3 | നാളികേര വികസനം | ശീർഷകം : 2401-00-103-87 | 5000.00 ലക്ഷം രൂപ |
തെങ്ങിൻ തോട്ടങ്ങളിൽ മെച്ചപ്പെട്ട കാർഷിക പരിപാലനം, ഇടവിളക്കൃഷി, സമ്മിശ്ര കൃഷി എന്നിവ നടത്തി യൂണിറ്റ് വിസ്തീർണ്ണത്തിൽ നിന്നും പരമാവധി ആദായം വർദ്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.
നാളികേര വികസന പരിപാടിയിന്‍ കീഴില്‍ തേങ്ങയുടെ ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി രോഗം ബാധിച്ചതും പ്രായം ചെന്നതുമായ തെങ്ങുകള്‍ വെട്ടി മാറ്റി പുതിയ തൈകള്‍ നടുക, സംയോജിത കീടരോഗ നിയന്ത്രണം, സംയോജിത വളപ്രയേഗം, ഇടവിള കൃഷി പ്രോൽസാഹിപ്പിക്കൽ, ജലസേചന സൗകര്യങ്ങൾ, മൂല്യ വർദ്ധിത ഉല്പന്നങ്ങളുടെ പ്രോൽസാഹനം. ഗുണമേന്മയുള്ള തൈകൾ ലഭ്യമാക്കുക, തൊഴിലവസരം ഉറപ്പാക്കുക മുതലായ പ്രവർത്തനങ്ങള്‍ ലക്ഷ്യമിട്ടു കൊണ്ട് തുടര്‍ച്ചയായ പ്രദേശങ്ങളില്‍ കുറഞ്ഞത് 250 ഹെക്ടര്‍ പ്രദേശത്ത് കേരഗ്രാമം എന്ന പേരില്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് ഉദ്ദേശിച്ചിരിക്കുന്നു. ലൈം, സൂക്ഷ്മ മൂലകങ്ങൾ, സെക്കന്ററി മൂലകങ്ങൾ എന്നിവയുടെ പ്രയോഗം ഉറപ്പുവരുത്തേണ്ടതാണ്. കോഴിക്കോട് ജില്ലയിലെ കേരഗ്രാമ പ്രവര്‍ത്തനങ്ങള്‍ പ്രത്യേക കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങളുമായി കഴിയുന്നത്ര സംയോജിപ്പിച്ച് നടപ്പിലാക്കേണ്ടതാണ്.
2018-19-ൽ ഈ പദ്ധതിയ്ക്കായി 5000.00 ലക്ഷം രൂപവകയിരുത്തുന്നു. സംയോജിത വളപ്രയോഗം, സംയോജിത കീടരോഗ നിയന്ത്രണം, ജൈവ വള പ്രയോഗം, തെങ്ങ് കയറ്റ യന്ത്രങ്ങളുടെ വിതരണം, നേഴ്സറികൾ സ്ഥാപിക്കല്‍, ജലസേചന യൂണിറ്റുകള്‍ മുതലായ പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള സമിതിയുടെ രജിസ്ട്രേഷൻ, പരിശീലനപരിപാടികൾ, യോഗങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൃഷിഭവനുകൾക്കുള്ള സഹായവും ഉള്‍പ്പെടുത്തിയിട്ടുണ്ടു്. തെരഞ്ഞെടുത്ത പഞ്ചായത്തുകളിലായിരിക്കും പദ്ധതി നടപ്പിലാക്കുക. കൂടാതെ നാളികേര വികസന ബോർഡ്, തദ്ദേശ ഭരണ സ്ഥാപനങ്ങൾ, കൃഷിവകുപ്പ് എന്നിവ വഴി നടപ്പിലാക്കുന്ന പദ്ധതികൾ പഞ്ചായത്ത് തലത്തിൽ സംയോജിപ്പിച്ച് നടപ്പിലാക്കുന്നതിനുള്ള സ്ഥാപന സഹായം അധികമായി നൽകുന്നതാണ്. പഞ്ചായത്തുതല കേര അപ്പെക്സ് സൊസൈറ്റികളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി 5.00 ലക്ഷം രൂപവീതം സഹായം നല്‍കുന്നതാണ്. ഏറ്റവും കുറഞ്ഞത് 250 ഹെക്ടർ പ്രദേശത്തെങ്കിലും തെങ്ങ് കൃഷിയുള്ള, പഞ്ചായത്ത് പ്രദേശത്തെ സൊസൈറ്റികൾക്കാണ് സഹായം ഉൾപ്പെടുത്തിയിട്ടുള്ളത്. മാതൃക ഫാം പ്ലാനുകൾ തയ്യാറാക്കി തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വിഹിതത്തിൽ നിന്നും അധിക സഹായം ഉറപ്പാക്കാവുന്നതാണ്.
ഉൽപ്പാദനക്ഷമതയില്ലാത്തതും, പ്രായം ചെന്നതും രോഗം ബാധിച്ചതുമായ തെങ്ങുകൾ വെട്ടിമാറ്റി കരിക്കിനും കൊപ്രയ്ക്കും അനുയോജ്യമായ കുറിയ ഇനവും പകുതി പൊക്കമുള്ള ഇനം തൈകളും അടുത്തടുത്ത പ്രദേശത്ത് ശാസ്ത്രീയമായി കൃഷി ചെയ്യുന്നതിനുള്ള പ്രോത്സാഹനം നല്‍കുന്നതാണ്. ഉയർന്ന ഉല്പാദനക്ഷമതയുള്ള/കുറിയ ഇനങ്ങളുടെ മാതൃകാ ഫാമുകൾ സ്ഥാപിക്കുന്നതിന് വിഹിതം വിനിയോഗിക്കാവുന്നതാണ്. മാതൃക ഫാമിന് കുറഞ്ഞത് 0.20 ഹെക്ടർ വിസ്തൃതി ഉണ്ടായിരിക്കണം.
നാളികേര ഉല്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ ലക്ഷ്യമിട്ടുകൊണ്ടു് പുതിയതും പരിസ്ഥിതി സൌഹൃദവും സുസ്ഥിരവുമായ സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കുന്നതിനായി കേരവര്‍ഷ പരിപാടിയുടെ ഭാഗമായി കണ്ടെത്തിയിട്ടുള്ള പരിപാടികള്‍ പ്രോജക്ട് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിനും ചെറുകിട മൂല്യവര്‍ദ്ധിത യൂണിറ്റുകള്‍, ഡ്രിപ്പ് ഇറിഗേഷന്‍ സിസ്റ്റം, കോക്കനട്ട് ഫാം സ്കൂളുകള്‍ എന്നിവ സ്ഥാപിക്കുന്നതിനുമായി ഇന്നവേഷന്‍ ഫണ്ടായി 200.00 ലക്ഷം രൂപവകയിരുത്തുന്നു. ഇതില്‍ 20.00 ലക്ഷം രൂപ നാളികേരത്തിന്റെയും വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള ഉല്പന്നങ്ങളുടെയും ആരോഗ്യ ഗുണങ്ങള്‍ പ്രചരിപ്പിക്കുന്നതിനും അവയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനുമായി ബ്ലോക്കു തലത്തില്‍ ക്യാംപെയിനുകള്‍ സംഘടിപ്പിക്കുന്നതിനായി ഉള്‍പ്പെടുത്തിയിരിക്കുന്നു.