BPKP Crops

Plant Based Formulations

Agro Ecology based Recommendations

അഗ്നിയസ്ത്രം

ശലഭ വര്‍ഗ്ഗത്തിലുള്ള കീടങ്ങളായ ഹെലികോവെര്‍പ, സ്പോഡോപ്റ്റിറ ചുവന്ന കമ്പിളിപ്പുഴുക്കള്‍ തുടങ്ങിയവയുടെ പുഴുക്കള്‍ക്കെതിരേ പ്രയോഗിക്കാവുന്ന ഒരു കഷായമാണിത്.

വേണ്ട സാധനങ്ങള്‍

1) വേപ്പില – 5 കിലോ

2) പുകയില (ഉപയോഗശുന്യമായ) -1 കിലോ

3) വെളുത്തുള്ളി - ½ കിലോ

4) പച്ചമുളക് - 1 കിലോ

5) ഗോമൂത്രം - 10 ലിറ്റര്‍

തയ്യാറാക്കുന്ന വിധം

മേല്‍ പറഞ്ഞിരിക്കുന്ന എല്ലാ സാധനങ്ങളും(1,3,4) അരച്ചെടുക്കുക (പുകയില ഒഴിച്ച്).  പുകയിലയും ഇതോടൊപ്പം ചേര്‍ത്ത് അര മണിക്കൂര്‍ തിളപ്പിയ്ക്കുക.  തണുപ്പിച്ച് അരിച്ചെടുക്കുക.  ഇതില്‍ നിന്നും 3 ലിറ്റര്‍ എടുത്ത് 10 ലിറ്റര്‍ ഗോമൂത്രവും ചേര്‍ത്ത് 100 ലിറ്റര്‍ വെള്ളവും ചേര്‍ത്ത് ഒരേക്കറിന് തളിയ്ക്കാവുന്നതാണ്.  അരിച്ചെടുത്ത ക‍ഷായം മൂന്നു മാസം വരെ സൂക്ഷിച്ചുവയ്ക്കാവുന്നതാണ്.

മുന്‍കരുതലുകള്‍

  • വിളകള്‍ക്ക് ഒന്നോ രണ്ടോ തവണ തളിച്ചു കൊടുക്കാവുന്നതാണ്
  • മിശ്രിതം തയ്യാറാക്കുന്നയാള്‍ ദേഹത്ത് (പ്രത്യേകിച്ചും കൈയ്യിലും കാലിലും) എണ്ണ തടവുന്നത്   നല്ലതാണ്. മാത്രവുമല്ല, തളിയ്ക്കുന്നതിനു മുമ്പേ ദേഹം മൂടുന്ന സുരക്ഷാ വസ്ത്രങ്ങള്‍ ധരിക്കേണ്ടതാണ്.

കടപ്പാട്

കൃഷി മാന്വൽ , റിതു സാധികാര സംസ്ത , ആന്ധ്രാപ്രദേശ്

കരിനൊച്ചിയില കഷായം

ധാരാളം ആല്‍ക്കലോയിഡുകള്‍ ഉള്ളതിനാല്‍ ഇവ കീടനാശിനിയായും കുമിള്‍നാശിനിയായും ബാക്ടീരിയക്കെതിരേയും ഉപയോഗിക്കാവുന്നതാണ്.

ആവശ്യമായ സാധനങ്ങളും രീതിയും

  • 5 കിലോ കരിനൊച്ചിയില 10 ലിറ്റര്‍ വെള്ളത്തില്‍ അര മണിക്കൂര്‍ തിളപ്പിക്കുക.  ഇടയ്ക്കിടയ്ക്ക്  ഇളക്കിക്കൊടുക്കണം.
  • തണുത്ത ശേഷം നേര്‍ത്ത തുണിയിലൂടെ അരിച്ചെടുക്കുക
  • 100 ഗ്രാം സോപ്പിന്‍ കുരു പൊടിച്ചത് ഇതോടൊപ്പം ചേര്‍ക്കുക
  • തയ്യാറാക്കിയ മിശ്രിതം 100 ലിറ്റര്‍ വെള്ളവുമായി ചേര്‍ത്ത് തളിയ്ക്കാവുന്നതാണ്.  ഒരേക്കറിന്  ഇതു മതിയാകും.
  •  വൈകുന്നേരങ്ങളില്‍ തളിയ്ക്കുന്നതാണ് നല്ലത്.

മുന്‍കരുതല്‍

  • തയ്യാറാക്കുന്നവര്‍ മുഖാവരണം ധരിയ്ക്കുക.
  • കീടാക്രമണത്തിന്റെ തീവ്രതയനുസരിച്ച് രണ്ടോ മൂന്നോ തവണ തളിയ്ക്കണം.
  •  തയ്യാറാക്കിയ ലായനി സൂക്ഷിച്ചുവയ്ക്കാതെ ഉപയോഗിക്കുക.
  •  ആത്തയുടെ (custard apple) ഇല ഉപയോഗിച്ചും ഇതു പോലെ സത്ത് എടുക്കാവുന്നതാണ്

കടപ്പാട്

കൃഷി മാന്വൽ , റിതു സാധികാര സംസ്ത , ആന്ധ്രാപ്രദേശ്

പച്ചമുളക് - വെളുത്തുള്ളി മിശ്രിതം

വെളുത്തുള്ളിയിലും മുളകിലും അടങ്ങിയിരിക്കുന്ന ആല്‍ക്കലോയിഡുകളായ അലൈസിന്‍, കാപ്സെസിന്‍, കീടങ്ങളുടെ പുറത്ത് വീഴുമ്പോള്‍ അവയെ മന്ദഗതിയിലാക്കുകയും, പ്രവര്‍ത്തനരഹിതമാക്കുകയും, ചെടിയില്‍ നിന്ന് വീഴുകയും ചത്തുപോകയും ചെയ്യുന്നു.

വേണ്ട സാധനങ്ങള്‍

  • പച്ചമുളക് - 3കിലോ
  • വെളുത്തുള്ളി - 500 ഗ്രാം
  • മണ്ണെണ്ണ – 250 മി.ലി.
  • സോപ്പിന്‍ കുരു പൊടിച്ചത് - 50 ഗ്രാം
  •  വെള്ളം - 10 ലിറ്റര്‍

തയ്യാറാക്കുന്ന വിധം

  • പച്ചമുളക് ഞെട്ട് കളഞ്ഞ് അരച്ചെടുത്ത് 10 ലിറ്റര്‍ വെള്ളവുമായി ചേര്‍ത്ത് ഒരു ദിവസം  സൂക്ഷിക്കുക.
  • വെളുത്തുള്ളി അര കിലോ അരച്ച് 250 മില്ലി മണ്ണെണ്ണയുമായി ചേര്‍ത്ത് ഒരു ദിവസം വച്ചിരിക്കുക.
  • പിറ്റേ ദിവസം ഒരു ബക്കറ്റിലേക്ക് മുളക് മിശ്രിതം, നേര്‍ത്ത  തുണിയിലൂടെ അരിച്ചൊഴിക്കുക.
  • അതിലേക്ക് സോപ്പിന്‍ കുരു പൊടിയും ചേര്‍ത്തിളക്കുക.
  • ഈ കൂട്ട് 100 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിയ്ക്കാം.  ഒരേക്കറിന് ഇതു മതിയാകും.

കടപ്പാട്

കൃഷി മാന്വൽ , റിതു സാധികാര സംസ്ത , ആന്ധ്രാപ്രദേശ്

കാർഷിക പരിസ്ഥിതി അധിഷ്ഠിത വിള സമ്പ്രദായ ശൂപാർശ

NPV (Nucleo Polyhedrosis Virus) Solution
നിലവില്‍ മൂന്നു NPV ഉണ്ട്

1. ഹെലിക്കോവെര്‍പയ്ക്കെതിരേ - HNPV
2. സ്പോഡോപ്റ്റെറയ്ക്കെതിരേ - SNPV
3. ചുവന്ന കമ്പളിപുഴുവിനെതിരേ - RHNPV

എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്
ന്യൂക്ലിയോ പോള് ഹെഡ്രോസിഡ് വൈറസുകള്‍ ബാധിക്കുന്ന കീടങ്ങള്‍ ചത്ത്, തലകീഴായി ചെടിയില്‍ തൂങ്ങിക്കിടക്കുകയും ഉണങ്ങി പോവുകയും ചെയ്യുന്നു. കൃഷിയിടത്തില്‍ നിന്നും അത്തരത്തിലുള്ള 200 പുഴുക്കളെ ശേഖരിച്ച് അരച്ചെടുക്കുക. ഇതില്‍ വൈറസ് ഉണ്ടാകും. ഇങ്ങനെ തയ്യാറാക്കിയ മിശ്രിതം വിളകള്‍ക്ക് തളിച്ചുകൊടുക്കുന്നതു വഴി കീടങ്ങളുടെ പുഴുക്കളെ നിശിപ്പിക്കാനാകുന്നു.

  • ആക്രമണ തീവ്രതയനുസരിച്ച് ഒന്നോ രണ്ടോ പ്രാവശ്യം തളിയ്ക്കാവുന്നതാണ്.
    തണുപ്പുള്ള സ്ഥലത്തോ ഫ്രിഡ്ജിലോ ഈ മിശ്രിതം സൂക്ഷിച്ചു വയ്ക്കേണ്ടതാണ്.

തളിയ്ക്കേണ്ട അളവ്

HNPV - 200 LE (Larval Equivalent)
Spodoptera - 100 LE
Red Hairy Caterpillar - 200 LE

കടപ്പാട്
കൃഷി മാന്വൽ , റിതു സാധികാര സംസ്ത , ആന്ധ്രാപ്രദേശ്

തുളസിയില സത്ത്

തുളസിയിലയിലെ ആല്‍ക്കലോയിഡുകള്‍ രോഗനിയന്ത്രണത്തിന് സഹായിക്കുന്നു. ഇലപുള്ളി രോഗങ്ങള്‍ക്കെതിരേ ഫലപ്രദമാണ്.

വേണ്ട സാധനങ്ങള്‍

തുളസിയില - 5 കിലോ.
സോപ്പിന്‍കുരുപ്പൊടി - 100 ഗ്രാം

തയ്യാറാക്കുന്ന വിധം

  • 5 കിലോ തുളസിയില 10 ലിറ്റര്‍ വെള്ളത്തില്‍ അരമണിക്കൂര്‍ തിളപ്പിക്കുക.
  • ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം.
  • തണുപ്പിച്ച് അരിച്ചശേഷം സോപ്പുകുരുപൊടിയും ചേര്‍ത്തിളക്കുക.
  • ഈ മിശ്രിതം 100 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് വൈകുന്നേരങ്ങളില്‍ തളിച്ച് കൊടുക്കാവുന്നതാണ്.

മുന്‍കരുതല്‍

  • വിളകള്‍ക്ക് ഒന്നോരണ്ടോ പ്രാവശ്യം ഈ മിശ്രിതം തളിച്ചുകൊടുക്കാവുന്നതാണ്.
  • തയ്യാറാക്കിയ ഉടനെതന്നെ തളിയ്ക്കേണ്ടതാണ്. സൂക്ഷിച്ചുവയ്ക്കരുത്.

കടപ്പാട്

കൃഷി മാന്വൽ , റിതു സാധികാര സംസ്ത , ആന്ധ്രാപ്രദേശ്

പഞ്ചഗവ്യം

സൂക്ഷമജീവികളുടെ സഞ്ചയമായും വളര്‍ച്ചാത്വരകമായും വര്‍ത്തിക്കുന്നു. മാത്രവുമല്ല രോഗങ്ങളില്‍ നിന്നും സസ്യങ്ങളെ സംരക്ഷിക്കുയും ചെയ്യുന്നു. എല്ലാ വിളകള്‍ക്കും തവാരണകളിലും ഉപയോഗിക്കാവുന്നതാണ്.

വേണ്ട സാധനങ്ങള്‍

ചാണകം - 5 കിലോ
ഗോമൂത്രം- 3 ലിറ്റര്‍
പശുവിന്‍ പാലില്‍ നിന്നുണ്ടാക്കിയ യോഗര്‍ട്ട് - 2 ലിറ്റര്‍
പശുവിന്‍ പാല് -2 ലിറ്റര്‍
പശുവിന്‍ നെയ്യ് - 1/2 കിലോ
തേങ്ങാവെള്ളം -3 ലിറ്റര്‍
കള്ള്  -3 ലിറ്റര്‍
പഴുത്ത വാഴപ്പഴം -12 എണ്ണം
വെള്ളം  -3 ലിറ്റര്‍
കറുത്ത ശര്‍ക്കര - 1 കിലോ

തയ്യാറാക്കുന്നത വിധം

ഒരു മണ്‍കുടത്തില്‍ ചാണകവും നെയ്യും ചേര്‍ത്ത് അഞ്ചുദിവസം രാവിലെയും വൈകിട്ടും നന്നായി ഇളക്കുക. നെയ്യുടെ മണം ചാണകത്തിന് വരാനാണിങ്ങനെ ചെയ്യുന്നത്. ആഞ്ചാം ദിവസം പാല്‍ , ഗോമൂത്രം, യോഗര്‍ട്ട്, കള്ള്, തേങ്ങാവെള്ളം, ശര്‍ക്കര എന്നിവയെല്ലാം കൂടി ചേര്‍ക്കുക. പഴുത്തപഴം ഉടച്ച് ചേര്‍ക്കുക. മണ്‍കുടത്തിന്റെ വായ് ഭാഗം ഒരു തുണികൊണ്ട് മൂടിക്കെട്ടി, പ്രാണികള്‍ കയറാതെ 15 ദിവസം വയ്ക്കുക അതിനുശേഷം അരിച്ചെടുത്ത് / സൂക്ഷിക്കുക. 6 മാസം വരെ ഉപയോഗിക്കാവുന്നതാണ്. മിശ്രിതം ഉണങ്ങി കട്ടി കൂടിയതായി തോന്നുന്നുവെങ്കില്‍ അല്പം വെള്ളം ചേര്‍ക്കാവുന്നതാണ്.

തളിയ്ക്കേണ്ട അളവ്

3 ശതമാനം വീര്യത്തില്‍ തളിയ്ക്കുന്നത് ഫലപ്രദമെന്ന് കണ്ടിട്ടുണ്ട്. (3 ലിറ്റര്‍ പഞ്ചഗവ്യം 100 ലിറ്റര്‍ വെള്ളത്തില്‍ കലക്കി ) പവര്‍ സ്പ്രെയറിന് 10 ലിറ്റര്‍ വ്യാപ്തിക്ക് 300 മില്ലി വേണം. അടിഞ്ഞു കൂടിയിരിക്കുന്ന മട്ട് നന്നായി അരിച്ചതിന് ശേഷം മാത്രമേ സ്പ്രേയറില്‍ ഒഴിക്കാവൂ. വലിയ ദ്വാരമുള്ള നോസില്‍ ഉപയോഗിക്കുന്നതാവും നല്ലത്.

തളിയ്ക്കേണ്ട ഇടവേള

1. പുഷ്പിക്കുന്നതിന് മുമ്പ് (വളര്‍ച്ചാഘട്ടം) - രണ്ടാഴ്ചയിലൊരിക്കല്‍, 2 തവണ

2. പുഷ്പിക്കുകയും കായ് ഉണ്ടാവാന്‍ തുടങ്ങുന്ന സമയം - 10 ദിവസത്തിലൊരിക്കല്‍, 2 തവണ

3. കായ് പിടിക്കുന്ന സമയം - കായ്കള്‍ മൂപ്പെത്തുന്ന സമയം, ഒരു തവണ

വിവിധ വിളകള്‍ക്ക് പഞ്ചഗവ്യം നല്‍ക്കുന്നതിന്റെ വിവരം

1

നെല്ല്

പറിച്ച് നട്ട ശേഷം 10,15,30,50 ദിവസങ്ങളില്‍

2

ഉഴുന്ന്

മഴയെ ആശ്രയിച്ചുള്ളവയ്ക്ക് പുഷ്പിക്കാന്‍ തുടങ്ങുന്ന സമയം, പുഷ്പിച്ച് 15 ദിവസം കഴിഞ്ഞിട്ട് നനയ്ക്കുന്നയിടങ്ങളില്‍ - നട്ട് 15,25,40 ദിവസങ്ങളില്‍.

3

ചെറുപയര്‍

നട്ട് 15,25,30,40,50-ാം ദിവസം

4

വെണ്ട

നട്ട് 30,45,60,75 ദിവസം

5

മുരിങ്ങ

പുഷ്പിക്കുന്നതിന് മുമ്പും, കായ് പിടിക്കുന്ന സമയത്തും

6

തക്കാളി

തവാരണയിലും, നട്ട് 40 ദിവസം കഴിഞ്ഞും (വിത്ത് പരിചരണത്തിന് 1% ഒരു ദിവസം)

7

ഉള്ളി

പറിച്ചുനട്ട് 45, 60ാം ദിവസം

8

മുല്ല

പൂമൊട്ട് വരുന്നതിന് മുമ്പും, വരുന്ന സമയത്തും

കടപ്പാട്

കൃഷി മാന്വൽ , റിതു സാധികാര സംസ്ത , ആന്ധ്രാപ്രദേശ്

 

പൊങ്ങ് / ഉങ്ങ് വിത്ത് സത്ത് (Pongamia solution)

  • പൊങ്ങിന്‍ കുരുവില്‍ 'കരിഞ്ചിന്‍’, 'ഗ്ലാബ്രിന്‍' (karingin & glabrin) എന്നീ ആല്‍ക്കലോയിഡുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ കീടരോഗ നിയന്ത്രണത്തിന് ഉപയോഗിക്കാവുന്നതാണ്.

    വേണ്ട സാധനങ്ങള്‍

    പൊങ്ങിന്റെ കുരു - 5 കിലോ

    സോപ്പിന്‍കുരുപ്പൊടി - 100 ഗ്രാം

    വെള്ളം -

    തയ്യാറാക്കുന്ന വിധം

  • കട്ടിയുള്ള പുറന്തോടില്‍ നിന്നും കുരു വേര്‍തിരിച്ചെടുത്ത് (5 കിലോ) ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കുക.

  • അരച്ചെടുക്കുക.

  • ഒരു തുണിയില്‍ കിഴികെട്ടി 10-12 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക.

  • സത്ത് പിഴിഞ്ഞെടുക്കുക.

  • സോപ്പിന്‍കുരുപ്പൊടിയും ഇതോടൊപ്പം ചേര്‍ത്തിളക്കുക.

  • ഈ മിശ്രിതം 100 ലിറ്റര്‍ വെള്ളവുമായി ചേര്‍ത്ത് ഒരേക്കറിന് തളിയ്ക്കാവുന്നതാണ്.

കുറിപ്പ്

  • വിളയുടെ പ്രായവും കീടാക്രമണത്തിന്റെ തീവ്രതയുമനുസരിച്ച് രണ്ടോ മൂന്നോ തവണ തളിയ്ക്കാവുന്നതാണ്.

  • സോപ്പിന്‍കുരു പൊടിയ്ക്ക് പകരം ചിവക്കായ് പൊടി (sheekai powder) 500 ഗ്രാം ഉപയോഗിക്കാവുന്നതാണ്.

  • മിശ്രിതം ഉണ്ടാക്കിയാലുടന്‍ തന്നെ ഉപയോഗിക്കാവുന്നതാണ്. എല്ലാ വിളകള്‍ക്കും തളിയ്ക്കാവുന്നതാണ്.

കടപ്പാട്

കൃഷി മാന്വൽ , റിതു സാധികാര സംസ്ത , ആന്ധ്രാപ്രദേശ്

വേപ്പെണ്ണ

വേപ്പെണ്ണ (1500 ppm, 5000 ppm, 10000 ppm എന്നീ സാന്ദ്രതയില്‍ ലഭിക്കുന്നു)

  • കീടനിയന്ത്രണത്തിന് ശുദ്ധമായ വേപ്പെണ്ണ തന്നെ ഉപയോഗിക്കണം.

  • 5 ശതമാനം വീര്യമുള്ള വേപ്പെണ്ണ ലായനിയാണ് സാധാരണയായി കീടബാധയ്ക്കെതിരെ തളിയ്ക്കുന്നത് (ആതായത് 1 ലിറ്റര്‍ വെള്ളത്തില്‍ 50 മില്ലി).

  • വേപ്പെണ്ണ, വെള്ളത്തില്‍ ലയിക്കാത്തതിനാല്‍ സോപ്പിന്‍കുരുപ്പൊടി ചേര്‍ത്താല്‍ വ്യാപ്തി വര്‍ദ്ധിക്കുന്നതിന് സഹായകമാകുന്നു.

  • കീടാക്രമണത്തിന്റെ രൂക്ഷതയനുസരിച്ച് 100 മുതല്‍ 150 ലിറ്റര്‍ വരെ ഒരേക്കറിന് വേണ്ടിവരുന്നു.

  • നീരൂറ്റിക്കുടിയ്ക്കുന്ന പ്രാണികള്‍, ഇലചുരുട്ടി പുഴുക്കള്‍, കായ് തുരപ്പന്‍ പുഴുക്കള്‍ ഇവയെയൊക്കെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

വേപ്പിന്‍ പൊടി / വേപ്പിന്‍ പിണ്ണാക്ക്

മണ്ണിലുണ്ടാകുന്ന നിമാ വിരകളെയും വേരുതീനിപുഴുക്കളെയും നിയന്ത്രിക്കുന്നു.

  • വേപ്പെണ്ണ എടുത്ത ശേഷം ബാക്കിവരുന്ന പിണ്ണാക്കാണിത്.

  • ഇതില്‍ 5.2% - 5.6% പാക്യജനകം, 1.1% പൊട്ടാഷ് ഉണ്ട്.

  • ഏക്കറിന് 1 - 2 ക്വിന്റല്‍ വരെ വേപ്പിന്‍ പിണ്ണാക്ക് ഉപയോഗിക്കാവുന്നതാണ്.

  • മണ്ണില്‍ നിന്നും ജന്യമായ കീടങ്ങളെയും വേരുതീനി പുഴുക്കളെയും അകറ്റാന്‍ ഇവയ്ക്ക് കഴിയുന്നു.

  • ഉഴവിനോടൊപ്പം മണ്ണില്‍ ചേര്‍ത്ത് കൊടുക്കാവുന്നതാണ്.

  • തവാരണയില്‍ വിത്തു വിതയ്ക്കുന്നതിന് മുമ്പ് വേപ്പിന്‍ പിണ്ണാക്ക് ഇട്ടുകൊടുക്കാവുന്നതാണ്.

മുന്‍കരുതല്‍ (വേപ്പിന്‍കുരു സൂക്ഷിക്കുന്നതിന്ചെയ്യാവുന്നത്

  • ജൂണ്‍, ജൂലൈ മാസങ്ങളില്‍, മരത്തില്‍ നിന്നും പഴുത്തു തറയില്‍ വീഴുന്ന വിത്തുകള്‍ ശേഖരിക്കുക.

  • പഴത്തില്‍ നിന്നും കുരു വേര്‍തിരിച്ച് തണലത്ത് ഉണക്കിയെടുക്കുക.

  • ഒരു ചണച്ചാക്കില്‍ കെട്ടി സൂക്ഷിച്ചുവയ്ക്കുക.

  • വലിയ അളവില്‍ സൂക്ഷിച്ചുവയ്ക്കണമെങ്കില്‍ 500 ഗ്രാം ഗന്ധകവും കുമ്മായവും (1:10 അനുപാതം) ചേര്‍ന്ന മിശ്രിതം ഒരു ക്വിന്റല്‍ വിത്തിന് എന്ന തോതില്‍ ചേര്‍ത്തിളക്കി വയ്ക്കണം.

ചെയ്യരുതാത്തത്

  • ഒരു വര്‍ഷത്തില്‍ കൂടുതല്‍ വിത്തുക്കള്‍ സൂക്ഷിച്ചു വയ്ക്കരുത്.

  • നേരിട്ടു സൂര്യപ്രകാശത്തില്‍ ഉണക്കരുത്.

  • പോളിത്തീന്‍ ബാഗില്‍ സൂക്ഷിച്ചു വയ്ക്കരുത്.

ബ്രഹ്മാസ്ത്രം (പലതരം ഇലകളുടെ സത്ത്)

  •  വേപ്പില – 3 കിലോ
  • പൊങ്ങിന്റെ ഇല – 2 കിലോ
  • കരിനൊച്ചിയില – 2 കിലോ
  • അത്ത ഇല – 2 കിലോ
  • കപ്പളങ്ങയില – 2 കിലോ
  • ഉമ്മം ഇല – 2 കിലോ
  • പേര ഇല – 2 കിലോ
  • പാവല്‍ ഇല – 2 കിലോ
  • ഗോമൂത്രം - 10 ലിറ്റര്‍
  • സോപ്പുകുരുപൊടി - 100 ഗ്രാം
  • വെള്ളം - 10 ലിറ്റര്‍

വേപ്പ് ഉള്‍പ്പെടെ ഏതെങ്കിലും 5 തരം ഇലകള്‍ 10 ലിറ്റര്‍ വെള്ളത്തില്‍ ഒരു രാത്രി കുതിര്‍ത്തു വയ്ക്കുക.  പിറ്റേ ദിവസം ആ വെള്ളം തിളപ്പിച്ച് 5 ലിറ്റര്‍ ആക്കുക.  തണുപ്പിച്ച് അരിച്ച് ഗോമൂത്രവും സോപ്പിന്‍ കുരു പൊടിച്ചതും ചേര്‍ക്കുക.  ഈ കഷായം 100-150 ലിറ്റര്‍ (ഒരേക്കറിന്) വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികള്‍ക്ക് തളിയ്ക്കാവുന്നതാണ്.‌

  • നീരൂറ്റി കുടിക്കുന്ന പ്രാണികള്‍, ചെറിയ പുഴുക്കള്‍, പുല്‍ചാടികള്‍, കായ് തുരപ്പന്‍ പുഴുക്കള്‍  മുതലായവയെയൊക്കെ നിയന്ത്രിക്കാന്‍ കഴിയുന്നതാണ്.
  • എല്ലാത്തരം വിളകള്‍ക്കും കീടാക്രമണത്തിന്റെ തീവ്രതയനുസരിച്ച് ഒന്നോ രണ്ടോ പ്രാവശ്യം  തളിയ്ക്കാവുന്നതാണ്.
  •  ഈ കഷായത്തില്‍ ചേര്‍ത്തിരിക്കുന്ന ഇലകളില്‍ അടങ്ങിയ പലതരം ആല്‍ക്കലോയിഡുകള്‍  കീടങ്ങളെ തുരത്തുവാന്‍ സഹായിക്കുന്നു.

മുന്‍കരുതല്‍

  • കഷായം തയ്യാറാക്കുന്നവര്‍ മുഖാവരണം ധരിയ്ക്കുക.
  • വൈകുന്നേരങ്ങളില്‍ തളിയ്ക്കുന്നതാണ് കൂടുതല്‍ ഫലപ്രദം
  • തയ്യാറാക്കിയ ലായനി സൂക്ഷിച്ചുവയ്ക്കുന്നത് നന്നല്ല.
  • ചെടികളുടെ ഇളം പ്രായത്തില്‍ (30-45 ദിവസം) ഈ കഷായം തളിക്കരുത്
  • തവാരണകളിലും ഉപയോഗിക്കരുത്.

കടപ്പാട്

കൃഷി മാന്വൽ , റിതു സാധികാര സംസ്ത , ആന്ധ്രാപ്രദേശ്

ഉണക്കമുളക് - വെളുത്തുള്ളി മിശ്രിതം

  • ഉണക്കമുളക് - 1 കിലോ
  • വെളുത്തുള്ളി - 1 കിലോ
  • വെള്ളം - 5 ലിറ്റര്‍

തയ്യാറാക്കുന്ന വിധം

  • മുളക് പൊടിച്ച ശേഷം 5 ലിറ്റര്‍ വെള്ളവും ചേര്‍ത്ത് ഒരു രാത്രി വച്ചേക്കുക.
  • തൊലി പൊളിച്ച വെളുത്തുള്ളി അരച്ച ശേഷം 5 ലിറ്റര്‍ വെള്ളം ചേര്‍ത്ത് ഒരു രാത്രി വച്ചേക്കുക
  • പിറ്റേ ദിവസം ഈ രണ്ടും കൂടി ചേര്‍ത്ത്, ഒരു നേര്‍ത്ത തുണിയിലൂടെ അരിച്ചെടുക്കുക.
  • നാലു മണിക്കൂര്‍ വച്ചിരുന്ന ശേഷം - 100 ലിറ്റര്‍ വെള്ളം ചേര്‍ത്ത് തളിയ്ക്കുക.

മുന്‍കരുതല്‍

  1. ഒരു വിള കാലത്തില്‍ രണ്ടു തവണ മാത്രമേ ഈ മിശ്രിതം തളിയ്ക്കാവു.
  2. തയ്യാറാക്കുന്ന ദിവസം തന്നെ തളിയ്ക്കണം. സൂക്ഷിച്ചു വയ്ക്കരുത്.
  3. ഈ മിശ്രിതം തയ്യാറാക്കുന്ന ആള്‍ ദേഹത്ത് (കൈയ്യിലും, കാലിലും) എണ്ണ തടവുന്നത് നല്ലതാണ്. മാത്രവുമല്ല തളിയ്ക്കുന്നതിനു മുമ്പേ ദേഹം മൂടുന്ന സുരക്ഷാ വസ്ത്രങ്ങള്‍ ധരിയ്ക്കേണ്ടതാണ്.

കടപ്പാട്

കൃഷി മാന്വൽ , റിതു സാധികാര സംസ്ത , ആന്ധ്രാപ്രദേശ്

വേപ്പിന്‍ കുരു സത്ത്

വേപ്പില്‍ അടങ്ങിയിരിക്കുന്ന അസാഡിറാക്ടിന്‍ എന്ന ആല്‍ക്കലോയി്ഡ് കീടങ്ങളുടെ മുട്ടകളെ വന്ധ്യമാക്കുകയും അവ വിരിയാതിരിക്കുകയും ചെയ്യുന്നു.  കീടങ്ങളെ അകറ്റുകയും തന്മൂലം കീടാക്രമണം കുറയ്ക്കുകയും ചെയ്യുന്നു.

വേണ്ട സാധനങ്ങള്‍

  • വേപ്പിന്‍ കുരു - 5 കിലോ
  • സോപ്പിന്‍ കുരു പൊടിച്ചത് - 100 ഗ്രാം
  • വെള്ളം - 10 ലിറ്റര്‍

തയ്യാറാക്കുന്ന വിധം

  • തണലത്ത് ഉണക്കിയ ഗുണമേന്മയുള്ള വേപ്പിന്‍ കുരു 5 കിലോ എടുത്ത് പൊടിയാക്കുക
  • ഈ പൊടി ഒരു തുണിയില്‍ കിഴികെട്ടി 10 ലിറ്റര്‍ വെള്ളത്തില്‍ 10-12 മണിക്കൂര്‍ മുക്കി വയ്ക്കുക.
  • അതിനു ശേഷം കിഴി ഞെക്കിപിഴിഞ്ഞ് സത്തെടുക്കുക
  • നേര്‍ത്ത തുണിയിലൂടെ അരിച്ചെടുക്കുക
  • ഇതിലേക്ക് സോപ്പ് കുരു പൊടിച്ചതും ചേര്‍ക്കുക
  • 100 ലിറ്റര്‍ വെള്ളത്തില്‍ കലക്കി വൈകുന്നേരങ്ങളില്‍ തളിയ്ക്കാവുന്നതാണ്.

കുറിപ്പ്

  • വിളയുടെ പ്രായവും കീടാക്രമണത്തിന്റെ തീവ്രതയും അനുസരിച്ച് 5 മുതല്‍ 10 കിലോ വരെ                വേപ്പിന്‍ കുരു പൊടി വേണ്ടി വരും.
  • തയ്യാറാക്കിയ മിശ്രിതം സൂക്ഷിച്ചു വയ്ക്കരുത്
  •  എല്ലാ വിളകള്‍ക്കും തവാരണയിലും ഉപയോഗിക്കാവുന്നതാണ്
  •  ഫല വൃക്ഷത്തോട്ടങ്ങളിലും നല്ല വിളവിനായി ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്.

ഉപയോഗങ്ങള്‍

  • കീടങ്ങളുടെ മുട്ടകളെയും പുഴുക്കളെയും ബാധിയ്ക്കുന്നു.  വേപ്പിന്‍ കുരു സത്ത് തളിച്ച ഇലകള്‍ക്ക്  കയ്പ്പു വരുന്നതിനാല്‍ പുഴുക്കള്‍ ഇല തിന്നാന്‍ വിമുഖരാകുന്നു
  • “അസാഡിറാക്ടിന്‍“ കീടങ്ങളുടെ ജീവിത ചക്രത്തെ ബാധിക്കുകയും കീടങ്ങള്‍ പുഴുക്കളോ  പൂപ്പകളോ ആയി നശിക്കുകയും ചെയ്യുന്നു.
  • മനുഷ്യര്‍ക്കും പ്രകൃതിയ്ക്കും മിത്ര കീടങ്ങള്‍ക്കും ഒരു ദോഷവും ഉണ്ടാകുന്നില്ല
  • വേപ്പിലുള്ള ലെമണോയി‍ഡുകള്‍ (Lemonoids) വിളകളെ ആരോഗ്യമുള്ളതാക്കുന്നു.

കടപ്പാട്

കൃഷി മാന്വൽ , റിതു സാധികാര സംസ്ത , ആന്ധ്രാപ്രദേശ്

കാർഷിക പരിസ്ഥിതി അധിഷ്ഠിത വിള സമ്പ്രദായ ശൂപാർശ

ഉമ്മത്തിന്‍ ഇല സത്ത് (Datura leaf Extract )

  • മുഞ്ഞ, ഇലത്തുള്ളന്‍, ഇലപേന്‍ തുടങ്ങിയവയ്ക്കെതിരെ ഉപേയാഗിക്കാവുന്നതാണ്.
    ഉമ്മത്തിന്റെ ഇല - 8 കിലോ
    വെള്ളം - 10 ലിറ്റര്‍

    ഉമ്മത്തിന്റെ ഇല അരച്ചെടുത്ത് 10 ലിറ്റര്‍ വെള്ളത്തില്‍ അരമണിക്കൂര്‍ തിളപ്പിക്കുക. തണുപ്പിച്ച് അരിച്ചശേഷം 100 ഗ്രാം സോപ്പിന്‍ കുരുപൊടിയോ 50 ഗ്രാം സര്‍ഫോ ചേര്‍ത്ത് 100 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ഒരു ഏക്കറില്‍ തളിക്കുക.

കടപ്പാട്

കൃഷി മാന്വൽ , റിതു സാധികാര സംസ്ത , ആന്ധ്രാപ്രദേശ്

ചങ്ങലം പരണ്ട സത്ത്

  • മീലി മൂട്ടകള്‍ക്കെതിരേ പ്രയോഗിക്കാവുന്നതാണ്.

ചങ്ങലം പരണ്ട ചെടി - 3 കിലോ
വാളന്‍ പുളി - 3 കിലോ
സോപ്പ് കുരു - 500ഗ്രാം
കായം - 300 ഗ്രാം
ഗോമൂത്രം - 10 ലിറ്റര്‍

എല്ലാം കൂടി അരച്ചെടുത്ത് ഗോമൂത്രവും ചേര്‍ത്ത് 10 ദിവസം പുളിക്കാനനുവദിക്കുക പിന്നീട് അരിച്ചെടുത്ത്, അതില്‍ നിന്നും 3 ലിറ്റര്‍ 100 ലിറ്റര്‍ വെള്ളവുമായി ചേര്‍ത്ത് നേര്‍പ്പിച്ച് ഒരേക്കറിന് തളിയ്ക്കുക.

കടപ്പാട്

കൃഷി മാന്വൽ , റിതു സാധികാര സംസ്ത , ആന്ധ്രാപ്രദേശ്

പത്തില സത്ത്

വേപ്പില - 3 കിലോ

എരുക്ക് - 2 കിലോ

കരിനെച്ചി - 2 കിലോ

പൊങ്ങാമിയ - 2 കിലോ  (ഉങ്ങ്/ പൊങ്ങ്)

പപ്പായ - 2 കിലോ

ഉമ്മം - 2 കിലോ

ആത്ത - 2 കിലോ

പേര - 2 കിലോ

നാറ്റ പൂച്ചെടി (കൊങ്ങിണി) - 2 കിലോ

അരളി - 2 കിലോ

കായം - 300 ഗ്രാം

ഗോമൂത്രം - 10 ലിറ്റര്‍

പച്ചചാണകം - 2 കിലോ

സോപ്പിന്‍ കുരു - 500 ഗ്രാം

വെള്ളം - 200 ലിറ്റര്‍

തയ്യാറാക്കുന്ന രീതി

ഒരു വീപ്പയില്‍ 200 ലിറ്റര്‍ വെള്ളമൊഴിച്ച്, 10 ലിറ്റര്‍ ഗോമൂത്രവും പച്ചചാണകവും കായവും ചേര്‍ക്കുക. എല്ലാ ഇലകളും സോപ്പ്കരുവും അരച്ച് വീപ്പയിലുള്ള മിശ്രിതവുമായി ചേര്‍ത്ത്, എല്ലാ ദിവസവും ഇളക്കി 10 ദിവസം പുളിയ്ക്കാനനുവദിക്കുക. അതിനുശേഷം അരിച്ചെടുക്കുക ഇതില്‍ നിന്നും 10 ലിറ്റര്‍ എടുത്ത് 100 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഒരേക്കറിന് തളിയ്ക്കുക.

  • നീരൂറ്റിക്കുടിയ്ക്കുന്ന ചെറുപ്രാണികളെയും ശലഭങ്ങളുടെ ഒന്നാം ദശയിലും രണ്ടാം ദശയിലുമുള്ള ചെറുപുഴുക്കളെയും നിയന്ത്രിക്കുന്നു.

  • വൈകുന്നേരങ്ങളില്‍ തളിയ്ക്കുന്നതാണ് ഫലപ്രദം.

കടപ്പാട്

കൃഷി മാന്വൽ , റിതു സാധികാര സംസ്ത , ആന്ധ്രാപ്രദേശ്

മുട്ട- നാരങ്ങ അമിനോ ആസിഡ്

  • വലിയ വായ് വട്ടമുള്ള ഒരു സ്പടിക കുപ്പിയിലേക്ക് 12 മുട്ട വയ്ക്കുക.

  • മുട്ട മുങ്ങിക്കിടക്കത്തക്കവിധം നാരങ്ങ നീര് ഒഴിക്കുക.

  • ഒരു തുണികൊണ്ട് വായ് മൂടി കെട്ടി, കുപ്പി സൂക്ഷിച്ച് 12 ദിവസം വയ്ക്കുക.

  • അതിനുശേഷം മുട്ട മുഴുവനും അലിഞ്ഞു ചേര്‍ന്നിട്ടുണ്ടാകും.

  • ഒരു കിലോ ശര്‍ക്കര കൂടി ചേര്‍ത്ത് നന്നായിളക്കുക.

  • ഈ മിശ്രിതം നേര്‍പ്പിച്ചു തളിയ്ക്കാവുന്നതാണ്. (250 മില്ലി, നൂറ് ലിറ്റര്‍ വെള്ളത്തില്‍).

  • ഒരു വളര്‍ച്ച ത്വരകമാണിത്.

  • വിളകള്‍ക്ക് കാല്‍സ്യം നല്‍കുന്നു.

കടപ്പാട്

കൃഷി മാന്വൽ , റിതു സാധികാര സംസ്ത , ആന്ധ്രാപ്രദേശ്

സപ്തധന്യാങ്കുര മിശ്രിതം (ടോണിക്)

വേണ്ട സാധനങ്ങള്‍

ഗോതമ്പ് - 100 ഗ്രാം
ചെറുപയര്‍ - 100 ഗ്രാം
ഉഴുന്ന് - 100 ഗ്രാം
കടല - 100ഗ്രാം
മുതിര - 100 ഗ്രാം
പയര്‍ - 100 ഗ്രാം
എള്ള് - 100 ഗ്രാം
ഗോമൂത്രം - 10 ലിറ്റര്‍
വെള്ളം - 200 ലിറ്റര്‍

തയ്യാറാക്കുന്ന രീതി

ഒരു നനഞ്ഞ തുണിയില്‍, മേല്‍പറഞ്ഞ വിത്തുകളെല്ലാം പൊതിഞ്ഞുവച്ച് മുളപ്പിക്കാനായി 3 ദിവസം വയ്ക്കുക. മൂന്നാം ദിവസം മുളച്ച വിത്തുകളെല്ലാം കൂടി അരച്ചെടുത്ത് വീപ്പയിലിട്ട് 200 ലിറ്റര്‍ വെള്ളവും 10 ലിറ്റര്‍ ഗോമൂത്രവും ചേര്‍ത്ത് ഒരു ദിവസം വയ്ക്കുക. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഇളക്കികൊടുക്കണം. അരിച്ചെടുത്ത് വിളകള്‍ക്ക് തളിയ്ക്കാവുന്നതാണ്.

ഉപയോഗം

  • ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നു.

  • സൂക്ഷമ സ്ഥൂലമൂലകങ്ങള്‍ ചെടികള്‍ക്ക് നല്‍കുകയും ആരോഗ്യം പ്രദാനം ചെയ്യുകയും ചെയ്യുന്നു.

  • ധാന്യമണികളുടെ തൂക്കം കൂടുന്നു.

  • വളരുന്ന പ്രായം, പുഷ്പിക്കുന്ന സമയം, മണികള്‍ ഉണ്ടാവുന്ന സമയം, കായ്കള്‍ ഉണ്ടാവുന്ന സമയം തുടങ്ങി ചെടികളുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ തളിയ്ക്കാവുന്നതാണ്. പച്ചക്കറികള്‍ക്കും ഫലവര്‍ഗ്ഗങ്ങള്‍ക്കും ധാന്യവര്‍ഗ്ഗങ്ങള്‍ക്കും തുടങ്ങി എല്ലാ വിളകള്‍ക്കും ഉപയോഗിക്കാവുന്നതാണ്.

കടപ്പാട്

കൃഷി മാന്വൽ , റിതു സാധികാര സംസ്ത , ആന്ധ്രാപ്രദേശ്

നീമാസ്ത്രം

നീരൂറ്റിക്കുടിയ്ക്കുന്ന പ്രാണികളെ നശിപ്പിക്കുന്നു.

വേണ്ട സാധനങ്ങള്‍

  • വേപ്പില അരച്ചത് - 10 കിലോ
  • ഗോമൂത്രം - 10 ലിറ്റര്‍
  • പച്ചചാണകം - 2 കിലോ
  • വെള്ളം - 200 ലിറ്റര്‍

തയ്യാറാക്കുന്ന വിധം

വേപ്പില അരച്ചത് 200 ലിറ്റര്‍ വെള്ളത്തില്‍ കലക്കുക.  അതോടൊപ്പം 10 ലിറ്റര്‍ ഗോമൂത്രവും 2 കിലോ പച്ചചാണകവും ചേര്‍ത്ത് നന്നായി ഇളക്കുക.  ഒന്നോ രണ്ടോ ദിവസം (24-48 hrs) പുളിയ്ക്കാന്‍ അനുവദിക്കുക.  ഒരു നേര്‍ത്ത തുണിയിലൂടെ അരിച്ചെടുത്ത് വെള്ളം ചേര്‍ക്കാതെ ചെടികള്‍ക്ക് തളിയ്ക്കാവുന്നതാണ്.

കടപ്പാട്

കൃഷി മാന്വൽ , റിതു സാധികാര സംസ്ത , ആന്ധ്രാപ്രദേശ്

ചാണകം - ഗോമൂത്രം - കായം മിശ്രിതം

  • ചാണകത്തിലും ഗോമൂത്രത്തിലും കുമിള്‍രോഗങ്ങളെ ചെറുക്കാനുള്ള ധാരാളം സൂക്ഷ്മ ജീവികള്‍  ഉണ്ട്.
  •  ചെടികളുടെ കായിക വളര്‍ച്ചയ്ക്കുതകുന്ന പോഷകങ്ങളുമുണ്ട്.
  •  വളര്‍ച്ചാകാലങ്ങളില്‍ രണ്ടോ മൂന്നോ തവണ ഈ മിശ്രിതം ചെടികള്‍ക്ക് നല്‍കാവുന്നതാണ്.

വേണ്ട സാധനങ്ങള്‍

  •  ചാണകം (പുതിയത്) - 5 കിലോ
  •  ഗോമൂത്രം - 5 ലിറ്റര്‍
  •  കുമ്മായം - 50 ഗ്രാം
  •  വെള്ളം - 5 ലിറ്റര്‍

തയ്യാറാക്കുന്ന രീതി

ഒരു വീപ്പയില്‍ ചാണകം, ഗോമൂത്രം, വെള്ളം 5 ലിറ്ററും ഒഴിച്ച് കലക്കി വയ്ക്കുക.  4 ദിവസം പുളിയ്ക്കാന്‍ അനുവദിക്കുക.  എല്ലാ ദിവസവും ഒരു വടി ഉപയോഗിച്ച് ഈ മിശ്രിതം നന്നായി ഇളക്കുക.  നാലു ദിവസം കഴിഞ്ഞ് ആ മിശ്രിതം അരിച്ച് 50 ഗ്രാം കുമ്മായം കൂടി ചേര്‍ത്തിളക്കുക.  100 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഒരേക്കറിന് തളിയ്ക്കാവുന്നതാണ്.

മുന്‍ കരുതലുകള്‍

ഈ മിശ്രിതം കൊഴുപ്പുള്ളതായതിനാല്‍ ആദ്യം അരിയ്ക്കുന്നതിന് ചണചാക്കോ വലയോ   ഉപയോഗിക്കുക. വെള്ളം ചേര്‍ത്തതിനു ശേഷം നേര്‍ത്ത തുണിയിലൂടെ അരിച്ചെടുക്കാവുന്നതാണ്.    ഒന്നോ രണ്ടോ ദിവസത്തിനകം ഉപയോഗിക്കുന്നതാണ് നല്ലത്.

  •    വിളകളുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.
  •    വരള്‍ച്ചയെ പ്രതിരോധിക്കാനുള്ള ശേഷിയും വര്‍ദ്ധിപ്പിക്കുന്നു.

കടപ്പാട്

കൃഷി മാന്വൽ , റിതു സാധികാര സംസ്ത , ആന്ധ്രാപ്രദേശ്

NADEP കമ്പോസ്റ്റിംഗ്

Developed by Narayan Deatao Pandharipande of Maharashtra (also popularly known as Nadepkaka)

ടാങ്ക് നിര്‍മ്മിതി

  • ഉള്‍വശം 10 അടി നീളവും 6 അടി വീതിയും 3 അടി പൊക്കവുമുള്ളതും തറയില്‍ നിന്ന്
    25 cm ഉയരവുമുള്ള ചുടുകട്ട് വച്ച് കെട്ടിയ വായൂ സഞ്ചാരമുള്ള ഒരു ടാങ്ക് നിര്‍മ്മിക്കണം.ടാങ്കിന്റെ തറഭാഗം ചുടുകട്ട അടുക്കിയതാവണം
  • വശങ്ങളില്‍ വായൂസ‍ഞ്ചാരം ഉറപ്പുവരുത്താനായി കട്ടകള്‍ ക്രമീകരിച്ച് കെട്ടണം.
  • മുകളില്‍ ഒരു മേല്‍ക്കൂരയുണ്ടാവണം
  • ഈ സംവിധാനം വഴി പോഷകങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും കമ്പോസ്റ്റ് മഴയും വെയിലുമേല്‍ക്കാതെയിരിക്കുവാനുമിത് സഹായിക്കും.

ടാങ്ക് നിറയ്ക്കുന്ന വിധം

  • ജൈവ മാലിന്യങ്ങള്‍ ചാണകം, മണ്ണ് എന്നിവ 45:5:50 എന്ന അനുപാതത്തില്‍ നിറയ്ക്കാവുന്നതാണ്.
  • ആദ്യം സസ്യ മാലിന്യങ്ങള്‍ (പച്ചക്കറിയുള്‍പ്പടെ) (45 കിലോ) പിന്നീട് ചാണകം 5 കിലോ 70 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയത് അതിന് മുകളില്‍ മണ്ണ് (50 കിലോ) ഇങ്ങനെ തട്ട് തട്ടായി ഉദ്ദേശം 15 തട്ടുകള്‍ ആകുമ്പോഴേക്കും ടാങ്ക് നിറയും
  • പച്ചിലകളോ പച്ചിലവളച്ചെടികളോ ഉണ്ടെങ്കില്‍ അതും ഇടാവുന്നതാണ്.
  • പോഷകങ്ങളുണ്ടാകുന്നത് മണ്ണില്‍ പിടിക്കുന്നതിനാല്‍ നഷ്ട ഒഴിവാക്കാനാവും.
  • ടാങ്ക് നിറച്ചശേഷം 22-50 ലിറ്റര്‍ വരെ ആഴ്ചയില്‍ 2 പ്രാവശ്യം നനച്ചു

    കൊടുക്കണം

  • ടാങ്കില്‍ നിറച്ചിരിക്കുന്ന ജൈവവസ്തുക്കള്‍ പൂര്‍ണ്ണമായി അഴുകി കമ്പോസ്റ്റ് ആകുന്നതിന് 100 മുതല്‍ 120 ദിവസം വരെയെടുക്കും.
  • ഒരു ടാങ്ക് വര്‍ഷത്തില്‍ മൂന്നുപ്രാവശ്യം കമ്പോസ്റ്റ് ഉണ്ടാക്കാനുപയോഗിക്കാം.
  • ഒരു പ്രാവശ്യം ഉണ്ടാക്കുന്ന 2.5 ടണ്‍ കമ്പോസ്റ്റില്‍ നിന്ന് ശരാശരി 25 കിലോ, പാക്യജനകം, 12.5 കിലോ ഭാവകം, 30 കിലോ പൊട്ടാഷ് ലഭിക്കുന്നതായി കണക്കാക്കപ്പെടുന്നു.
  • മേല്‍ക്കൂരയുള്ള ഒരു ഷെഡിനകത്ത് തയ്യാറായ കമ്പോസ്റ്റ് ഉണക്കി

    സൂക്ഷിക്കാവുന്നതാണ്. 20 ശതമാനം ഈര്‍പ്പം നിലനിര്‍ത്തി ആവശ്യ

    സമയങ്ങളില്‍ ഉപയോഗിക്കാവുന്നതുമാണ്.

  • 6 മുതല്‍ 8 മാസം വരെ ഈ കമ്പോസ്റ്റ് ഇപ്രകാരം സൂക്ഷിക്കാവുന്നതാണ്.
  • കമ്പോസ്റ്റിംഗ് പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനായി ട്രൈക്കോഡര്‍മ, അസറ്റോബാക്ടര്‍,

    ഫോസ്ഫറസ് ലായക ബാക്ടീരിയ എന്നിവ തളിയ്ക്കാവുന്നതാണ്.

കടപ്പാട്

കൃഷി മാന്വൽ , റിതു സാധികാര സംസ്ത , ആന്ധ്രാപ്രദേശ്

കാർഷിക പരിസ്ഥിതി അധിഷ്ഠിത വിള സമ്പ്രദായ ശൂപാർശ

കൂവളം ഇലസത്ത്

ഇലകളില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയിഡുകള്‍ രോഗനിയന്ത്രണത്തിന് സഹായിക്കുന്നു. നെല്ലിന്റെ പോളരോഗവും ബ്ലാസ്റ്റ് രോഗവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

വേണ്ട സാധനങ്ങള്‍

കൂവളത്തിന്റെ ഇല - 5 കിലോ

സോപ്പിന്‍കുരു പൊടി - 100 ഗ്രാം

വെള്ളം - 10 ലിറ്റര്‍

തയ്യാറാക്കുന്ന വിധം

  • 5 കിലോ കൂവളത്തിന്‍ ഇല, 10 ലിറ്റര്‍ വെള്ളത്തില്‍ അര മണിക്കൂര്‍ തിളപ്പിക്കുക, ഇടയ്ക്കിടയ്ക്ക് ഇളക്കികൊടുക്കണം.

  • തണുപ്പിച്ച് അരിച്ചെടുത്ത്, സോപ്പിന്‍കുരുപ്പൊടിയും ചേര്‍ത്തിളക്കുക.

  • 100 ലിറ്റര്‍ വെള്ളം ചേര്‍ത്ത് വൈകുന്നേരങ്ങളില്‍ ചെടികള്‍ക്ക് തളിച്ച് കൊടുക്കാവുന്നതാണ്. ഒരേക്കറിന് ഇതുമതിയാകും.

മുന്‍കരുതല്‍

  • വിളകള്‍ക്ക് ഒന്നോരണ്ടോ തവണ ഈ സത്ത് തളിച്ചുകൊടുക്കാവുന്നതാണ്.

  • തയ്യാറാക്കിയ ഉടന്‍തന്നെ തളിയ്ക്കേണ്ടതാണ്. സൂക്ഷിച്ചുവയ്ക്കരുത്.

  • മുഖാവരണവും കയ്യുറകളും ധരിച്ചുകൊണ്ടുമാത്രമേ തയ്യാറാക്കുകയും തളിയ്ക്കുകയും ചെയ്യാവൂ.

കടപ്പാട്

കൃഷി മാന്വൽ , റിതു സാധികാര സംസ്ത , ആന്ധ്രാപ്രദേശ്

കറ്റാര്‍വാഴ- മഞ്ഞള്‍ മിശ്രിതം

വേണ്ട സാധനങ്ങള്‍
കറ്റാര്‍ വാഴ -3 കിലോ (അകത്തെ കാമ്പ്.)
ആത്തയുടെ ഇലകള്‍ -2കിലോ
മഞ്ഞള്‍ പൊടി -500 ഗ്രാം
സോപ്പുകുരു പൊടി -500 ഗ്രാം
ഗോമൂത്രം -10 ലിറ്റര്‍

ആത്തയില അരച്ചെടുത്തതിനോടൊപ്പം കറ്റാര്‍ വാഴയിലയില്‍ നിന്നെടുത്ത ജെല്ലിയും ചേര്‍ത്ത് നന്നായി ഇളക്കി, 200 ലിറ്റര്‍ വെള്ളം ചേര്‍ത്ത് ഘടികാരദിശയില്‍ ഇളക്കുക. അതോടൊപ്പം മഞ്ഞള്‍പ്പൊടിയും സോപ്പുകുരുപ്പൊടിയും ഗോമൂത്രവും ചേര്‍ത്തിളക്കി രണ്ട് ദിവസം വയ്ക്കുക. അതിനുശേഷം അരിച്ച് തളിയ്ക്കാവുന്നതാണ്. ഒരേക്കറിന് 200 ലിറ്റര്‍ മിശ്രിതം മതിയാകുന്നതാണ്.

  • ഈ മിശ്രിതം അമിനോ അമ്ലങ്ങളും സൂക്ഷമ മൂലകങ്ങളും നിറഞ്ഞതാണ്. ബാക്ടിരിയയ്ക്കും കുമിളുകള്‍ക്കുമെതിരേ ഫലപ്രദമാണ്.

  • മുളകിന്റെയും മറ്റു വിളകളുടെയും തണ്ടുണക്കത്തിനെതിരേ തളിയ്ക്കാവുന്നതാണ്.

കടപ്പാട്

കൃഷി മാന്വൽ , റിതു സാധികാര സംസ്ത , ആന്ധ്രാപ്രദേശ്

പുളിച്ച മോരിന്‍ വെള്ളം (കുമിള്‍ നാശിനി)

  • ഇലപുള്ളി രോഗങ്ങള്‍, blast, blight തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ പ്രയോഗിക്കാവുന്നതാണ്.

  • തൈര് 2 ലിറ്റര്‍ മൂന്നോനാലോ ദിവസം പുളിപ്പിച്ച് 6 ലിറ്റര്‍ മോരിന്‍ വെള്ളമാക്കുക.

  • 100 ലിറ്റര്‍ വെള്ളത്തില്‍ 6 ലിറ്റര്‍ മോരിന്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഒരേക്കറിന് തളിയ്ക്കാവുന്നതാണ്.

ചുക്ക് - പാല്‍ മിശ്രിതം

എല്ലാ രോഗങ്ങള്‍ക്കും എതിരേ പ്രയോഗിക്കാവുന്നതാണ്.

വേണ്ട സാധനങ്ങള്‍

ചുക്ക് പൊടി - 200 ഗ്രാം.

വെള്ളം - 2 ലിറ്റര്‍.

പശുവിന്‍ / എരുമപാല്‍ - 5 ലിറ്റര്‍.

ചുക്കുപൊടിയില്‍ വെള്ളം ചേര്‍ത്ത് തിളപ്പിച്ച് ഒരു ലിറ്ററാക്കുക. പാല്‍ വേറെ പാത്രത്തില്‍ തിളപ്പിക്കുക. തണുത്തശേഷം രണ്ടുംകൂടി ചേര്‍ത്തിളക്കുക.

കുറിപ്പ്

  • തയ്യാറാക്കിയ അതേ ദിവസം തന്നെ ഉപയോഗിക്കണം. സൂക്ഷിച്ചു വയ്ക്കരുത്.

  • ഈ മിശ്രിതം 200 ലിറ്റര്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഒരേക്കറിന് തളിയ്ക്കാവുന്നതാണ്.

കടപ്പാട്

കൃഷി മാന്വൽ , റിതു സാധികാര സംസ്ത , ആന്ധ്രാപ്രദേശ്

മല്‍സ്യ അമിനോ ആസിഡ്

ഒരു ഭരണിയില്‍ രണ്ടുകിലോ കഷണങ്ങളാക്കിയ മല്‍സ്യവും 2 കിലോ പൊടിച്ച ശര്‍ക്കരയും ഇട്ട് 15 ദിവസത്തോളം സൂക്ഷിച്ചുവയ്ക്കുക. ദിവസവും ഇളക്കികൊടുക്കുക രണ്ടാഴ്ച കഴിയുമ്പോഴേക്കും മത്സ്യമെല്ലാം അലി‍ഞ്ഞു ചേര്‍ന്നിട്ടുണ്ടാകും. അരിച്ചെടുത്ത് കുപ്പികളില്‍ സൂക്ഷിക്കുക. ഇതില്‍ നിന്നും 250 മില്ലി എടുത്ത് 100 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് 1 ഏക്കറിന് തളിയ്ക്കാവുന്നതാണ്. നല്ല ഒരു വളര്‍ച്ചാ ത്വരകമാണിത്.

കടപ്പാട്

കൃഷി മാന്വൽ , റിതു സാധികാര സംസ്ത , ആന്ധ്രാപ്രദേശ്