1. നെല്‍കൃഷി വികസനം

H/A: 2401-00-102-90 Rs. 7600.00 ലക്ഷം

        വിസ്തൃതി വിപുലീകരണ പ്രവര്‍ത്തനങ്ങള്‍, സുസ്ഥിര നെല്‍കൃഷി വികസനത്തിനായി ഉല്പാദനോപാധികള്‍ക്കുള്ള സഹായം, കൂട്ടുകൃഷി പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ, നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി എന്നിവയിലൂടെ നെല്‍കൃഷി വികസനം ലക്ഷ്യമിടുന്നു. നെല്ലുല്പാദനം വര്‍ദ്ധപ്പിക്കുന്നതിനായി ഏഴ് നെല്ല് ഉല്പാദക കാര്‍ഷിക ആവാസ യൂണിറ്റുകള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ്. ഈ പദ്ധതിയുടെ ഗുണഭോക്താക്കളില്‍ 33 ശതമാനം സ്ത്രീകള്‍ ആയിരിക്കുമെന്ന് വകുപ്പു് ഉറപ്പാക്കും. 2022-23 വര്‍ഷത്തില്‍ നെല്‍കൃഷി വികസനത്തിനായി 7600.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.

നെല്‍ വികസന പദ്ധതിയില്‍ ഘടകം തിരിച്ചുള്ള വിഹിതം ചുവടെ ചേര്‍ക്കുന്നു

      സുസ്ഥിര നെല്‍കൃഷി വികസനത്തിന് ഉല്പാദനോപാധികള്‍ക്കുള്ള സഹായം ഹെക്ടറിന് 5500 രൂപ നിരക്കില്‍ നല്‍കുന്നതിനും നെല്‍വയല്‍ ഉടമസ്ഥര്‍ക്ക് നെല്‍വയല്‍ സംരക്ഷണത്തിന് ഹെക്ടറിന് 3000.00 രൂപ നിരക്കില്‍ റോയല്‍റ്റി നല്‍കുന്നതിനുമായി 6000.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. ഗുണമേന്മയുള്ള വിത്തുകള്‍ ജൈവ ഉല്പാദനോപാധികള്‍ (കാര്‍ഷിക ആവാസ മേഖലാ ശുപാര്‍ശ പ്രകാരം) ജൈവനിയന്ത്രണകാരികള്‍ എന്നിവയ്ക്കുള്ള സഹായം ഇതില്‍ ഉള്‍പ്പെടുന്നു. വിഭവലഭ്യതയ്ക്കുനുസൃതമായി ആവശ്യമെങ്കില്‍ അധികതുക ആവശ്യാനുസരണം പരിഗണിയ്ക്കും.
തരിശുനിലകൃഷി, ഒരുപൂ കൃഷി ഇരുപൂ കൃഷിയിലേയ്ക്കു മാറ്റുക, കരനെല്‍കൃഷി എന്നീ പരിപാടികളിലൂടെ കാര്‍ഷിക സര്‍വ്വകലാശാലയുടെ ശിപാര്‍ശാടിസ്ഥാനമാക്കി നെല്‍കൃഷി വിസ്തൃതി വികസനം നടപ്പിലാക്കും. സവിശേഷ നെല്ലിനങ്ങളുടെ കൃഷിയും ഇതിലൂടെ പ്രോത്സാഹിപ്പിക്കും. പ്രാദേശിക അനുയോജ്യതയും കാര്‍ഷിക ആവാസ വ്യവസ്ഥാ യൂണിറ്റ് ആസ്പദമാക്കിയുള്ള റിപ്പോര്‍ട്ട് അനുസരിച്ചുമായിരിക്കും കരനെല്‍കൃഷി പ്രോത്സാഹിപ്പിക്കുക. സവിശേഷ നെല്ലിനങ്ങളുടെ പ്രോത്സാഹനം ഉള്‍പ്പെടെ നെല്‍കൃഷി വിസ്തൃതി വികസന പരിപാടികള്‍ക്കായി 800.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.
രജിസ്റ്റേര്‍ഡ് സീഡ് ഗ്രോവേഴ്സ് പ്രോഗ്രാം (ആര്‍.എസ്.ജി.പി)/സീഡ് വില്ലേജ് പ്രോഗ്രാം തുടരുന്നതിനായി 125.00 ലക്ഷം രൂപ നീക്കി വച്ചിരിക്കുന്നു. സര്‍ട്ടിഫൈഡ് വിത്ത് ഉല്പാദനത്തിന് ആര്‍.എസ്.ജി.പി കര്‍ഷകര്‍ക്കും ഫൗണ്ടേഷന്‍ വിത്തുകളുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി സംസ്ഥാന വിത്ത് ഫാമുകള്‍ക്കുള്ള ധനസഹായവും ഇതില്‍ ഉള്‍പ്പെടും. കൂടാതെ ടണ്ണിന് 2000.00 രൂപ നിരക്കില്‍ സര്‍ട്ടിഫൈഡ് വിത്തുകള്‍ സംഭരിക്കുന്നതിന് കേരള സംസ്ഥാന വിത്ത് വികസന അതോറിറ്റിക്കുള്ള ധനസഹായവും ഉള്‍പ്പെടുന്നു. പറിച്ചു നട്ട വിളയ്ക്ക് മാത്രമായിരിക്കും ധനസഹായം ലഭിക്കുക.

കൂടുതല്‍ വായിക്കുക...

   2022-23 കാലയളവില്‍ കോള്‍ നിലങ്ങളില്‍ ഇരുപൂ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഓപ്പറേഷന്‍ ഡബിള്‍ കോള്‍ എന്ന ഘടകത്തില്‍ 275.00 ലക്ഷം രൂപ നീക്കി വെച്ചിരിക്കുന്നു. ഉല്പാദനോപാധികള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമായി ഉപയോഗിക്കാവുന്ന തുക പരിപാടിയുടെ സ്പെഷ്യല്‍ ഓഫീസര്‍ സമര്‍പ്പിക്കുന്ന പദ്ധതി നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കും. ആര്‍.കെ.വി.വൈ, ആര്‍.ഐ.ഡി.എഫ്, കേരള കാര്‍ഷിക സര്‍വ്വകലാശാല എന്നിവയുടെ പദ്ധതികളുമായി സംയോജിപ്പിച്ചായിരിക്കും ഇത് നടപ്പിലാക്കുക.

        പാടശേഖര സമിതികളുടെ കൂട്ടുകൃഷി സമ്പ്രദായത്തിലുള്ള നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു 300.00 ലക്ഷം രൂപയും, നെല്‍കൃഷി വികസന ഏജന്‍സികള്‍ക്കുള്ള സഹായമായി 30.00 ലക്ഷം രൂപയും വകയിരുത്തുന്നു. പ്രോജക്ട് അടിസ്ഥാനത്തിലായിരിക്കും സഹായം നല്‍കുക.

   പാടശേഖരങ്ങളുടെ അടിസ്ഥാനസൗകര്യ വികസനം ബ്ലോക്ക്തല സംയോജനത്തോടെ പ്രോജക്ട് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിന് പിന്തുണ നല്‍കും. പ്രോജക്ട് തിരഞ്ഞെടുക്കുന്നതും അനുമതി നല്‍കുന്നതും കൃഷി ഡയറക്ടര്‍ ആയിരിക്കും. അടിസ്ഥാനസൗകര്യ വികസനം നടപ്പാക്കുന്നതി ആര്‍.കെ .വി.വൈ, ആര്‍.ഐ.ഡി.എഫ്, മറ്റ് കേന്ദ്രാവിഷ്കൃത പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ എന്നിവയുടെ സംയോജനം ഉറപ്പാക്കേണ്ടതാണ്. കൃഷി ഓഫീസറുടെ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യകതയനുസരിച്ച് അരിമില്ലുകള്‍, പാര്‍ബോയിലിംഗ് യൂണിറ്റുകള്‍ എന്നിവ സ്ഥാപിക്കുന്നതിനായും സഹായം നല്‍കും. ഈ പ്രവര്‍ത്തനങ്ങള്‍ക്കായി 70.00 ലക്ഷം രൂപ നീക്കി വെച്ചിരിക്കുന്നു.
നെല്‍വികസന പരിപാടികളില്‍ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, കര്‍ഷക ഉല്പാദക സംഘടനകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടതാണ്.