22. കുട്ടനാട് മേഖലയിലെ കാര്‍ഷിക വികസനത്തിനുള്ള പദ്ധതി

H/A: 2401-00-119-78 Rs. 1700.00 ലക്ഷം

        കുട്ടനാടന്‍ മേഖലയിലെ  കാര്‍ഷിക വികസനത്തിനായി 2023-24 ല്‍ 1700.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. ഘടകങ്ങള്‍ തിരിച്ചുള്ള പദ്ധതി വിഹിതം താഴെ കൊടുത്തിരിക്കുന്നു.

           കുട്ടനാടന്‍ മേഖലയിലെ വിവിധ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പരമ്പരാഗത പെട്ടിയും പറയും സമ്പ്രദായം മാറ്റി പകരം വെര്‍ട്ടിക്കല്‍ ആക്സിയല്‍ ഫ്ലോ പമ്പ്/സബ്മേഴ്സിബിള്‍ പമ്പ് സെറ്റുകള്‍ (10-50- എച്ച്.പി) എന്നിവ സ്ഥാപിക്കുന്നതിനും, അതിനായി ഉയര്‍ന്ന തിട്ടകള്‍ നിര്‍മ്മിക്കുന്നതിനുമായി 1200.00 ലക്ഷം രൂപ നീക്കി വെച്ചിരിക്കുന്നു. ആര്‍.കെ.വി.വൈ, ആര്‍.ഐ.ഡി.എഫ്, തദ്ദേശ ഭരണവകുപ്പ് എന്നിവയുടെ വിവിധ പദ്ധതികളിലൂടെ നടപ്പിലാക്കുന്ന പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തന പദ്ദതികളും കെ.എല്‍.ഡി.സി നടത്തുന്ന അടിസ്ഥാന സൗകര്യ പ്രവര്‍ത്തനങ്ങളും ഇതിലേയ്ക്ക് സംയോജിപ്പിക്കും.

           കുട്ടനാട്  മേഖലയില്‍ അംഗീക-ത വിള കലണ്ടര്‍ സ്വീകരിക്കുന്നതിന് ആവശ്യമായ ഹ്രസ്വകാല നെല്ലിനങ്ങളുടെ ലഭ്യതയും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളും സുഗമമാക്കുന്നത് ഉറപ്പാക്കാന്‍ വകുപ്പ് ശ്രദ്ധ ചെലുത്തും.

       കാര്‍ഷിക മേഖലയില്‍ സൗരോര്‍ജ്ജവല്‍ക്കരമം പ്രോത്സാഹിപ്പിക്കുന്നതിനായി അനെര്‍ട്ടുമായി സഹകരിച്ച് കേന്ദ്രാവിഷ്കൃത പദ്ധതിയായ പി എം കുസും 2023-24 വര്‍ഷത്തിലും തുടരും. കുട്ടനാട് മേഖലയില്‍ പെട്ടിയും പറയും മാറ്റി സ്ഥാപിച്ച വി.എ.എഫ്, പമ്പുകള്‍ സൗരോര്‍ജ്ജവല്‍ക്കരിക്കുന്നതിനു  മുന്‍ഗണന നല്‍കും. പി എം കുസും പദ്ധതിയുടെ അധിക സഹായമായി 500.00 ലക്ഷം രൂപ വകയിരുത്തുന്നു. മൂലധന ചെലവിന്റെ 20 ശതമാനം സംസ്ഥാന പദ്ധതി ഫണ്ടില്‍ നിന്നും അധിക സബ്സിഡി ആയി നല്‍കുന്നതിന് ഈ തുക വിനിയോഗിക്കും. പദ്ധതി പ്രകാരം നേരിട്ട് ക്യാഷ് സബ്സിഡി നല്‍കില്ല.