1 | നെല്‍കൃഷി വികസനം | ശീർഷകം : 2401-00-102-90 | 8765.00 ലക്ഷം രൂപ |
സംസ്ഥാനത്ത് 7 പ്രത്യേക കാര്‍ഷിക മേഖലയില്‍പ്പെടുന്ന പ്രകൃത്യാ തന്നെ നെല്‍കൃഷിക്ക് അനുകൂല സാഹചര്യമുള്ളതും ഉല്‍പ്പാദന വര്‍ദ്ധനവിന് സാദ്ധ്യതയുള്ളതുമായ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് തരിശുനില കൃഷിയ്ക്കും ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്കി നെല്‍ക്കൃഷി വികസന പരിപാടികള്‍ നടപ്പിലാക്കുന്നതിന് പ്രധാന ഊന്നല്‍ നല്കുന്നു. നെല്‍കൃഷിയുടെ വിസ്തൃതി വര്‍ദ്ധിപ്പിച്ച് 3 ലക്ഷം ഹെക്ടര്‍ ആക്കുക എന്ന ലക്ഷ്യം പതിമൂന്നാം പദ്ധതിയുടെ അവസാനത്തോടെ കൈവരിക്കുന്നതിന് ലക്ഷ്യമിടുന്നു. ഇതിലേയ്ക്കായി 2018-19-ല്‍ 87.65 കോടി രൂപ വകയിരുത്തുന്നു.
സുസ്ഥിര നെല്‍കൃഷി വികസനത്തിന് ഉല്പാദനോപാധികള്ക്കുള്ള സഹായമായി ഹെക്ടര്‍ ഒന്നിന് 5500 രൂപ ക്രമത്തില്‍ സഹായം നല്‍കുന്നതിനായി 60.00 കോടി രൂപ വകയിരുത്തുന്നു. ഗുണമേന്മയുള്ള വിത്തുകള്‍, ജൈവ ഉല്പാദനോപാധികള്, സര്ട്ടിഫിക്കേഷന്, ജൈവ നിയന്ത്രണകാരികള് എന്നിവയ്ക്കുള്ള സഹായമായാണ് ഹെക്ടര്‍ ഒന്നിന് 5500 രൂപ വകയിരുത്തിയിട്ടുള്ളത്. പാലക്കാട് ജില്ലയ്ക്ക് ഇതിനായുള്ള സഹായം ദേശീയ ഭക്ഷ്യസുരക്ഷാമിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
പാടശേഖര സമിതികളുടെ ഗ്രൂപ്പ് ഫാമിഗ് പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് 300.00 ലക്ഷം രൂപ നീക്കിവച്ചിരിക്കുന്നു. ഈ തുക ഗ്രൂപ്പ്ഫാമിംഗ് പ്രോത്സാഹിപ്പിക്കുന്നതിനും ഇ-പേയ്മെന്റ് സമ്പ്രദായം നടപ്പിലാക്കുന്നത് സഹായിക്കുന്നതിനുമായി ഒരു സുതാര്യ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ പാടശേഖര സമിതികള്‍ക്ക് നല്‍കാവുന്നതാണ്. പാടശേഖരങ്ങള്‍ പുനരുജ്ജീവിപ്പിച്ച് അരിമില്ലുകള്‍ സ്ഥാപിക്കുന്നതിന് പ്രോത്സാഹനം നല്‍കുന്നതാണ്. ഉത്തമ കൃഷി മുറകളുടെ സര്ട്ടിഫിക്കേഷന് നടത്തുന്നതിനുള്ള സഹായവും പാടശേഖരങ്ങള്‍ക്ക് നല്‍കുന്നതാണ്.
സംസ്ഥാനത്തെ നെല്‍കൃഷിക്കുള്ള പ്രത്യേക കാര്‍ഷിക മേഖലയായ കുട്ടനാട്, ഓണാട്ടുകര, പൊക്കാളി, കോള്‍, പാലക്കാട്, വയനാട്, കൈപ്പാട് എന്നീ 7 പ്രദേശങ്ങളില്‍ കൂടുതല്‍ ഇടപെടീല്‍ നടത്തുന്നതാണ്. നെല്‍കൃഷി വികസന ഏജന്‍സിക്കുള്ള സഹായം പ്രോജക്ട് അടിസ്ഥാനത്തില്‍ നല്‍കുന്നതാണ്. ഇതിനായി 150.00 ലക്ഷം രൂപ വകയിരുത്തുന്നു.
തരിശുനില കൃഷിക്കായി 1200.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ എന്നിവയുടെ സജീവ പങ്കാളിത്തത്തോടെ നെല്‍കൃഷിക്കനുയോജ്യമായ തരിശുനിലങ്ങള്‍ ഘട്ടം ഘട്ടമായി പ്രോജക്ട് അടിസ്ഥാനത്തില്‍ സുസ്ഥിര നെല്‍കൃഷിക്കായി ഏറ്റെടുക്കുന്നതാണ്. കൃഷി ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തലത്തില്‍ തയ്യാറാക്കുന്ന ഗുണഭോക്തൃ ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും സഹായം അനുവദിക്കുന്നത്. 2016-17-ല്‍ അംഗീകരിച്ചതു പ്രകാരമുള്ള 3 വര്‍ഷത്തെ സഹായം തുടരുന്നതാണ്. മൊത്തം നെല്‍കൃഷി വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒരുപൂ കൃഷിയെ ഇരുപൂ കൃഷിയാക്കിയും ഇരുപൂ കൃഷിയെ മൂന്ന്പൂ കൃഷിയുമാക്കി ഉയര്‍ത്തുന്നതിനുള്ള സാധ്യത കണ്ടെത്തേണ്ടതാണ്. വയല്‍ ഭൂമിയുടെ ലഭ്യതക്കുറവ് കണക്കിലെടുത്ത് കര നെല്‍കൃഷി വികസിപ്പിക്കുന്നതിനായി 375.00 ലക്ഷം രൂപ വകയിരുത്തുന്നു. കര നെല്‍കൃഷിക്കും തരിശുനില കൃഷിക്കുമുള്ള കര്‍ഷക ഗ്രൂപ്പ് രൂപീകരിക്കുന്നതിന് സഹായം നല്‍കുന്നതാണ്.
ഒരോ പ്രദേശത്തിനും അനുയോജ്യമായ സര്‍ട്ടിഫൈഡ് വിത്തുകള്‍ ലഭ്യമാക്കുന്നത് ഉറപ്പാക്കുന്നതിനുമായി രജിസ്ട്രേഡ് സീഡ് ഗ്രോവേഴ്സ് പ്രോഗ്രാം (ആര്. എസ്. ജി. പി) സീഡ് വില്ലേജ് അടിസ്ഥാനത്തില്‍ ഊന്നല്‍ നല്‍കികൊണ്ട് തുടരുന്നതാണ്.
മിനി റൈസ് മില്ലുകളും പാര്‍ബോയിലിംഗ് യൂണിറ്റുകളും അരിയുടെയും, അരി കൊണ്ടുള്ള ഉല്പന്നങ്ങളുടെയും പ്രാദേശികസംസ്കരണത്തിനും, പായ്ക്കിംഗിനും ബ്രാന്റിംഗിനും വിപണനത്തിനുമായി സ്ഥാപിക്കുന്നതാണ്. കൂടാതെ സവിശേഷ അരിയിനങ്ങളുടെ സംസ്ക്കരണത്തിനായി സ്പെഷ്യല്‍ മിനി റൈസ് മില്ലുകളും സ്ഥാപിക്കുന്നതാണ്. പാടശേഖര സമിതികള്‍/സഹകരണ സംഘങ്ങള്‍/എന്‍.ജി.ഒ കള്‍/ കര്‍ഷക സംരംഭകര്‍ എന്നിവര്‍ മുഖേന ആര്.കെ.വി.വൈയില്‍ നിന്നുള്ള ധനസഹായത്തോടെ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നു. സര്‍ട്ടിഫിക്കേഷനുള്ള സഹായവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടു്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നഗര പ്രദേശങ്ങളിലെ നെല്‍കൃഷി പ്രോത്സാഹിപ്പിക്കു ന്നതിനും നിലനിര്‍ത്തുന്നതിനും 100.00 ലക്ഷം രൂപ വകയിരുത്തുന്നു.
നെല്ല് ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് പരിസ്ഥിതി സൗഹൃദമായ സുസ്ഥിര സാങ്കേതിക വിദ്യകള്‍ പുതുതായി ആരംഭിക്കുന്നതിനും നെല്‍വര്‍ഷത്തിന്റെ ഭാഗമായി കണ്ടെത്തിയിട്ടുള്ള 100 ഇന പരിപാടികള്‍ പദ്ധതി അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനുമായി 100.00 ലക്ഷം രൂപ റൈസ് ഇന്നോവേഷന്‍ ഫണ്ടായി വകയിരുത്തുന്നു.