25. വയനാട് ജില്ലയുടെ കാര്‍ഷിക മേഖല പുനരുജ്ജീവനം
H/A: 2401-00-800-27 Rs. 1335.00 ലക്ഷം
വയനാട് ജില്ലയുടെ കാര്‍ഷിക സമ്പദ്വ്യവസ്ഥ അപകടകരമായ അവസ്ഥയിലാണ്. വിലയിലുണ്ടാകുന്ന വ്യാപകമായ ഏറ്റക്കുറച്ചിലുകള്‍ കാര്‍ഷിക വരുമാനത്തെ വളരെ വലിയ തോതില്‍ അസ്ഥിരപ്പെടുത്തുന്നുണ്ട്. ദുരിത ബാധിതരായ ജനങ്ങളുടെ ഉപജീവനം പുനരുദ്ധീകരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ പാക്കേജുകള്‍ കൊണ്ടുവരുന്നുണ്ട്. കാലവര്‍ഷംമൂലം വിളകള്‍ക്കും ഭൂമിക്കുമുണ്ടായ ഭീമമായ നഷ്ടങ്ങള്‍ ജില്ലയെ സാരമായി ബാധിച്ചിട്ടുണ്ട്. ജില്ലയുടെ കാര്‍ഷിക സമ്പദ്വ്യവസ്ഥയ്ക്ക് ഉണര്‍വ്വേകാന്‍, സമുചിതമായ മുന്‍-പിന് സംയോജനത്തോടു കൂടിയ നിരവധി കേന്ദ്രീകൃത ഇടപെടലുകള്‍ നടപ്പില്‍ വരുത്തുവാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

വയനാട് ജില്ലയിലെ കുരുമുളക് കൃഷിയുടേയും കാപ്പി കൃഷിയുടേയും സാങ്കേതികാധിഷ്ഠിത സമഗ്രവികസനത്തിനായി 1000.00 ലക്ഷം രൂപ വകയിരുത്തുന്നു. കീടരോഗബാധ, മുരുക്ക് മരങ്ങളുടെ നഷ്ടം എന്നിവ നിമിത്തം ജില്ലയിലെ കുരുമുളക് കൃഷി ശോഷിച്ചുകൊണ്ടിരിക്കുകയാണ്. കുരുമുളകിന്റെ പുനരുജ്ജീവനത്തിനായുള്ള സമഗ്ര പ്രോജക്ടിന് സഹായം നല്‍കുന്നതാണ്. പ്രാദേശിക സമഗ്ര കീട പരിപാലനം, ഗ്രാഫ്റ്റിംഗ്, ഓര്‍ത്തോടോപ്പിക് ഷൂട്സില് നിന്നുള്ള നടീല്‍ വസ്തുക്കളുടെ ഉല്പാദനം, നഴ്സറികള്‍ സ്ഥാപിക്കല്‍, സൂക്ഷ മൂലകങ്ങളുടെ പ്രയോഗം, വേരിന്റെ വികസനത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍, മറ്റ് അത്യാവശ്യ സഹായങ്ങള്‍ എന്നിവയ്ക്കായി വിഹിതം ഉപയോഗിക്കാവുന്നതാണ്. ഇതില്‍ നിന്നും 500.00 ലക്ഷം രൂപ കാപ്പി കൃഷിയുടെ വിസ്തൃതി വര്‍ദ്ധനവിനും നിലവിലെ കാപ്പി തോട്ടങ്ങളുടെ പുനരുജ്ജീവനത്തിനും തുള്ളിനനയ്ക്കുള്ള സഹായത്തിനായും വകയിരുത്തിയിരിക്കുന്നു.
മുന്‍ വര്‍ഷങ്ങളില്‍ സഹായം ലഭിച്ചിട്ടുള്ള നഴ്സറികളുടെ സഹായത്തോടെ നടീല്‍ വസ്തുക്കളുടെ ഉല്പാദനത്തിനായി സമഗ്ര തന്ത്രം ആവിഷ്ക്കരിക്കേണ്ടതാണ്.
ജില്ലയിലെ ജാതിക്ക വിള പുനരുജ്ജീവിപ്പിക്കാന്‍ 75.00 ലക്ഷം രൂപ വകയിരുത്തുന്നു. ഇഞ്ചി, മഞ്ഞള്‍ എന്നീ വിളകളുടെ കൃഷിയും പുനരുജ്ജീവിപ്പിക്കുന്നതാണ്. ഇതിനായി 50.00 ലക്ഷം രൂപ വകയിരുത്തുന്നു.
ഈ പദ്ധതിയില്‍ ലീഡ്സിലെ ഫീല്‍ഡ് അസിസ്റ്റന്റുമാരുടെ പ്രവര്‍ത്തനം സംയോജിപ്പിക്കുന്നതാണ്. മണ്ണുപര്യവേഷണ സംരക്ഷണ വകുപ്പു മുഖേന വെള്ളപ്പൊക്ക ദുരിതങ്ങള്‍ പരിഹരിക്കുന്നതിനും പുനരുദ്ധാരണത്തിനുമായി 210.00 ലക്ഷം രൂപ വകയിരുത്തുന്നു.