16. കാര്‍ഷിക വിജ്ഞാന വ്യാപനം ശക്തിപ്പെടുത്തല്‍

H/A: 2401-00-109-80 Rs. 2503.00 ലക്ഷം

              കാര്‍ഷിക വികസന പരിപാടികളുടെ വിജയത്തിനായി ഫീല്‍ഡ്തലത്തില്‍ വിജ്ഞാനവ്യാപന പ്രവര്‍ത്തനങ്ങള്‍  ശക്തിപ്പെടുത്തേണ്ടതുണ്ട്. കര്‍ഷകര്‍ക്കിടയില്‍ സാങ്കേതിക വിദ്യയും ശാസ്ത്രീയ പരിപാലന രീതികളും സ്വീകരിച്ചു നടപ്പിലാക്കുന്നതിനായി കാര്‍ഷിക വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങളുടെ ശാക്തീകരണത്തിനായി 2024-25 ല്‍ 2503.00 ലക്ഷം രൂപ വകയിരുത്തുന്നു. പദ്ധതിയുടെ ഘടകങ്ങള്‍ തിരിച്ചുള്ള വിഹിതം ചുവടെ ചേര്‍ക്കുന്നു.

 

           വിജ്ഞാനവ്യാപന സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രാദേശിക കാര്‍ഷിക പരിശീലന കേന്ദ്രങ്ങളുടേയും കര്‍ഷക പരിശീലന കേന്ദ്രങ്ങളുടേയും നവീകരണത്തിനായി 50.00 ലക്ഷം രൂപ വകയിരുത്തുന്നു. എച്ച്.ആര്‍. പിന്തുണ, പ്രവര്‍ത്തന ചെലവുകള്‍ക്കുള്ള സഹായം ഉള്‍പ്പെടെ അത്മാ പ്രോജക്ട് ഡയറക്ടറേറ്റ് ശക്തിപ്പെടുത്തുന്നതിന് 320.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. ലീഡ്സ് പദ്ധതിക്കുള്ള സഹായമായും പ്രതിമാസ സാങ്കേതിക ഉപദേശ സംവിധാനം തയ്യാറാക്കുന്നതിനുമായി 300.00 ലക്ഷം രൂപ വകയിരുത്തുന്നു. ആത്മാ പദ്ധതിക്കുള്ള സംസ്ഥാന വിഹിതം കൃഷി ഉന്നതി യോജനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

           മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന കര്‍ഷകര്‍ക്കുള്ള അവാര്‍ഡുകള്‍ക്കായി 70.00 ലക്ഷം രൂപ വകയിരുത്തുന്നു. ഇതില്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതല്ല.

         പൊതുജന പങ്കാളിത്തം എന്ന ഘടകത്തിന് കീഴില്‍ വകയിരുത്തിയിരിക്കുന്ന 50.00 ലക്ഷം രൂപയില്‍ കാര്‍ഷിക വികസന സമിതികള്‍, സെമിനാറുകള്‍, കര്‍ഷകദിനം, കാര്‍ഷികമേളകള്‍, അവലോകനയോഗങ്ങള്‍, കര്‍ഷക സംഗമങ്ങള്‍, കര്‍ഷക സഭ, ഞാറ്റുവേല ചന്തകള്‍ എന്നിവ നടത്തുന്നതിനായി നീക്കിവെച്ചിരിക്കുന്നു. ഇതില്‍ എഫ്.പി.ഒ കളും പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളും സംഘടിപ്പിക്കുന്ന പരിപാടികളും ഉള്‍പ്പെടും.

      ബ്ലോക്കുകളില്‍ കൃഷി ഭവനുകള്‍ മുഖേന കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍  നോഡല്‍ ഓഫീസറായി പ്രവര്‍ത്തിക്കുന്ന ബ്ലോക്കുതല കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങള്‍, ഫീല്‍ഡ് ഓഫീസര്‍ക്കും, കര്‍ഷകര്‍ക്കും സാങ്കേതിക മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനുള്ള ഒരു ഉപദേശക സമിതിയായി പ്രവര്‍ത്തിക്കുകയും കൃഷി ഭവനുകള്‍ മുഖേനയുള്ള പരിപാടികള്‍ വിജയകരമായി നടപ്പിലാക്കുന്നതിന് സഹായിക്കുകയും ചെയ്യും. ഫീല്‍ഡ് തല പ്രദര്‍ശനങ്ങള്‍, ട്രയലുകള്‍ എന്നിവയിലൂടെ സാങ്കേതികവും നൂതനവുമായ അറിവുകള്‍ കൃത്യമായ ഇടവേളകളില്‍ പ്രചരിപ്പിക്കുന്നതിനായുള്ള ട്രെയിനിംഗ് മൊഡ്യൂളുകള്‍ തയ്യാറാക്കി നടപ്പിലാക്കുന്നതാണ്. കൃഷി പാഠശാല എന്ന ഘടകത്തിനായി 460.00 ലക്ഷം രൂപ നീക്കി വച്ചിരിക്കുന്നു. വിവിധ സ്കീമുകളില്‍ വിഭാവനം ചെയ്തിരിക്കുന്ന എല്ലാ ബോധവല്‍ക്കരണ പരിപാടികളും ഈ ഘടകത്തില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കും. കൃഷി പാഠശാലയുടെ ആനുകാലിക അവലോകനം കൃഷി ഡയറക്ടര്‍ ത്രൈമാസ അടിസ്ഥാനത്തില്‍ നടത്തും. പ്രതിഫലം/ഓണറേറിയം എന്നിവയ്ക്കുള്ള  ചെലവുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 2024-25 വര്‍ഷത്തേയ്ക്കുള്ള ഒരു സമഗ്ര പരിശീലന മൊഡ്യൂളും പരിശീലന കലണ്ടറും സമേതി തയ്യാറാക്കുകയും കൃഷി ഡയറക്ടറുടെ അംഗീകാരത്തോടെ അതനുസരിച്ച് പരിപാടികള്‍ ക്രമീകരിക്കുകയും ചെയ്യും. പരിശീലന മൊഡ്യൂള്‍ തയ്യാറാക്കുന്നതിനായി സമേതിയ്ക്ക് പ്രത്യേക വിഹിതം അനുവദിക്കുന്നതല്ല.

          കേരള ഡിജിറ്റല്‍  സര്‍വകലാശാലയുമായി സഹകരിച്ച് കൃഷി വകുപ്പ് നടത്തുന്ന കിസാന്‍ പ്രോജക്ട് വിജ്ഞാനപ്രദമായ  പ്രതിവാര ടെലിവിഷന്‍ പരിപാടികളിലൂടെ കാര്‍ഷിക വിജ്ഞാന വ്യാപന  പ്രവര്‍ത്തനങ്ങള്‍ തുടരും. കിസാന്‍ പദ്ധതിയ്ക്ക് പ്രോജക്ട് അധിഷ്ഠിത സഹായം നല്‍കുന്നതിന് 60.00 ലക്ഷം രൂപ വകയിരുത്തുന്നു. പരിപാടിയുടെ ഉള്ളടക്കം കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വിജ്ഞാന വ്യാപന വിഭാഗം, വകുപ്പുതല ഉദ്യോഗസ്ഥര്‍, എഫ്.ഐ.ബി, വി.എഫ്.പി.സി.കെ, ഡി.യു.കെ എന്നിവരടങ്ങുന്ന സാങ്കേതിക സമിതി തീരുമാനിക്കും.

കാണുക..

          ഇ-ഗവേര്‍ണന്‍സിലൂടെയും സാങ്കേതികവിദ്യയുടെ പ്രയോഗത്തിലൂടെയും കൃഷിഭവനുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്മാര്‍ട്ട് കൃഷിഭവനുകള്‍ എന്ന ഘടകം തുടരും. കര്‍ഷക സമൂഹത്തിന് അത്യന്തിക ലക്ഷ്യം. ഇതിനായി 1000.00 ലക്ഷം രൂപ വകയിരുത്തിയിരുന്നു. ഈ വര്‍ഷം കൂടുതല്‍ കൃഷിഭവനുകളെ പ്രവര്‍ത്തന പരിവര്‍ത്തനത്തിലൂടെ സ്മാര്‍ട്ട് കൃഷിഭവനുകളാക്കി മാറ്റും. ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള ഫ്രണ്ട് ഓഫീസ് സ്ഥാപിക്കല്‍, പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകളുടെ നവീകരണം, ഡിജിറ്റല്‍ രൂപത്തില്‍ പഞ്ചായത്തിന്റെ ഭൂവിഭവ മാപ്പിംഗ്, ഭൂ റവന്യൂ ഡാറ്റയുമായി സംയോജിപ്പിക്കല്‍, കൃഷിഭവനുകള്‍ മുഖേന നടപ്പാക്കുന്ന പരിപാടികള്‍ ഉള്‍പ്പെടെ കൃഷിഭവനിലെ രേഖകല്‍ ഡിജിറ്റലൈസ് ചെയ്യുക, ഓണ്‍ലൈന്‍ ഡിജിറ്റല്‍ മീഡിയ ലൈബ്രറി, കൃഷിഭവനുകളുടെ നവീകരണം, കര്‍ഷകര്‍ക്കുള്ള സ്മാര്‍ട്ട് കാര്‍ഡ് തുടങ്ങിയ ഘടകങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. വിള ആസൂത്രണം ഉല്പാദന ആസൂത്രണം, വിപണനം, മൂല്യവര്‍ദ്ധന, കാര്‍ഷിക സംരംഭകത്വം, വായ്പാ വിവരങ്ങള്‍, ക്ഷേ മ പരിപാടികള്‍, ഇന്‍ഷുറന്‍സ് സഹായം, സ്റ്റാര്‍ട്ടപ്പുകള്‍ക്കു പ്ര ോത്സാഹനം, പുതിയ സാങ്കേ തിക വിദ്യകളുടെ പ്രചരണം തുടങ്ങി കാര്‍ഷിക വികസനവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും കര്‍ഷക സമൂഹത്തിന്റെ ഉപദേശക സമിതിയായി കൃഷിഭവന്‍ പ്രവര്‍ത്തിക്കും. പതിനാലാം പഞ്ചവത്സര പദ്ധതി കാലയളവില്‍ പ്രോജക്ട് അധിഷ്ഠിത സമീപനത്തിലൂടെ സ്മാര്‍ട്ട് കൃഷിഭവനുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്ന തരത്തിലായിരിക്കും നടപ്പിലാക്കുക. യോഗ്യതയുള്ള ഒരു സാങ്കേ തിക സ്ഥാപനത്തിന്റെ സേവനം ഉപയോഗിച്ച്  വകുപ്പ് ഇതിനായി വിശദമായ ഒരു പ്രോജക്ട് റിപ്പോര്‍ട്ട്  തയ്യാറാക്കും. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള വ്യവസ്ഥകള്‍ പാലിച്ചാല്‍ മാത്രമാണ് ഭരണാനുമതി അനുവദിക്കുന്നത്. പുതിയ തസ്തിക സൃഷിടിക്കുന്നത്/കരാര്‍/അന്യത്ര സേവനം എന്നിവ ഈ ഘടകത്തില്‍ അനുവദനീയമല്ല. നിലവിലുള്ള വകുപ്പ് ജീവനക്കാര്‍/ കരാര്‍ ജീവനക്കാര്‍ എന്നിവരുടെ സേവനം ഉപയോഗിച്ച് ഈ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കേ ണ്ടതാണ്.
കൃഷിഭവനിലും, ബ്ലോക്കുകളിലും അടിയന്തിരമായി നടപ്പിലാക്കേണ്ട അപ്രതീക്ഷീത മൂലധന ചെലവുകള്‍ക്കായി ഒരു ബ്ലോക്ക്/കൃഷിഭവനു 10,000/-രൂപ വീതം എന്ന തോതില്‍ നല്‍കുന്നതിനായി 75.00 ലക്ഷം രൂപ നീക്കിവെച്ചിരിക്കുന്നു. സാങ്കേതികവിദ്യ കൈ മാറ്റം സുഗമമാക്കുന്നതിനും പ്രാദേശിക തലത്തില്‍ ഫീല്‍ഡ് പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുമായി വാര്‍ഡ് തലത്തിലുള്ള ഗ്രൂപ്പ് കര്‍ഷക സമ്പര്‍ക്ക സംവിധാനം കൊണ്ട് വരുന്നതിനായി അഗ്രോക്ലിനിക്കുകള്‍  നടത്തുന്നതിനായി 7.00 ലക്ഷം രൂപ വകയിരുത്തുന്നു.

           ഫീല്‍ഡ് തലത്തില്‍ തന്നെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള വേദി ഒരുക്കുക എന്ന ഉദ്ദേശ്യത്തോടെ കൃഷി ദര്‍ശന്‍ പരിപാടികള്‍ നടപ്പിലാക്കുവാന്‍ വിഭാവനം ചെയ്തിരിക്കുന്നു. ഇതിനായി 100.00 ലക്ഷം രൂപ നീക്കി വച്ചിരിക്കുന്നു. സംസ്ഥാനത്ത് നിലവിലുള്ള അസംഘടിത കാർഷിക ഉൽപ്പാദനത്തിന്റെ പ്രശ്നം പരിഹരിക്കുന്നതിനായി, കൃഷിക്കൂട്ടങ്ങൾ മുഖേന ഉൽപ്പാദനം, സംസ്കരണം, മൂല്യവർദ്ധന, സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന പ്രവർത്തനങ്ങൾ പ്രചാരണരീതിയിൽ സംഘടിപ്പിക്കാൻ വിഭാവനം ചെയ്തിരിക്കുന്നു. "ഞങ്ങളും കൃഷിയിലേക്ക്" എന്ന സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പെയ്നിനായി 375.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. ഈ പരിപാടിക്കുള്ള ചെലവുകൾ ഈ ഘടകത്തിന് കീഴിൽ പരിമിതപ്പെടുത്തി നടപ്പിലാക്കും.