കാർഷികോത്പന്ന സംസ്‌കരണ- മൂല്യവർദ്ധനവ് അടിസ്ഥാനമാക്കി 2018 ഡിസംബർ 27 മുതൽ 30 വരെ തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന സംസ്ഥാന കൃഷി വകുപ്പിന്റെ വൈഗ-കൃഷി ഉന്നതി മേള ഗവർണർ ജസ്റ്റിസ് (റിട്ട.) പി.സദാശിവം ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണത്തിന് ഉതകുന്ന വികസന പ്രവർത്തനങ്ങൾക്ക് കൃഷിയിൽ പ്രാമുഖ്യം നൽകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സമാനതകളില്ലത്ത പ്രകൃതി ദുരന്തത്തിനുശേഷം അതിജീവനത്തിലൂടെ തിരികെ വരുന്ന കർഷകർക്ക് കൂടുതൽ കരുത്തും ആത്മവിശ്വാസവും പകരുവാൻ മേളയ്ക്ക് സാധിക്കണം. കാർഷിക മേഖലയിലെ നൂതന സംവിധാനങ്ങൾ കർഷകരിലെത്തിക്കുന്നതിനും പരിചയപ്പെടുത്തുന്നതിനും കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി നടന്ന വൈഗ കാർഷിക മേളയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കർഷക വരുമാനം ഇരട്ടിയാക്കുക എന്ന ഉദ്ദേശത്തോടെ കേന്ദ്ര സർക്കാരിന്റെ കീഴിൽ 2016 -ൽ ആരംഭിച്ച കൃഷി ഉന്നതി മേള ഇത്തവണ വൈഗയോടൊപ്പം നടത്തുവാൻ കഴിഞ്ഞത് ഏറെ പ്രയോജനകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക സംരംഭകത്വത്തിലൂടെ യുവാക്കളെ കാർഷിക മേഖലയിലേയ്ക്ക് ആകർഷിക്കുകയാണ് വൈഗയുടെ പ്രധാന ലക്ഷ്യമെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ അഭിപ്രായപ്പെട്ടു. കർഷകരുടെ വരുമാന വർദ്ധനവിനുളള ഒരു സ്ഥിര സംവിധാനമാണ് വൈഗ. കഴിഞ്ഞ രണ്ടു വൈഗയുടെയും ഫലങ്ങളാണ് നാളികേരവികസന കൗൺസിലിന്റെ രൂപീകരണം, ചെറുധാന്യങ്ങളെ അടിസ്ഥാനമാക്കിയുളള അട്ടപ്പാടി മില്ലറ്റ് വില്ലേജ് ഉത്പന്നങ്ങളുടെ വിപണി, ചക്ക ഔദ്യോഗിക ഫലമായുളള പ്രഖ്യാപനം, തേൻ അസംസ്‌കൃതയൂണിറ്റ്, കണ്ണാറയിൽ ആരംഭിക്കുവാൻ പോകുന്ന തേൻ-വാഴപ്പഴം അടിസ്ഥാനമാക്കിയുളള അഗ്രോപാർക്ക്, 40000 ഏക്കറിലെ തരിശുരഹിത
നെൽ കൃഷി എന്നിവയെന്നും കൃഷി അദ്ദേഹം പറഞ്ഞു.
കർഷകരുടെ കൃഷി സാഹചര്യത്തിനൊപ്പം മാനസിക പുന:നിർമ്മാണവും വൈഗയിലൂടെ സൃഷ്ടിക്കേണ്ടതാണെന്ന് മുഖ്യപ്രഭാഷണത്തിൽ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.
എം.പി. സി.എൻ. ജയദേവൻ, തൃശൂർ കോർപ്പറേഷൻ മേയർ അജിത വിജയൻ, കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ
ഡോ. ആർ. ചന്ദ്രബാബു, കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം മേധാവി ഡോ. പി. ചൗഡപ്പ, തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരിതോമസ്, തൃശൂർ വാർഡ് കൗൺസിലർ എം.എസ്. സമ്പൂർണ്ണ, തൃശൂർ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് അഡ്വ. എം.കെ. മുകുന്ദൻ എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു.
കാർഷികോത്പാദന കമ്മീഷണർ ഡോ. ദേവേന്ദ്രകുമാർസിംഗ് ഐ.എ.എസ്. ചടങ്ങിന് സ്വാഗതം പറഞ്ഞു.  കൃഷിവകുപ്പ് ഡയറക്ടർ ഡോ. പി.കെ. ജയശ്രീ ചടങ്ങിന് നന്ദി അറിയിച്ചു.