്തി, കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്യും. കൃഷിവകുപ്പില്‍ നിലവിലുള്ള “സോയില്‍ ഫെര്‍ട്ടിലിറ്റി പോര്‍ട്ടല്‍” പരിഷ്കരിക്കുകയും പരിപാലിക്കുകയും ചെയ്യും. കൂടാതെ പോര്‍ട്ടലിന്റെ പ്രയോജനം കര്‍ഷകരിലെത്തിയ്ക്കം. മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ്, വി.എഫ്.പി.സി.കെ, കേരള കാര്‍ഷിക സര്‍വ്വകലാശാല എന്നീ സ്ഥാപനങ്ങളുടെ മണ്ണ് പരിശോധനാ പ്രവര്‍ത്തനങ്ങളുടെ സംയോജനം ഉറപ്പാക്കും.
കൃഷിയിടത്തില്‍ നിന്നും ശേഖരിച്ച മണ്ണ് സാമ്പിളുകളുടെ വിശകലന ഫലങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും കര്‍ഷകര്‍ക്ക് ഉല്പാദനോപാധികള്‍ വിതരണം ചെയ്യുക.
ലബോറട്ടറികള്‍ ശക്തിപ്പെടുത്തുന്നതിനും ഗുണനിലവാര നിയന്ത്രണ നിര്‍വ്വഹണ വിഭാഗത്തിന്റെ പ്രവര്‍ത്തനത്തിനും എസ്.ബി.സി.എല്‍ മണ്ണൂത്തിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ജൈവനിയന്ത്രണകാരികളുടെ രജിസ്ട്രേഷന്‍ ലബോറട്ടറികളുടെ അക്രഡിറ്റേഷനുമായി 420.00 ലക്ഷം രൂപ വകയിരുത്തുന്നു.
ലബോറട്ടറികളുടെ ശാക്തീകരണത്തിനു 270.00 ലക്ഷം രൂപ വകയിരുത്തുന്നു. മണ്ണ് പരിശോധന, രാസവസ്തുക്കള്‍, സ്ഫടിക സാധനങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനും ലബോറട്ടറിയുടെ അടിസ്ഥാന സൌകര്യ വികസനത്തിനുമായി നീക്കി വച്ചിട്ടുള്ള 100.00 ലക്ഷം രൂപയും ഇതിലുള്‍പ്പെടും. ബയോടെക്നോളജി മോഡല്‍ ഫ്ലോറികള്‍ച്ചര്‍ സെന്ററിന്റെ (ബി.എം.എഫ്.സി) ശാക്തീകരണത്തിന് 75.00 ലക്ഷം രൂപ വകയിരുത്തുന്നു. പതിനഞ്ച് ലക്ഷം ടിഷ്യൂക്കള്‍ച്ചര്‍ ചെടികളുടെ ഉല്പാദനത്തിന് സജ്ജമാക്കുന്ന തരത്തില്‍ ബി.എം.എഫ്.സി യെ ശക്തിപ്പെടുത്തുകയും കൂടുതല്‍ വിപുലീകരിക്കാനുള്ള സാധ്യത പരിശോധിക്കുകയും ചെയ്യും. റിവോള്‍വിംഗ് ഫണ്ട് പ്രവര്‍ത്തനക്ഷമമാക്കും. തൃശ്ശൂര്‍ മണ്ണുത്തിയിലെ സംസ്ഥാന ബയോകണ്‍ട്രോള്‍ ലബോറട്ടറി ശക്തിപ്പെടുത്തുന്നതിന് 75.00 ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ട്. ഇതില്‍ 10.00 ലക്ഷം രൂപ പട്ടാമ്പിയിലെ ജൈവകീടനാശിനി, ജൈവവള ഗുണനിലവാര നിയന്ത്രണ ലാബിനായി വകയിരുത്തുന്നു. പ്രവര്‍ത്തന ചെലവിനും അവശ്യ സന്ദര്‍ഭങ്ങളില്‍ വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുന്നതിനും 20.00 ലക്ഷം രൂപ വകയിരുത്തുന്നു എന്നാല്‍ വാഹനം വാങ്ങുന്നതിന് പദ്ധതി തുക വിനിയോഗിക്കാന്‍ പാടില്ല.
കൃഷി വകുപ്പിന്റെ ഗുണനിലവാര നിയന്ത്രണ നിര്‍വ്വഹണ വിഭാഗത്തിന്റെ പ്രവര്‍ത്തന ചെലവിന് 75.00 ലക്ഷം രൂപ വകയിരുത്തുന്നു.
കൃഷി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറി കള്‍ക്ക് എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ ലഭിക്കുന്നതിന് 25.00 ലക്ഷം രൂപ വകയിരുത്തുന്നു.
എസ്.ബി.സി.എല്‍, മണ്ണൂത്തിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ജൈവനിയന്ത്രണ കാരികളുടെ സി.ഐ.ബി, ആര്‍.സി രജിസ്ടേഷനുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കായി 50.00 ലക്ഷം രൂപ വകയിരുത്തുന്നു.