5. നാളികേര വികസനം

H/A: 2401-00-103-87 Rs. 6500.00 ലക്ഷം

         ഉയര്‍ന്ന ഉല്പാദനക്ഷമതയുള്ള ഇനങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിലൂടെയും മെച്ചപ്പെട്ട പരിപാലന രീതികള്‍ നടപ്പിലാക്കുന്നതിലൂടെയും നാളികേരത്തിന്റെ ഉല്പാദനവും ഉല്പാനക്ഷമതയും വര്‍ദ്ധിപ്പിക്കുക എന്നതാണ് നാളികേര വികസന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2024-25 ല്‍ ഈ പദ്ധതിയ്ക്കായി താഴെ പറയുന്ന ഘടകങ്ങള്‍ക്ക് 6500.00 ലക്ഷം രൂപ വകയിരുത്തുന്നു.

         നിലവിലുള്ളതും പുതിയതുമായ തെങ്ങുകള്‍ക്ക് ശാസ്ത്രീയ പരിപാലന മാര്‍ഗ്ഗങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുക ഉള്‍പ്പെടെ മണ്ണ് പരിശോധന അടിസ്ഥാനമാക്കിയുള്ള വളപ്രയോഗം, ജലസേചനം, രോഗകീടപരിപാലനം, തെങ്ങിന്‍തോട്ടങ്ങള്‍ ബഹുവിള കൃഷി സമ്പ്രദായം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നു.

           നാളികേര മിഷന്റെ പ്രവര്‍ത്തനങ്ങളിലൂടെ 2024-25 ല്‍ തെങ്ങുകളുടെ പുനരുദ്ധാരണത്തിനും പുനസ്ഥാപനത്തിനുമായി സമഗ്രമായ നടീല്‍ പരിപാടികളും പുനരുജ്ജീവന പരിപാടികളും നടപ്പിലാക്കും.

        പുതിയതും നിലവിലുള്ളതുമായ തെങ്ങിന്‍ തോട്ടങ്ങളില്‍ പ്രധാന നടീല്‍ സമയമായ 2024 ജൂണ്‍, ജൂലൈ നാസത്തില്‍ കേരരക്ഷാവാരമായി നടപ്പിലാക്കുകയും ഈ പരിപാടില്‍ സംസ്ഥാനത്തെ ആരോഗ്യമുള്ളതും ഉല്പാദ‌നക്ഷമതയുള്ളതുമായ മുഴുവന്‍ തെങ്ങുകളിലും തടം തുറക്കുക, കുമ്മായ പ്രയോഗത്തിനുമൊപ്പം തെങ്ങിന്റെ കടഭാഗം വൃത്തിയാക്കുക, മണ്ണ് പരിശോധന അടിസ്ഥാനമാക്കിയുള്ള സംയോജിത പോഷകപരിപാലനം, സംയോജിത കീടരോഗ പരിപാലനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മിഷന്‍ അടിസ്ഥാനത്തില്‍ നടപ്പിലാക്കും. തെങ്ങിന്‍ തടങ്ങളില്‍ പച്ചിലവളപ്രയോഗവും, ജൈവനിയന്ത്രണകാരികളുടെ പ്രയോഗവും പ്രോത്സാഹിപ്പിക്കും. സൂക്ഷ്മ ദ്വിതീയ മൂലകപ്രയോഗവും മണ്ണ് പരിശോധന അടിസ്ഥാനമാക്കി പിന്തുണയ്ക്കും. കേരഗ്രാമം പ്രവര്‍ത്തനങ്ങളുടെ സംയോജനത്തോടെയായിരിക്കും ഈ പരിപാടികള്‍ നടപ്പിലാക്കുക. ഇതിനായി നീക്കി വച്ചിരിക്കുന്ന തുകയുടെ ഫലപ്രദമായ വിനിയോഗം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ സാധ്യമാകുന്നിടത്തെല്ലാം സാധനങ്ങളായിട്ടായിരിക്കും സഹായം നല്‍കുക. എല്ലാ പ്രവര്‍ത്തനങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പ് എം.എന്‍.ആര്‍.ഇ.ജി.എസ് എന്നിവയുടെ പിന്തുണയോടെ നടത്തും. തൊഴിലാളികളുടെ ക്ഷാമം മറികടക്കുന്നതിനായി യന്ത്രവൽക്കരണം പ്രോല്‍സാഹിപ്പിക്കുന്നതിന്  കാർഷിക കർമ്മ സേനയുടെ കാര്യക്ഷമമായ വിനിയോഗത്തിനും ശ്രദ്ധ കേന്ദ്രീകരിക്കും. അഗ്രോസര്‍വ്വീസ്  സെന്ററുകള്‍ , കാര്‍ഷിക കര്‍മ്മസേന, കസ്റ്റം ഹയറിംഗ് സെന്റര്‍ എന്നിവയിലൂടെയുള്ള അഗ്രോ മെഷീനറി, ഉല്പാദനോപാദികള്‍, തൊഴിലാളികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തും. കേരഗ്രാമത്തിന്റെ രണ്ടും മൂന്നും വര്‍ഷങ്ങളിലെ സഹായം തെരഞ്ഞെടുക്കപ്പെട്ട ഘടകങ്ങള്‍ക്ക് മാത്രമായിരിക്കും. ആറളം ഫാമില്‍ തെങ്ങിന്‍തൈ ഉല്‍പ്പാദനത്തിനായിട്ടുള്ള അഞ്ചാം വര്‍ഷ ധനസഹായവും ഇതില്‍ ഉള്‍പ്പെടുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്കായി 4000.00 ലക്ഷം രൂപ നീക്കിവച്ചിരിക്കുന്നു.

കൂടുതൽ വായിക്കുക….

            നാളികേ ര മിഷന്റെ ഭാഗമായി പുതിയ തൈകള്‍ നട്ടും നിലവിലുള്ളവ പരിപാലിച്ചും നാളികേര സമ്പത്ത് വര്‍ദ്ധിപ്പിക്കുക, കൂടാതെ നാളികേ രത്തിന്റെ ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുക, വ്യവസായവുമായി ബന്ധിപ്പിക്കുക എന്നിവ ലക്ഷ്യമിടുന്നു. കെ.എ.യു, സി.ഡി.ബി, സി.പി.സി.ആര്‍.ഐ, എഫ്.പി.ഒ കള്‍, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ എന്നിവയുടെ സഹായത്തോടെ ഓരോ വാര്‍ഡിലും ഓരോ വര്‍ഷവും 75 തെങ്ങിന്‍ തൈകള്‍ നട്ടുപിടിപ്പിക്കേണ്ട ആവശ്യകതയുണ്ട്. കാര്‍ഷിക സര്‍വ്വകലാശാലയിലുല്പാദിപ്പിക്കുന്ന 25 ശതമാനം തെങ്ങിന്‍ തൈകള്‍ സര്‍വ്വകലാശാലയിലൂടെ വിതരണം ചെയ്യും. പ്രായം ചെന്നതും ഉല്പാദനക്ഷമതയില്ലാത്തതും അസുഖം ബാധിച്ചതുമായ തെങ്ങുകള്‍ മുറിച്ചുമാറ്റുക, ഉയര്‍ന്ന ഉല്പാദനക്ഷമതയുള്ളതും പൊക്കം കുറഞ്ഞതുമായ തൈകള്‍ വെച്ചു പിടിപ്പിക്കുക, സംയോജിത പരിപാലന രീതികളിലൂടെ നിലവിലുള്ള തെങ്ങിന്‍തോപ്പുകളെ പുനരുജ്ജീവിപ്പിക്കുക, വിത്തുതേങ്ങ വിതരണം ഉറപ്പാക്കുക എന്നീ പരിപാടികള്‍ നാളികേര മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പ്രധാന ഘടകങ്ങളാണ്. ഡിപ്പാര്‍ട്ട്മെന്റ് ഫാമുകളിലൂടെ വിത്തുതേങ്ങാ സംഭരണത്തിനും തെങ്ങിന്‍തൈ ഉല്പാദനത്തിനും വിതരണത്തിനുമായി 2500.00 ലക്ഷം രൂപ വകയിരുത്തുന്നു.