7 കാർഷിക സേവന കേന്ദ്രങ്ങളും, സേവന സംവിധാനവും ശീർഷകം : 2401-00-113-83
ശീർഷകം : 4401-00-113-98
2327.00 ലക്ഷം രൂപ
840.00 ലക്ഷം രൂപ

യന്ത്രവത്ക്കരണം, ആത്മ അടിസ്ഥാനത്തിൽ വിജ്ഞാന വ്യാപനം, വായ്പാസഹായം, കാലാവസ്ഥാ ഉപദേശ സേവനം, മണ്ണുപരിശോധന സഹായം, മറ്റു സാങ്കേതിക സഹായം നൽകുന്നതടക്കമുള്ള സേവനങ്ങള്‍ സംയോജിപ്പിച്ച് നൽകുന്നതിനുവേണ്ടിയാണ് ബ്ലോക്ക് തലത്തിൽ കാർഷിക സേവനകേന്ദ്രങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. കർഷകർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഒരേ കേന്ദ്രത്തിൽ നിന്നും നൽകുന്നതിലേക്കായി അവരുടെ വിവധ ആവശ്യങ്ങൾ പ്രധാനമായും കാർഷിക ഉത്പാദനോപാധികൾ, വിപണനം, വായ്പാ വിവരങ്ങൾ തുടങ്ങിയവ ഒരു പൊതുസേവന കേന്ദ്രത്തിൻ കീഴിൽ കൊണ്ടുവരേണ്ടതാണ്. ഈ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് കാർഷിക സേവനകേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുള്ളത്. സാങ്കേതിക വിദ്യ കൈമാറ്റത്തിനും സേവന സംവിധാനത്തിനും വേണ്ട സഹായം ഒന്നാംഘട്ടത്തിൽ ബ്ലോക്ക് തലത്തിൽ രൂപീകരിച്ചിട്ടുള്ള കാർഷിക സേവന കേന്ദ്രങ്ങൾ നൽകുന്നതായിരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇവയ്ക്കാവശ്യമായ തുടർ അടിസ്ഥാന സൗകര്യങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. സ്ഥല സന്ദർശനം അടക്കമുള്ളവ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള സാങ്കേതിക വിവര വിതരണ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടുള്ള സ്ഥാപനങ്ങളായി ഇവ പ്രവർത്തിക്കുന്നതായിരിക്കും. കൃഷി സ്ഥലങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ദൃശ്യ ശ്രാവ്യ സംവിധാനങ്ങളോടുകൂടി ഓൺ ലൈൻ സഹായത്തോടെയുള്ള സഞ്ചരിക്കുന്ന ഒരു ഫാം ക്ലിനിക്ക് ബ്ലോക്ക് തലത്തിൽ സ്ഥാപിക്കുന്നതായിരിക്കും. ആത്മയുടെ പ്രവർത്തനങ്ങളും അതോടൊപ്പം യന്ത്രവൽക്കരണത്തിന് വേണ്ട സഹായവും ഈ കാർഷിക സേവനകേന്ദ്രങ്ങൾ നൽകുന്നതായിരിക്കും. സഹകരണ വകുപ്പിന്റെ കീഴിൽ ബ്ലോക്കുതലത്തിൽ സ്ഥാപിച്ചിട്ടുള്ള കർഷക സേവനകേന്ദ്രങ്ങൾ, കാർഷിക സേവനകേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഉത്പാദനോപാധികളുടെ വിതരണത്തിനായി പ്രവർത്തിക്കുന്നതായിരിക്കും. 2018-19 ൽ 15 പുതിയ സെന്ററുകൾ സ്ഥാപിക്കുവാൻ ഉദ്ദേശിച്ചിരിക്കുന്നു.

ഭരണതലത്തിലുള്ള ജോലിബാഹുല്യവും കുറയ്ക്കുന്നതിലേക്കായി കൃഷിഭവനുകൾ മുതൽ ഡയറക്ടറേറ്റ് വരെയുള്ള പ്രവർത്തനത്തെ നിരീക്ഷിക്കുന്ന തരത്തിലുള്ള ഒരു സമഗ്ര സോഫ്റ്റ് വെയറും, കമ്പ്യൂട്ടർവത്ക്കരണവും ഇന്റർനെറ്റ് കണക്ഷനും, വാഹനസൗകര്യങ്ങളും 2012-13-ൽ ഏർപ്പെടുത്തിയിട്ടുണ്ട്. 2012-13 മുതൽ കർഷകർക്കുള്ള എല്ലാ സബ്സിഡികളും ബാങ്ക് അക്കൗണ്ട് വഴി വിതരണം നടത്തുന്നുണ്ട്. സോഫ്റ്റ് വെയർ വികസനവും ഡാറ്റാ എൻട്രി ഉൾപ്പെടെയുള്ള ഇ-പോയ്മെന്റ് സമ്പ്രദായത്തിനുള്ള സഹായവും ഇതിൽ നിന്നും വഹിക്കാവുന്നതാണ്. ഇ-പേയ്മെന്റ് സമ്പ്രദായത്തിന്റെ നടത്തിപ്പിനായി കരാർ അടിസ്ഥാനത്തിൽ ബ്ലോക്ക് തലത്തിൽ എൻ.ഇ.ജി.പി-യിലൂടെ നിയമിച്ചിട്ടുള്ള ജീവനക്കാരെ പരമാവധി ഒരു വർഷത്തേക്ക് നിയമിക്കുന്നതിനായി 407.00 ലക്ഷം രൂപ വകയിരുത്തുന്നു. തിരഞ്ഞെടുത്ത കാര്‍ഷിക കേന്ദ്രങ്ങൾ മുഖേന മണ്ണ് പരിശോധന ലാബുകൾ സ്ഥാപിക്കുന്നതിനായി 50.00 ലക്ഷം രൂപ വകയിരുത്തുന്നു. അംഗികരിച്ച മാനദണ്ഡപ്രകാരം ആയിരിക്കും ഇവ സ്ഥാപിക്കുന്നത്.

കേന്ദ്രങ്ങളുടെ മറ്റു പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 275.00 ലക്ഷം രൂപ അവശ്യ മെഷിനറികൾ വാങ്ങുന്നതിനായി വകയിരുത്തുന്നു. പ്രാദേശികമായിട്ടുള്ള ആവശ്യങ്ങൾ നേരിടുന്നതിനുവേണ്ടിയാണിത്. മേൽപ്പറഞ്ഞ സെന്ററുകളിൽ ത്രീവീലറുകൾ വാങ്ങുന്നതിനായും പരിശീലന പരിപാടികൾ, ബയോഫാർമസി, ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ ഉൽപ്പാദനത്തിനായി നഴ്സറികൾ സ്ഥാപിക്കുക, മണ്ണ് പരിശോധനാ സൗകര്യങ്ങൾ മറ്റ് പ്രവർത്തന സഹായം എന്നിവയ്ക്കായി 200.00 ലക്ഷം രൂപ നീക്കി വച്ചിരിക്കുന്നു. സെന്ററുകളെ സ്വയം പര്യാപ്തമാക്കുന്നതിനായി ഒരു വർഷം കൂടി പ്രവർത്തനസഹായം നൽകുന്നതാണ്. ബയോഫാർമസികൾ, നഴ്സറികൾ എന്നിവ എല്ലാ കൃഷി സേവന കേന്ദ്രങ്ങളിലും സ്ഥാപി ക്കുന്നതിനും മറ്റു സേവനങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ട നടപടി സ്വീകരിക്കേണ്ടതാണ്. സേവനങ്ങൾ കഴിയുന്നത്ര കാർഷിക കർമ്മ സേനയുടെ പ്രവർത്തനങ്ങളുമായി സംയോജിപ്പിക്കണം.

തിരഞ്ഞെടുത്ത കാർഷിക കർമ്മ സേനയുടെ സഹായത്തിനായും പുതിയ കർമ്മസേന രൂപീകരിക്കുന്നതിനുമായി 200.00 ലക്ഷം രൂപ വകയിരുത്തുന്നു. ധനസഹായം നൽകുന്നതിനുമുമ്പായി എല്ലാ കാർഷിക സേവന കേന്ദ്രങ്ങളുടെയും കാർഷിക കർമ്മ സേനകളുടെയും പ്രവർത്തനം വിലയിരുത്തേണ്ടതാണ്.

 കാര്‍ഷിക കര്‍മ്മസേനയുടേയും കാര്‍ഷിക സേവന കേന്ദ്രത്തിലേയും രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ക്കും അംഗങ്ങള്‍ക്കും അപകട ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നതിനായി ഗുണഭോക്തൃ വിഹിതം ഉള്‍പ്പെടുത്തിക്കൊണ്ടു് ഇന്‍ഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്ന് ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതി ആരംഭിക്കുന്നതിന് ഉദ്ദേശിച്ചിരിക്കുന്നു. ഇതിനുള്ള പ്രീമിയം തുക ഒടുക്കുന്നതിനായി 100.00 ലക്ഷം രൂപ വകയിരുത്തുന്നു.

കാർഷിക സേവന കേന്ദ്രങ്ങളുടെയും കാർഷിക കർമ്മ സേനയുടെയും പ്രവർത്തനങ്ങൾക്ക് മാർഗ്ഗ നിർദ്ദേശം നൽകുന്നതിനായി രൂപീകരിച്ചിട്ടുള്ള അപെക്സ് ബോഡി കാർഷിക സേവന കേന്ദ്രങ്ങളും കാർഷിക കർമ്മ സേനയും തമ്മിൽ യോജിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള ഘടന രൂപീകരിച്ചിട്ടുണ്ടു്. അഗ്രോ മെഷീനറി സർവ്വീസ് സെന്ററുകൾ ജില്ല/റീജിയണൽ തലത്തിൽ സ്ഥാപിച്ച് ഇതിന്റെ പ്രവർത്തനങ്ങൾ കൃഷി വകുപ്പിലെ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ സഹായത്തോടെ അപെക്സ് ബോഡി ഏകോപിപ്പിക്കുന്നതാണ്. മെഷീനറികളുടെ അറ്റകുറ്റപ്പണികൾക്കായി അഗ്രോ സർവ്വീസ് സെന്ററുകളിൽ ഐ.റ്റി.ഐ പരിശീലനം ലഭിച്ചവരുടെ സേവനം ലഭ്യമാണെങ്കില്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ഈ പദ്ധതിയുടെ 15 ശതമാനം ഗുണഭോക്താക്കള്‍ വനിതകളായിരിക്കും.