9. കൃഷിയിടാസൂത്രണാധിഷ്ഠിത സമീപനവുമായി സംജോയിപ്പിച്ച് വിതരണ/മൂല്യശൃംഖല വികസനത്തിനായുള്ള പദ്ധതി

H/A: 2401-00-111-97 Rs. 500.00 ലക്ഷം

       ചെറുതും ഏകീകൃതമല്ലാത്തതുമായ ഉല്പാദനവും തല്‍ഫലമായി വലിയതോതില്‍ വിഘടിതമായ വിതരണ ശൃംഘലയും ഉയര്‍ന്ന ലാഭം ഉണ്ടാക്കുന്ന  ഇടനിലക്കാരായ വിതരണക്കാരുടെയും റീസെല്ലര്‍മാരുടേയും സാന്നിധ്യം എന്നിവ കേരളത്തിലെ കാര്‍ഷികോല്‍പ്പാദനം അഭിമുഖീകരിക്കുന്ന നിര്‍ണ്ണായക പ്രശ്നങ്ങളിലൊന്നാണ്. അതിനാല്‍ സമാഹരണത്തിലൂടെയുള്ള ഫലപ്രദമായ സംയോജനത്തിന്റെ ആവശ്യകത നിലനില്‍ക്കുന്നു. കൃഷിയിടാസൂത്രണാധിഷ്ഠിത പദ്ധതിയില്‍ ആരക്കാരല്‍ കേന്ദ്രബിന്ദു (ഹബ്ബ് ആന്റ് സ്പോക്) മാതൃകയിലുള്ള സമാഹരണ സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ മാതൃകയില്‍ ഒരു കേന്ദ്രീകൃത ഹബ്ബില്‍ നിന്ന് ഉല്പന്നങ്ങള്‍ ഉത്ഭവിക്കുകയോ, പ്രാദേശിക കേന്ദ്രങ്ങലില്‍ നിന്ന് വിതരണത്തിനും വിപണനത്തിമുമായി ഹബ്ബിലേയ്ക്ക് അയയ്ക്കുകയോ ചെയ്യാവുന്നതാണ്. കേരളത്തിന്റെ സാഹചര്യത്തില്‍ നിര്‍ദ്ദിഷ്ട വിളകള്‍ക്കായി ശേഖരണ കേന്ദ്രങ്ങള്‍ കണ്ടെത്തുകയും വികസിപ്പിക്കുകയും അവയെ കേന്ദ്രീകൃത ഹബ്ബുകളായി സംയോജിപ്പിക്കേണ്ടതുമാണ്.

              കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ നിയുക്ത സ്ഥലങ്ങളില്‍ ശേഖരിക്കുന്നതും അവയുടെ വിതരണ/വില്പന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതും കര്‍ഷക സംഘടനകളുടെ (കുടുംബശ്രീ യൂണിറ്റുകള്‍ പോലെയുള്ള കൂട്ടായ്മകള്‍) പങ്കാളിത്തത്തോടെ വിഭാവനം ചെയ്യുന്നു. അധികം ഉല്പാദനം ഉണ്ടെങ്കില്‍ അവ വില്പന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാന്‍ കഴിയുന്ന കേന്ദ്രീകൃത ഹബ്ബുകളിലേയ്ക്ക് കൊണ്ടുപോകുന്നതിന് സാധിക്കും. ഈ ഹബ്ബുകളും പ്രാദേശിക ഉല്പാദന കേ ന്ദ്രങ്ങളും തമ്മില്‍ മുന്‍പിന്‍ ബന്ധങ്ങള്‍ ഉണ്ടായിരിക്കും. വിപണിയിലെ ഉല്പന്നങ്ങള്‍ മുഴുവനായി നീക്കുന്നതിനായി ഈ ഹബ്ബുകള്‍ക്ക് പ്രധാന വ്യാപാരികളോ കയറ്റുമതിക്കാരോ സംസ്കരണ യൂണിറ്റുകളോ അതല്ലെങ്കില്‍ മറ്റ് ആവശ്യക്കാരോ വലിയ തോതില്‍ ആവശ്യം വരുന്ന കേന്ദ്രങ്ങളുമായോ ബന്ധിപ്പിക്കേണ്ടതാണ്. ഉല്പാദകരുടേയും വില്പനക്കാരുടേയും വിശദാംശങ്ങള്‍ ഇലക്ട്രോണിക് മോഡിലൂടെ (മൊബൈല്‍ ആപ്പുകള്‍ പോലെ) രജിസ്റ്റര്‍ ചെയ്യുന്നതായിരിക്കും. ഇതുവഴി കര്‍ഷകന് വിതരണം ചെയ്യാന്‍ കഴിയുന്നതും, പ്രധാനപ്പെട്ട കേന്ദ്രങ്ങളും കച്ചവടക്കാരും ആവശ്യപ്പെടുന്നതുമായ അളവുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി സഹായിക്കും. വിതരണം, ആവശ്യകത, വില, ഗുണമേന്മ തുടങ്ങിയ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ഡിജിറ്റല്‍ ഐ.റ്റി പ്ലാറ്റ് ഫോമുകള്‍ ഉപയോഗിക്കുന്നതാണ്. ഈ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന്റെ പരിപാലനവും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടപ്പിലാക്കും. ഡിജിറ്റൽ പ്ലാറ്റ് ഫോമിന്റെ പരിപാലനം, നവീകരണം, പരിഷ് ക്കരണം എന്നിവയുമായി ബന്ധപ്പെട്ട ചെലവുകൾ പദ്ധതിയ്ക്കായി നീക്കിവച്ചിരിക്കുന്ന തുകയില്‍ ഉള്‍പ്പെടുന്നു.
ആരക്കാല്‍-കേന്ദ്രബിന്ദു മാതൃകയിലൂടെ (ഹബ്ബ് ആന്റ് സ്പോക് മോഡല്‍) ഉല്‍പാദനോപാധികളും വിവര വിതരണവുമായി ബന്ധപ്പെട്ട സേവനങ്ങളും ലഭ്യമാക്കും. ഇതിലൂടെ പ്രവര്‍ത്തനങ്ങളിലെ ഇക്കോണമീസ് ഓഫ് സ്കെയില്‍ ഒരുമിച്ചുകൊണ്ടുവരുന്നതിനും വേഗത്തിലുള്ള വിവര വിതരണത്തിനും സാധിക്കും. പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാതലങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രധാന ഏജന്‍സിയായി എഫ്.പി.ഒ കള്‍ സ്പോക് തലത്തില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും. കര്‍ഷകര്‍ക്ക് ഡിജിറ്റല്‍ സംവിധാനത്തിലൂടെ ഉടനടി തുക നല്‍കുന്നതിനായി എഫ്.പി.ഒ-കള്‍ക്ക് ഒറ്റ തവണ സഹായമായി കോര്‍പസ് ഫണ്ട് നല്‍കും. ഈ സൗകര്യം ഒരു പ്രാവശ്യം ഉപയോഗപ്പെടുത്തിയിട്ടുള്ള എഫ് പിഒ യ്ക്ക് തുടർന്നുള്ള കോർപ്പസ് ഫണ്ടിന് അർഹതയുണ്ടായിരിക്കില്ല.

           എഫ്.പി.ഒ/പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ എന്നിവയ്ക്ക് പുതിയ വിപണികളും ഹബ്ബുകളും സ്ഥാപിക്കുന്നതിന് പിന്തുണ നല്‍കും. ചെലവിന്റെ 50 ശതമാനം പിന്തുണയായി നല്‍കുന്നതായിരിക്കും. ചെലവാക്കിയതിനുശേഷം തിരികെ നല്‍കുന്ന രീതിയിലായിരിക്കും ഇത് വിതരണം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളായ വി.എഫ്.പി.സി.കെ , ഹോര്‍ട്ടികോര്‍പ്പ് എന്നിവ ഈ സഹായത്തിന് അര്‍ഹരായിരിക്കില്ല. ഒറ്റത്തവണ സഹായമായിട്ടായിരിക്കും പിന്തുണ നല്‍കുക. യൂണിറ്റ് സ്ഥാപിക്കല്‍, ഫര്‍ണിച്ചറുകള്‍, വെയിംഗ്ഗ് മെഷീന്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, സaളാര്‍ പാനല്‍ പോലെയുള്ള ഊര്‍ജ്ജകാര്യക്ഷമതയുള്ള സംവിധാനങ്ങള്‍ തുടങ്ങിയ മൂലധന ചെലവുകള്‍ക്ക് മാത്രം പിന്തുണ നല്‍കുന്ന രീതിയായിരിക്കും നടപ്പാക്കുക. കൂടാതെ കൃഷിയിടാസൂത്രണാധിഷ്ഠിത സമീപനത്തിന്റെ ഭാഗമായി 2023-24 ല്‍ സ്ഥാപിച്ച ഹബ്ബുകളുടെ ശാക്തീകരണത്തിനും സഹായം നല്‍കും. സ്വകാര്യ സമാഹകര്‍ക്ക് ആനുകൂല്യം നല്‍കുന്നതല്ല. എന്നാല്‍ വി.എഫ്.പി.സി.കെ , ഹോര്‍ട്ടികോര്‍പ്പ് സമാഹകരായി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ആനുകൂല്യം ആവശ്യാനുസൃതമായി നല്‍കും.

         കൃഷിയിടാസൂത്രണാധിഷ്ഠിത വികസന പദ്ധതിയുടെ ഭാഗമായിട്ടുള്ള പ്രാദേശിക അന്തര്‍  ജില്ലാ വിതരണ ശൃംഖലയുടെ വികസനത്തില്‍ പ്രധാന പങ്കാളികള്‍ വി.എഫ്.പി.സി.കെ , ഹോര്‍ട്ടികോര്‍പ്പ്, സഹകരണ സംഘങ്ങള്‍, കുടുംബശ്രീ, എഫ്.പി.ഒ കള്‍ എന്നിവരായിരിക്കും. 2024-25 ല്‍ ഈ പദ്ധതിയ്ക്കായി 500.00 ലക്ഷം രൂപ മേല്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തുന്നു.

വിസ്തൃതി വര്‍ദ്ധനവും വികസന സമീപനവും
കര്‍ഷകര്‍ക്ക് പിന്തുണ നല്‍കികൊണ്ട് വിവിധ വിളകളുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിനും കാര്‍ഷിക ആവാസ വ്യവസ്ഥാ യൂണിറ്റുകളുടെ അടിസ്ഥാനത്തില്‍ കൃഷി സമ്പ്രദായത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുമാണ് ഈ സമീപനം ലക്ഷ്യമിടുന്നത്. നെല്‍വികസനം, പച്ചക്കറി വികസനം, നാളികേര വികസനം, സുഗന്ധവ്യജ്ഞന വികസനം, പഴവര്‍ഗ്ഗങ്ങള്‍ - പുഷ്പം – ഔഷധസസ്യങ്ങള്‍ വികസനം, വിള വൈവിധ്യവല്‍കരണം തുടങ്ങിയ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.