6. സുഗന്ധ വ്യഞ്ജന വികസനം
H/A: 2401-00-108-59Rs. 1010.00 ലക്ഷം
കുരുമുളക് പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായുള്ള വികേന്ദ്രീകൃത കുരുമുളക് നഴ്സറികള്‍, പുതിയ കുരുമുളക് തോട്ടങ്ങള്‍, നിലവിലുള്ള തോട്ടങ്ങളുടെ പുനരുജ്ജീവനം, ഇടുക്കി ജില്ലയില്‍ സമഗ്ര കുരുമുളക് വികസനം, കൂടുതല്‍ പ്രദേശത്തേക്ക് കൃഷി വ്യാപിപ്പിക്കുന്നതിനുള്ള സഹായം, കൂടാതെ ഇഞ്ചി, ജാതി, മഞ്ഞള്‍, ഗ്രാമ്പു എന്നീ വിളകളുടെ കൃഷി വ്യാപിപ്പിക്കുന്നതിനുള്ള സഹായം എന്നീ ഘടകങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പ്രളയബാധിത പ്രദേശങ്ങളില്‍ ജാതികൃഷി പുനഃസ്ഥാപിക്കുന്നതിനായി വകയിരുത്തിയിരിക്കുന്ന 100.00 ലക്ഷം രൂപ നിലമൊരുക്കല്‍, നടീല്‍വസ്തുക്കള്‍ മറ്റ് ഉത്പാദനോപാധികള്‍, ജലസേചനം ഇവയ്ക്കായി ഉപയോഗിക്കുന്നതാണ്. ഇതില്‍ 25.00 ലക്ഷം രൂപ ഇടുക്കി ജില്ലയിലെ ജാതികൃഷി പുനസ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനും വകയിരുത്തുന്നു. ഇഞ്ചി, മഞ്ഞള്‍, ജാതി, ഗ്രാമ്പു എന്നീ വിളകളുടെ ഇടവിള/ഏകവിള കൃഷിയും വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിപാടികളും ഇതിലൂടെ ഉദ്ദേശിച്ചിട്ടുണ്ട്. ഇതിനായി നീക്കിവച്ചിരിക്കുന്ന 54.00 ലക്ഷം രൂപയില്‍ 10.00 ലക്ഷം രൂപ ഇടുക്കി ജില്ലയില്‍ ഇഞ്ചി, മഞ്ഞള്‍, ജാതി, ഗ്രാമ്പു എന്നിവയുടെ കൃഷി വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിനായിട്ടാണ്.
കൃഷിവിജ്ഞാന കേന്ദ്രങ്ങളുടെ സാങ്കേതിക സഹായത്തോടെ എഫ്.പി.ഒ.കള്‍ മുഖേന കുരുമുളകിന്റെ നടീല്‍ വസ്തുക്കള്‍ വികസിപ്പിച്ചെടുക്കുന്നതിനായി നഴ്സറികള്‍ സ്ഥാപിക്കുന്നതിന് പ്രോജക്ട് അധിഷ്ടിത സഹായമായി 50.00 ലക്ഷം രൂപ വകയിരുത്തുന്നു. തെരഞ്ഞെടുത്ത എഫ്.പി.ഒ കള്‍ നഴ്സറികള്‍ സ്ഥാപിക്കുന്നത് ആ പ്രദേശത്തെ കൃഷിവിജ്ഞാന കേന്ദ്രങ്ങള്‍ വഴിയായിരിക്കും.
ഇടുക്കി ജില്ലയിലെ കുരുമുളക് വികസനത്തിനായി 500.00 ലക്ഷം രൂപ വകയിരുത്തുന്നു. ഇതില്‍ കര്‍ഷകര്‍ വികസിപ്പിച്ചെടുക്കുന്ന ഇനങ്ങളുടെ പ്രചരണം, മണ്ണ് രഹിത നഴ്സറി, ദ്വിതീയ – സൂക്ഷ്മ മൂലകങ്ങള്‍ക്കുള്ള സഹായം, സോയില്‍ അമീലിയോറന്സ്, അഗ്രോ സര്‍വ്വീസ് സെന്റര്‍ മുഖേന രോഗ നിവാരണ സ്പ്രെയിംഗ്, വി.എ.എം. പ്രോത്സാഹനം, കുരുമുളക് സമിതികളുടെ പുനരുജ്ജീവനം എന്നിവ ഉള്‍പ്പെടുന്നു.