5. നാളികേര വികസനം

H/A: 2401-00-103-87 Rs. 6895.00 ലക്ഷം

         ഉയര്‍ന്ന ഉല്പാദനക്ഷമതയുള്ള ഇനങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിലൂടെയും മെച്ചപ്പെട്ട പരിപാലന രീതികള്‍ നടപ്പിലാക്കുന്നതിലൂടെയും നാളികേരത്തിന്റെ ഉല്പാദനവും ഉല്പാനക്ഷമതയും വര്‍ദ്ധിപ്പിക്കുക എന്നതാണ് നാളികേര വികസന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2023-24 ല്‍ ഈ പദ്ധതിയ്ക്കായി താഴെ പറയുന്ന ഘടകങ്ങള്‍ക്ക് 6895.00 ലക്ഷം രൂപ വകയിരുത്തുന്നു.

നിലവിലുള്ളതും പുതിയതുമായ തെങ്ങുകള്‍ക്ക് ശാസ്ത്രീയ പരിപാലന മാര്‍ഗ്ഗങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുക ഉള്‍പ്പെടെ മണ്ണ് പരിശോധന അടിസ്ഥാനമാക്കിയുള്ള വളപ്രയോഗം, ജലസേചനം, രോഗകീടപരിപാലനം, തെങ്ങിന്‍തോട്ടങ്ങള്‍ ബഹുവിള കൃഷി സമ്പ്രദായം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നു.

            2023-24 ല്‍ നാളികേരമിഷന്റെ പ്രവര്‍ത്തനങ്ങളിലൂടെ തെങ്ങുകളുടെ പുനരുദ്ധാരണത്തിനും പുനസ്ഥാപനത്തിനുമായി സമഗ്രമായ നടീല്‍ പരിപാടികളും പുനരുജ്ജീവന പരിപാടികളും നടപ്പിലാക്കും. പുതിയതും നിലവിലുള്ളതുമായ തെങ്ങിന്‍ തോട്ടങ്ങളില്‍ പ്രധാന നടീല്‍ സമയമായ 2023 ജൂണ്‍, ജൂലൈ മാസത്തില്‍ കേരരക്ഷാവാരമായി നടപ്പിലാക്കുകയും ഈ പരിപാടിയില്‍ സംസ്ഥാനത്തെ ആരോഗ്യമുള്ളതും ഉലാപാദനക്ഷമതയുള്ളതുമായി മുഴുവന്‍ തെങ്ങുകളിലും തടം തുറക്കുക, കുമ്മായ പ്രയോഗത്തിനുമൊപ്പം തെങ്ങിന്റെ കടഭാഗം വ്യത്തിയാക്കുക, മണ്ണ് പരിശോധന അടിസ്ഥാനമാക്കിയുള്ള  സംയോജിത പോഷകപരിപാലനം, സംയോജിത കീടരോഗ പരിപാലനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മിഷന്‍ അടിസ്ഥാനത്തില്‍ നടപ്പിലാക്കും. തെങ്ങിന്‍ തടങ്ങളില്‍ പച്ചിലവളപ്രയോഗവും, ജൈവനിയന്ത്രണകാരികളുടെ പ്രയോഗവും പ്രോത്സാഹിപ്പിക്കും. സൂക്ഷ്മ ദ്വിതീയ മൂലകപ്രയോഗവും മണ്ണ്പരിശോധന അടിസ്ഥാനമാക്കി പിന്തുണയ്ക്കും. കേരഗ്രാമം പ്രവര്‍ത്തനങ്ങളുടെ സംയോജനത്തോടെയായിരിക്കും ഈ പരിപാടികള്‍ നടപ്പിലാക്കുക. ഇതിനായി നീക്കി വച്ചിരിക്കുന്ന തുകയുടെ ഫലപ്രദമായ വിനിയോഗം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ സാധ്യമാകുന്നിടത്തെല്ലാം സാധനങ്ങളായിട്ടായിരിക്കും സഹായം നല്‍കുക. എല്ലാ പ്രവര്‍ത്തനങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പ് എം.എന്‍.ആര്‍.ഇ.ജി എസ് എന്നിവയുടെ പിന്തുണയോടെ നടത്തും. തൊഴിലാളികളുടെ ക്ഷാമം മറികടക്കുന്നതിനായി യന്ത്രവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കുന്നതിന് കാര്‍ഷിക കര്‍മ്മസേനയുടെ കാര്യക്ഷമമായ വിനിയോഗത്തിനും ശ്രദ്ധ കേന്ദ്രീകരിക്കും. അഗ്രോ സര്‍വ്വീസ് സെന്‍ററുകള്‍, കാര്‍ഷിക കര്‍മ്മസേന, കസ്റ്റം ഹയറിംഗ് സെന്‍റര്‍ എന്നിവയിലൂടെയുള്ള അഗ്രോ മെഷീനറി, ഉല്പാദനോപാധികള്‍, തൊഴിലാളികള്‍ തുടങ്ങിയ സൌകര്യങ്ങള്‍ പ്രയോജനപ്പെടുത്തും. കേരഗ്രാമത്തിന്റെ രണ്ടും മൂന്നും വര്‍ഷങ്ങളിലെ സഹായം തെരെഞ്ഞെടുക്കപ്പെട്ട ഘടകങ്ങള്‍ക്ക് മാത്രമായിരിക്കും. ആറളം ഫാമില്‍ തെങ്ങിന്‍തൈ ഉല്‍പാദനത്തിനായുള്ള നാലാം വര്‍ഷ ധനസഹായവും ഇതില്‍ ഉള്‍പ്പെടുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്കായി 4295.00 ലക്ഷം രൂപ നീക്കിവച്ചിരിക്കുന്നു.

            നാളികേര മിഷന്റെ ഭാഗമായി പുതിയ തൈകള്‍ നട്ടും നിലവിലുള്ളവ പരിപാലിച്ചും നാളികേര സമ്പത്ത് വര്‍ദ്ധിപ്പിക്കുക, കൂടാതെ നാളികേരത്തിന്റെ  ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുക, വ്യവസായവുമായി ബന്ധിപ്പിക്കുക എന്നിവ ലക്ഷ്യമിടുന്നു. കെ.എ.യു, സി.ഡി.ബി, സി.പി.സി.ആര്‍.ഐ, എഫ്.പി.ഒ കള്‍, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ എന്നിവയുടെ സഹായത്തോടെ ഓരോ വാര്‍ഡിലും ഓരോ വര്‍ഷവും 75 തെങ്ങിന്‍ തൈകള്‍ നട്ടുപിടിപ്പിക്കേണ്ട ആവശ്യകതയുണ്ട്. കാര്‍ഷിക സര്‍വ്വകലാശാലയിലുല്പാദിപ്പിക്കുന്ന 25 ശതമാനം തെങ്ങിന്‍ തൈകള്‍ സര്‍വ്വകലാശാലയിലൂടെ വിതരണം ചെയ്യും. പ്രായം ചെന്നതും ഉല്പാദനക്ഷമതയില്ലാത്തതും അസുഖം ബാധിച്ചതുമായ തെങ്ങുകള്‍ മുറിച്ചു മാറ്റുക, ഉയര്‍ന്ന ഉല്പാദമക്ഷമതയുള്ളതും പൊക്കം കുറഞ്ഞതുമായ തൈകള്‍ വച്ചു പിടിപ്പിക്കു, സംയോജിത പരിപാലന രീതികളിലൂടെ നിലവിലുള്ള തെങ്ങിന്‍തോപ്പുകളെ പുനരുജ്ജീവിപ്പിക്കുക, വിത്തുതേങ്ങ വിതരണം ഉറപ്പാക്കുക എന്നീ പരിപാടികള്‍ നാളികേര മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പ്രധാന ഘടകങ്ങളാണ്.

കൂടുതൽ വായിക്കുക….

ഡിപ്പാര്‍ട്ടുമെന്റ് ഫാമുകളിലൂടെ വിത്തുതേങ്ങാ സംഭരണത്തിനും തെങ്ങിതൈ ഉല്പാദനത്തിനും വിതരണത്തിനുമായി 2500.00 ലക്ഷം രൂപ വകയിരുത്തുന്നു.

             സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന നാളികേര ഉല്പാദക കമ്പനികള്‍ (സി.പി.സി) അടിസ്ഥാന സൌകര്യവികസനത്തിനായി ഉയര്‍ന്ന പലിശ നിരക്കില്‍ വിവിധ സ്ഥാപന സ്രോതസ്സുകളില്‍ നിന്ന് വായ്പ എടുത്തിരുന്നു. മഹാമാരി പോലെയുള്ള വിവിധ കാരണങ്ങള്‍ നിമിത്തം ബിസിനസ്സ് കുറഞ്ഞതിനാല്‍ ഈ കമ്പനികള്‍ക്ക് വായ്പ തിരിച്ചടയ്ക്കാന്‍ കഴിഞ്ഞില്ല. ഇത് അവരുടെ ക്രെഡിറ്റ് യോഗ്യത മെച്ചപ്പെടുത്തുന്നതിന് തടസ്സമായി നില്‍ക്കുകയും ചെയ്യുന്നു. 2023-24 വര്‍ഷത്തില്‍ സി.പി.സി കളുടെ പലിശ ഭാരം കുറയ്ക്കുന്നതിനും ലാഭകരമായി കമ്പനികളെ ബിസിനസ്സിലേയ്ക്ക് തിരികെകൊണ്ടുവരുന്നതിനുമുള്ള ധനസഹായത്തിനായി ഒരു പുതിയ ഘടകം ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ ഘടകത്തിനായി 100.00 ലക്ഷം രൂപ വകയിരുത്തുന്നു. പ്രബലവും പ്രവര്‍ത്തനക്ഷമവുമായിട്ടുള്ള സി.പി.സി കള്‍ക്ക് ബാന്‍സ് ഷീറ്റ് അനുസരിച്ച് മാത്രമേ ബജറ്റില്‍ നിന്നുള്ള പലിശ സബ്സിഡി സഹായത്തിന് അര്‍ഹതയുണ്ടാകുകയുള്ളൂ. കളിഞ്ഞ മൂന്നു വര്‍ഷത്തെ ബാന്‍സ് ഷീറ്റ്, ബിസിനസ്സിന്റെ വ്യപ്തി എന്നിവയിലൂടെ പ്രവര്‍ത്തന നിലവാരം വിലയിരുത്തികൊണ്ടും കടമെടുത്തതിന്റെയും തിരിച്ചടവിന്റെയും ചരിത്രം, ബോര്‍ഡിന്‍റെ ഫലപ്രാപ്തി, ലെന്‍ഡറില്‍ (വായ്പ നല്‍കിയ സ്ഥാപനം) നിന്ന് നേരിട്ട് ലഭിച്ച സാമ്പത്തിക സ്റ്റേറ്റ്മെന്റ് തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവര്‍ത്തനക്ഷമത വിലയിരുത്തുക.

         അര്‍ഹമായ സഹായവും പ്രവര്‍ത്തനക്ഷമതയും, തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോര്‍ഡുള്ള വിദഗ്ധ സംഘത്തിന്റെ സഹായത്തോടെ കൃഷി വകുപ്പ് വിലയിരുത്തും. നിലവിലുള്ള കരാര്‍ പ്രകാരമുള്ള  വായ്പയുടെ പലിശ നിരക്കിലും അഗ്രി ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിനു കീഴിലുള്ള നിലവിലെ പലിശനിരക്കും തമ്മിലുള്ള വ്യത്യാസത്തിന് തുല്യമോ അതില്‍ കുറവോ ആയിരിക്കും ഈ സഹായം. ഒരു സാഹചര്യത്തിലും പിഴപലിശ നിരക്ക്/ചാര്‍ജ്ജുകള്‍/മറ്റുബാങ്ക് ചാര്‍ജ്ജുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടില്ല. ഓരോ സി.പി.സി യ്ക്കും മൂല്യനിര്‍ണ്ണയ സംഘം ശുപാര്‍ശ ചെയ്യുന്ന തുക കാര്‍ഷികോല്പാദന കമ്മീഷണറുടെ അദ്ധ്യക്ഷതയിലുള്ള സമിതി സൂക്ഷ്മമായി പരിശോധിക്കും. സെക്രട്ടറി (കൃഷി), സെക്രട്ടറി (വ്യവസായം). എം ഡി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, ചീഫ് ജനറല്‍ മാനേജര്‍, നബാര്‍ഡ്, നാളികേരവികസന ബോര്‍ഡ് ചെയര്‍പേഴ്സണ്‍ എന്നിവരടങ്ങുന്നതായിരിക്കും സമിതിയിലെ അംഗങ്ങള്‍. സമിതിയുടെ അംഗീകാരം ലഭിച്ചാലുടന്‍ സമഗ്രമായ പ്രൊപ്പോസല്‍ വകുപ്പുതല വര്‍ക്കിംഗ് ഗ്രൂപ്പിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും. അംഗീകാരത്തിനുശേഷം, ധനകാര്യ ഏജന്‍സിയില്‍ സി.പി.സി യുടെ കുടിശ്ശിഖയുള്ള ലോണ്‍ അക്കൌണ്ടിലേയ്ക്ക് തുക നേരിട്ട് ക്രെഡിറ്റ് ചെയ്യേണ്ടതാണ്. പ്രൈവറ്റ് ബാങ്കുകള്‍, പ്രൈവറ്റ് ടെണ്ടര്‍, എന്‍.ബി.എഫ്.സി എന്നിവ മുഖേന എടുത്തിട്ടുള്ള വായ്പകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നതിന് അര്‍ഹമല്ല. ഈ യൂണിറ്റുകളുടെ പുനരുജ്ജീവനത്തിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശ സംവിധാനമായും ഈ സമിതി ഭാവിയില്‍ പ്രവര്‍ത്തിക്കും.