19. ഫാം യന്ത്രവല്‍ക്കരണത്തിനുള്ള സഹായം

H/A: 2401-00-113-83 H/A: 4401-00-113-98 Rs. 1695.00 ലക്ഷം

        വിളകളുടേയും ഉല്പന്നങ്ങളുടേയും ശാസ്ത്രീയ പരിപാലനത്തില്‍ ഫാം യന്ത്രവല്‍ക്കരണത്തിന് പ്രാധാന്യമേറുന്നു. യന്ത്രവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ കാര്‍ഷിക സേവന കേന്ദ്രങ്ങള്‍, കാര്‍ഷിക കര്‍മ്മസേനകള്‍, കസ്റ്റം ഹയറിംഗ് സെന്ററുകള്‍ എന്നിവ ശക്തിപ്പെടുത്തി സേവനപ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ച് ഒറ്റ കേന്ദ്രത്തിലൂടെ നല്‍കുന്നതിനും തൊഴിലാളി ക്ഷാമം കുറയ്ക്കുന്നതിനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. കൂടാതെ ഇവയെ സംയോജിപ്പിച്ച് കാര്‍ഷിക മേഖലയിലെ സ്വയംസഹായ ഗ്രൂപ്പുകളായി (കൃഷിശ്രീ സെന്ററുകള്‍) വികസിപ്പിക്കുന്നതിനും എല്ലാ സേവനങ്ങളും ഏകജാലക സംവിധാനത്തിലൂടെ നല്‍കുന്നതിനും വിഭാവനം ചെയ്യുന്നു. കേരള സംസ്ഥാന കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന്റെ(കെ.എസ്.എ.എം.എം) ഏകോപനത്തില്‍ പ്രോജക്ട് അടിസ്ഥാനത്തില്‍ ഇത് നടപ്പിലാക്കും.

2024-25 ല്‍ ഈ പദ്ധതിയ്ക്ക് വകയിരുത്തിയിട്ടുള്ള 1695.00 ലക്ഷം രൂപയുടെ ഘടകങ്ങള്‍ തിരിച്ചുള്ള വിഹിതം താഴെ കൊടുത്തിരിക്കുന്നു.

       2024-25 കാലയളവില്‍ കോര്‍പ്പറേഷനിലും, മുന്‍സിപ്പാലിറ്റിയിലും  ഉള്‍പ്പെടെ പുതിയ. കൃഷിശ്രീ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. കാര്‍ഷിക കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി അവയെ ശക്തിപ്പെടുത്തും. ഇതിനായി ഓരോ കേന്ദ്രങ്ങളുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ വര്‍ക്കിംഗ് ഗ്രൂപ്പില്‍ സമര്‍പ്പിക്കും. പുതിയ കൃഷിശ്രീ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനും, കാര്‍ഷിക കര്‍മ്മസേനകളുടെ ശാക്തീകരണത്തിനുമായി 800.00 ലക്ഷം രൂപ വകയിരുത്തുന്നു.

       വരും വര്‍ഷങ്ങളില്‍ കാര്യക്ഷമവും ലാഭകരവുമായ പ്രവര്‍ത്തനത്തിനും സ്വയംപര്യാപ്തത കൈവരിക്കുന്നതിനും വേണ്ടി ഓരോ യൂണിറ്റിനും ബിസിനസ്സ് പ്ലാന്‍ തയ്യാറാക്കും. ഒരു യൂണിറ്റിന് 5.00 ലക്ഷം രൂപ വരുമാനം ലഭിക്കുന്ന ഒരു ബിസിനസ്സ് പ്ലാന്‍ ഉണ്ടായിരിക്കും. യൂണിറ്റുകളുടെ പ്രകടനം വിശകലനം ചെയ്തതിനു ശേഷമായിരിക്കും സഹായം നല്‍കുന്നത്.

         കാര്‍ഷിക കര്‍മ്മ സേനയുടേയും കാര്‍ഷിക സേവന കേന്ദ്രങ്ങളിലേയും പുതുതായി ആരംഭിക്കുന്ന കൃഷിശ്രീ യൂണിറ്റുകളുലേയും രജിസ്റ്റര്‍ ചെയ്തിട്ടുള്ള അംഗങ്ങള്‍ക്ക് അപകട ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനായി ഗുണഭോക്തൃ വിഹിതം ഉള്‍പ്പെടുത്തികൊണ്ട് ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്ന് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പരിപാടി നടപ്പിലാക്കും. ഇതിനുള്ള പ്രീമിയം തുക ഒടുക്കുന്നതിനായി 20.00 ലക്ഷം രൂപ വകയിരുത്തുന്നു.

കാണുക..

        കര്‍ഷകര്‍ക്ക് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനായി കാര്യക്ഷമമായ യന്ത്രവല്‍ക്കരണ അന്തരീക്ഷം സാധ്യമാക്കുന്നതിന് കെ.എസ്.എ.എം.എം ന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കെ.എസ്.എ.എം.എം ന്റെ പ്രവര്‍ത്തന ചെലവുകള്‍ക്കായി 200.00 ലക്ഷം രൂപ വകയിരുത്തുന്നു. കാര്‍ഷിക സേവന കേന്ദ്രം, കാര്‍ഷിക കര്‍മ്മ സേന, കസ്റ്റം ഹയറിംഗ് സെന്റ്ര്‍ എന്നിവ കൂടാതെ വിവിധ പദ്ധതികളില്‍ വിതരണം ചെയ്തതും പഞ്ചായത്തുകളില്‍ ലഭ്യമായതുമായ കാര്‍ഷിക യന്ത്രങ്ങളുടെ ആസ്തി വിവര പട്ടിക പൂര്‍ത്തീകരിക്കുക, കൃഷിഭവന്‍ തലത്തില്‍ കാര്‍ഷിക യന്ത്രങ്ങളുടെ രജിസ്റ്റര്‍ തയ്യാറാക്കുകയും അതിന്റെ നാളിതീകരണ പ്രവര്‍ത്തനങ്ങളും മിഷനിലൂടെ നടപ്പിലാക്കും. അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനക്ഷമമാക്കാവുന്ന യന്ത്രങ്ങളുടെ ആസ്തി വിവര പട്ടികയും ഇതില്‍ ഉള്‍പ്പെടും. കാര്‍ഷിക യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് ഈ ഡേറ്റാ ബേസ് സഹായകമാകും. കാര്‍ഷിക പ്രവര്‍ത്തനങ്ങളെ കൃഷിശ്രീ യൂണിറ്റുകള്‍ മുഖേന ഏകോപിപ്പിച്ച് നടപ്പിലാക്കുക, അവയെ സ്വയംപര്യാപ്തതയിലേയ്ക്ക് കൊണ്ടുവരുന്നതിനായി ബിസിനസ്സ് പ്ലാന്‍ ആശയം കൊണ്ടുവരിക, ജില്ല-സംസ്ഥാനതലത്തിലുള്ള നിരീക്ഷണം തുടങ്ങിയവ മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. കാര്‍ഷിക സേവന കേന്ദ്രങ്ങളുടേയും  കാര്‍ഷിക കര്‍മ്മസേനയുടേയും സേവന ദാതാക്കള്‍ക്ക് കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുള്ള പരിശീലനവും നൈപുണ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിശീലനവും മിഷന്‍ മുഖേന നടത്തും. വകുപ്പിന്റെ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ സമാന പ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിച്ച് കൃഷി ഡയറക്ടറുടെ മേല്‍ നോട്ടത്തിലായിരിക്കും മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക.

           വിദ്യാ സമ്പന്നരായ യുവാക്കള്‍ക്ക് അവസരം ഒരുക്കുക, സര്‍ക്കാര്‍ പരിപാടികള്‍ മികച്ച രീതിയില്‍ നടപ്പിലാക്കുന്നതിന് താഴേത്തട്ടില്‍ സേവനം ലഭ്യമാക്കുക എന്നീ ഇരട്ട ലക്ഷ്യത്തോടെ 2024-05 വര്‍ഷം കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം നടപ്പിലാക്കും.കാര്‍ഷിക /ജൈവ കൃഷിയില്‍ അവസാനവര്‍ഷ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളേയും, വി.എച്ച്.എസ്.ഇ സര്‍ട്ടിഫിക്കറ്റ് ഉടമകളേയും പ്രതിമാസം 2500/- രൂപ ഇന്‍സെന്റീവോടെ ആറുമാസത്തേയ്ക്ക് ജോലിയില്‍ ഏര്‍പ്പെടുത്തുവാന്‍ ലക്ഷ്യമിടുന്നു. ഇതിനായി 280.00 ലക്ഷം രൂപ വകയിരുത്തുന്നു.

        കേന്ദ്രാവിഷ്കൃത പദ്ധതിയായ എസ്.എം.എ.എം പദ്ധതിയില്‍ കര്‍ഷക ഉത്പാദക സംഘടനകള്‍ പോലെയുള്ള ഗ്രൂപ്പുകള്‍ക്ക് യന്ത്രങ്ങള്‍ വാങ്ങുന്നതിന്  അധിക സബ്സിഡി നല്‍കുന്നതിനു 100.00 ലക്ഷം രൂപ നീക്കി വച്ചിരിക്കുന്നു.

         പദ്ധതിയുടെ ഗുണഭോക്താക്കളില്‍ 15 ശതമാനം സ്ത്രീകളാണെന്ന് വകുപ്പ് ഉറപ്പാക്കും. യന്ത്രവല്‍ക്കരണ യജ്ഞം ശക്തിപ്പെടുത്തുന്നതിനായി അഗ്രിക്കള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണറുടെ  അധ്യക്ഷതയില്‍ അവലോകന സമിതി രൂപീകരിക്കും. കൃഷിഡയറക്ടര്‍ക്കു പുറമേ കാര്‍ഷിക സര്‍വ്വകലാശാല പ്രതിനിധി, സംസ്ഥാന ആസൂത്രണ ബോര്‍ഡ്, സംസ്ഥാന അഗ്രിക്കള്‍ച്ചര്‍ എഞ്ചിനീയര്‍, കെ.എസ്.എ.എം.എം ഡയറക്ടര്‍ എന്നിവരും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. പദ്ധതിയ്ക്കു കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ ഈ സമിതിയുടെ മേല്‍നോട്ടത്തിലായിരിക്കും.