2 പച്ചക്കറി വികസനം ശീർഷകം : 2401-00-119-85
ശീർഷകം :2401-00-119-81
8000.00 ലക്ഷം രൂപ
700.00 ലക്ഷം രൂപ

പഞ്ചായത്ത് തലത്തില്‍ ഭൗതിക ലക്ഷ്യങ്ങള്‍ ഉന്നമിട്ട് സംയോജിത സമീപനത്തോടുകൂടി പച്ചക്കറി ഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായുള്ള ഒരു പ്രധാന പദ്ധതി 2012-13-ല്‍ ആരംഭിക്കുകയുണ്ടായി. വീട്ടുവളപ്പിലുള്ള പച്ചക്കറി കൃഷി, നഗര ക്ലസ്റ്ററുകള്‍ മുഖേന മട്ടുപ്പാവിലെ പച്ചക്കറി കൃഷിക്കായി ഗ്രോബാഗുകള്‍, ക്ലസ്റ്റര്‍ അടിസ്ഥാന വാണിജ്യ കൃഷി, പച്ചക്കറി വിത്തുല്പാദനവും വിതരണവും, സ്ഥാപനങ്ങളിലെ പച്ചക്കറി തോട്ടങ്ങളുടെ പ്രോത്സാഹനം, റെയിന്‍ ഷെല്‍റ്റര്‍ പച്ചക്കറി കൃഷിക്കുള്ള പ്രോത്സാഹനം, ബി.എല്‍.എഫ്.ഒ കള്‍ക്കുള്ള സഹായം, വള പ്രയോഗത്തോടെയുള്ള സൂക്ഷ്മ ജലസേചനത്തിനുള്ള സഹായം, ഉല്പാദനക്ഷമതാ വര്‍ദ്ധനവിനുള്ള പരിപാടികള്‍, വിപണനം, ഹൈടെക് പച്ചക്കറി ഉല്പാദനം എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍. 2018-19-ല്‍ ഈ പദ്ധതിയ്ക്കായി 87.00 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഇതില്‍ 80.00 കോടി രൂപയുടെ വിഹിതം കൃഷി വകുപ്പിനായി വകയിരുത്തിയിരിക്കുന്നു.

തെരഞ്ഞെടുത്ത ജില്ലകളില്‍ വി.എഫ്.പി.സി.കെ–യിലൂടെയുള്ള പച്ചക്കറി കൃഷി പ്രോത്സാഹന ത്തിനായി 700.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. വി.എഫ്.പി.സി.കെ-ക്ക് വകയിരുത്തിയിട്ടുള്ള 700 ലക്ഷം രൂപയില്‍ 400.00 ലക്ഷം രൂപ പച്ചക്കറി കൃഷിയുടെ പ്രോത്സാഹനത്തിനും, ഉത്പാദനം, ഉത്പാദനക്ഷമത എന്നിവ ഉയര്‍ത്തുന്നതിനുമായി നീക്കിവച്ചിരിക്കുന്നു. സബ്സിഡി അടിസ്ഥാനമാക്കിയുള്ള പച്ചക്കറി കൃഷി, വി.എഫ്.പി.സി.കെ-യിലൂടെ വിഭാവനം ചെയ്യുന്നില്ല.

നഗര ക്ലസ്റ്ററുകള്‍ക്കായി വകയിരുത്തിയിരിക്കുന്ന 850.00 ലക്ഷം രൂപയില്‍ 75.00 ലക്ഷം രൂപ കോര്‍പ്പറേഷന്‍ പ്രദേശത്തെ പച്ചക്കറി ഉല്പാദനവുമായി ബന്ധപ്പെട്ട മാലിന്യ നിര്‍മ്മാര്‍ജന ത്തിനായും 150.00 ലക്ഷം രൂപ മുന്‍പ് രൂപംകൊടുത്തിട്ടുള്ള ക്ലസ്റ്ററുകള്‍ക്ക് തൈകളും ജൈവ നിയന്ത്രണകാരികളും സഹായമായി നല്‍കുന്നതിനും നീക്കിവച്ചിരിക്കുന്നു. അഗ്രോ സര്‍വ്വീസ് സെന്ററുകളും കുടുംബശ്രീയും മുഖേന തയ്യാറാക്കിയിട്ടുള്ള ഗ്രോബാഗുകള്‍ക്ക് സഹായം നല്‍കുന്നതാണ്. ഹരിത ഗ്രൂപ്പുകള്‍ രൂപീകരിച്ച് നഗരങ്ങളിലെ പച്ചക്കറി കൃഷി സ്ഥാപനവല്‍ക്കരിക്കുന്നതാണ്. നഗരങ്ങളില്‍ പച്ചക്കറി കര്‍ഷകരെ സ്ഥാപനവല്‍ക്കരിച്ച് ഹരിത ഗ്രൂപ്പുകളില്‍ രജിസ്റ്റര്‍ ചെയ്ത് വേണ്ട സാങ്കേതിക സഹായവും, കോര്‍പ്പറേഷന്‍ പ്രദേശത്തെ റസിഡന്‍സ് അസോസിയേഷന്റെ കീഴിലുള്ള ഹരിത മിത്ര മുഖേന വിപണത്തിനുള്ള സൌകര്യങ്ങള്‍ക്കുമായി 25.00 ലക്ഷം രൂപ വകയിരുത്തുന്നു. വാര്‍ഡ്തലത്തില്‍ റെസിഡന്‍സ് അസോസ്സിയേഷനില്‍ നിന്നുള്ള ഹരിതഗ്രൂപ്പുകള്‍ക്കായിരിക്കും ഹരിത ഫണ്ട് അനുവദിക്കുന്നത്.

മുന്‍പ് രൂപീകരിച്ചിട്ടുള്ള ക്ലസ്റ്ററുകളെ അവയുടെ ഗ്രൂപ്പ് പ്ര‍വര്‍ത്തനങ്ങള്‍, ഉല്പാദനം, ഉത്പാദനക്ഷമത, എന്നിവയിലെ വര്‍ദ്ധനവ്, നവീനമായ പ്രവര്‍ത്തനങ്ങള്‍, നേതൃത്വം, സാങ്കതിക വിദ്യാ ഉപയോഗം, ക്ലസ്റ്ററിന്റെ സജീവത തുടങ്ങിയ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി വീണ്ടും തരംതിരിക്കുന്നതാണ്. മികച്ച ക്ലസ്റ്ററുകളെ ‘എ’ ഗ്രേഡ് ക്ലസ്റ്ററുകളായി തരംതിരിച്ച അവയ്ക്ക് നഴ്സറികള്‍, സംഭരണകേന്ദ്രങ്ങള്‍, പ്രീ കൂളിംഗ് കേന്ദ്രങ്ങള്‍, ഉല്പാദനോപാധി കേന്ദ്രങ്ങള്‍, മറ്റ് പദ്ധതി അധിഷ്ഠിത സഹായങ്ങള്‍ എന്നിവ അടങ്ങിയ പ്രത്യേക വികസന സഹായങ്ങള്‍ നല്‍കുന്നതാണ്. മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന 2 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ‘എ’ ഗ്രേഡ് ക്ലസ്റ്ററുകള്‍ക്ക് അധിക സഹായം നല്കുന്നതാണ്. ഇതിനായി അധികമായി വകയിരുത്തിയിട്ടുള്ള 50.00 ലക്ഷം രൂപ വിതരണം നടത്തുന്നതിനായി, മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ‘എ’ ഗ്രേഡ് ക്ലസ്റ്റേഴ്സിന്റെ പ്രവര്‍ത്തന മികവ് കണക്കാക്കുന്നതിന് പ്രത്യേക മാനദണ്ഡം  തയ്യാറാക്കേണ്ടതാണ്.

ക്ലസ്റ്റര്‍ അടിസ്ഥാനത്തിലുള്ള വികസനമാണ് സംസ്ഥാനത്തെ പച്ചക്കറി വികസന പരിപാടിയുടെ മുഖ്യഘടകം. ജില്ലകളിലെ ക്ലസ്റ്റര്‍ വികസനത്തിനായി 2050 ലക്ഷം രൂപയും ഗ്രേഡഡ് ക്ലസ്റ്ററുകള്‍ക്ക് സഹായമായി 1000 ലക്ഷം രൂപയും വകയിരുത്തുന്നു. ക്ലസ്റ്ററുകളുടെ പരമാവധി എണ്ണം ഏകദേശം 1000 ആയി പരിമിതപ്പെടുത്തുന്നതാണ്. മോശം പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ക്ലസ്റ്ററുകളെ സഹായം നല്‍കുന്നതില്‍ നിന്നും ഒഴിവാക്കി പുതിയ ക്ലസ്റ്ററുകളെ ഉള്‍പ്പെടുത്തേണ്ടതാണ്. ക്ലസ്റ്ററുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് സുതാര്യ മാനദണ്ഡം തയ്യാറാക്കേണ്ടതാണ്. ക്ലസ്റ്ററുകള്‍ക്കുള്ള സഹായ തുക ഹെക്ടറിന് 15000 രൂപ എന്ന നിരക്കില്‍ പരിമിതപ്പെടുത്തുന്നതാണ്. ക്ലസ്റ്ററുകളുടെ 5 ഹെക്ടര്‍ എന്ന ഉയര്‍ന്ന പരിധി ഇളവ് ചെയ്ത്, അര്‍ഹമായ സഹായം ക്ലസ്റ്ററുകള്‍ കൃഷി ചെയ്യുന്ന വിസ്തൃതിയ്ക്കനുസരിച്ച് നല്‍കുന്നതാണ്. സ്റ്റാഗേഡ് ക്ലസ്റ്ററുകള്‍ക്കും സഹായം നല്‍കുന്നതാണ്. വനിതകള്‍, യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ ഇവരുടെ ക്ലസ്റ്ററുകള്‍ക്ക് മുന്‍ഗണന നല്‍കി പ്രോത്സാഹിപ്പിക്കുന്നതാണ്. സാധ്യമായ പ്രദേശങ്ങളില്‍ ഓരോ ക്ലസ്റ്ററുകള്‍ക്കും പ്രോജക്ട് അധിഷ്ഠിത സഹായം നല്‍കുന്നതിനായി വിഹിതത്തിന്റെ ഒരു ഭാഗം ഉപയോഗിക്കാവുന്നതാണ്.

ജില്ലകളിലെ ക്ലസ്റ്റര്‍ വികസനത്തിനായി വകയിരുത്തിയിട്ടുള്ള വിഹിതം പാരമ്പര്യ വിത്തിനങ്ങളുടെ ഉല്പാദനത്തിനും വിതരണത്തിനും, 25.00 ലക്ഷം രൂപ ദീര്‍ഘകാല പച്ചക്കറി വിത്തുകളുടെ (ബ്രൈഡ് ഫ്രൂട്ട്, മുരിങ്ങ, കറിവേപ്പില, അഗത്തി) വിതരണം നടത്തി ന്യൂട്രീഷ്യണല്‍ ഗാര്‍ഡന് പ്രോത്സാഹനം നല്‍കുന്നതിനുമായും വകയിരുത്തുന്നു. പാരമ്പര്യ വിത്തിനങ്ങളുടെയും ന്യൂട്രിഷ്യണല്‍ ഗാര്‍ഡന്റേയും ഉല്പാദനവും വിതരണവും സ്പെഷ്യലയിസിഡ് ക്ലസ്റ്ററുകളെ ചുമതലപ്പെടുത്തേണ്ടതാണ്. നഴ്സറികളും ന്യൂട്രിഷ്യണല്‍ ഗാര്‍ഡനുകളും സ്ഥാപിക്കുന്നതിന് അഗ്രോസര്‍വ്വീസ് സെന്ററുകളുടേയും കാര്‍ഷിക കര്‍മ്മസേനയുടെയും സേവനം ഉപയോഗിക്കാവുന്നതാണ്. തരിശുഭൂമി കൃഷിയും ക്ലസ്റ്റര്‍ തലത്തില്‍ പ്രോത്സാഹിപ്പിക്കേണ്ടതാണ്

ജൈവ നിയന്ത്രണകാരികളുടെ ഓണ്‍ഫാം പ്രൊഡക്ഷന്‍, സോയില്‍ അമിലിയോറന്‍സിന്റെ ഉപയോഗം, സീറോ എനര്‍ജി കൂള്‍ ചേമ്പര്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതാണ്.

ഒരു ഹെക്ടറിന് അനുവദിച്ചിട്ടുള്ള മൊത്തം സബ്സിഡിയില്‍ 25 ശതമാനം സുരക്ഷിത ഭക്ഷ്യ ഉല്പാദനത്തിനുള്ള ഉത്പാദന ഉപാധികളുടെ പ്രോത്സാഹനത്തിനും ഉത്തമ കൃഷിമുറകളുടെ പ്രോത്സാഹനത്തിനുമായി നീക്കിവച്ചിരിക്കുന്നു. ജൈവ നിയന്ത്രണകാരികള്‍, ഫെറോമോണ്‍ കെണികള്‍, വിസ്തൃത സംയോജിത കീടപരിപാലനം, ജീവാണുവളങ്ങള്‍ എന്നിവയ്ക്കുള്ള സഹായം സബ്സിഡി ഘടകത്തിനു കീഴില്‍ ഉള്‍പ്പെടുന്നു. ഇതുകൂടാതെ ലൈം പ്രയോഗത്തിനായി കുറഞ്ഞത് 15 ശതമാനം തുക നീക്കി വയ്ക്കേണ്ടതാണ്.

ബ്ലോക്ക് തലത്തിലുള്ള ഫെഡറേറ്റഡ് സംഘടനകള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനും, നടത്തിപ്പു സഹായത്തിനുമായി റിവോള്‍വിംഗ് ഫണ്ട് ഉള്‍പ്പെടെയുള്ള സഹായം നല്‍കുന്നതാണ്. ഇതിനായി 200.00 ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ട്. ബി.എല്‍.എഫ്.ഒ-ല്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അക്കൗണ്ട് മാനേജ്മെന്റ്, സ്ഥാപന വികസനവുമായി ബന്ധപ്പെട്ട് മുഖ്യ മേഖലകള്‍ എന്നിവയില്‍ പരിശീലനം നല്‍കുന്നതിനും പുതിയ ഫെഡറേറ്റഡ് സംഘടനകള്‍ക്ക് രൂപംകൊടുക്കുന്നതിനും വിഹിതം ഉപയോഗിക്കാവുന്നതാണ്. രജിസ്ട്രേഡ് ഗ്രൂപ്പുകള്‍ക്കായിരിക്കും റിവോള്‍വിംഗ് ഫണ്ടിന്റെ മൊത്തം ഉത്തരവാദിത്വവും. വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് റിവോള്‍വിംഗ് ഫണ്ടിന് നേതൃത്വം നല്കുന്ന ചുമതല മാത്രമാണുള്ളത്. കൃഷി വകുപ്പ് മുഖേനയുള്ള ബ്ലോക്കുതല ഫെഡറേറ്റഡ് ഓര്‍ഗനൈസേഷനുകളും വി.എഫ്.പി.സി.കെ മുഖേന പഞ്ചായത്ത് തലത്തില്‍ സ്ഥാപിച്ചിട്ടുളള മാർക്കറ്റുകളും തമ്മിൽ ഇരട്ടിപ്പ് ഉണ്ടാകരുത്. അനുയോജ്യമായ പഞ്ചായത്തുകളിൽ ഈ രണ്ടു ഓർഗനൈസേഷനുകൾക്കും യോജിച്ച് പ്രവർത്തിക്കുവാൻ കഴിയണം. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഏകദേശം 10 ബ്ലോക്ക് തല ഫെഡറേറ്റഡ് ഓർഗനൈസേഷൻസിന് പ്രോജക്ട് അടിസ്ഥാനത്തിൽ നിർദ്ദിഷ്ട അടിസ്ഥാന സൗകര്യ വികസന സഹായമായി പരമാവധി 10.00 ലക്ഷം രൂപ വീതം നൽകുന്നതാണ്. എൻ.ഐ.പി.എച്ച്.എം - ൽ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ സഹായത്തോടെ ബയോഫാർമസി, ഇക്കോഷോപ്പ്, സ്യൂടോമൊണാസ്/ ട്രൈക്കോടർമാ എന്നിവയുടെ ഓണ്‍ ഫാം പ്രൊഡക്ഷൻയൂണിറ്റ് എന്നിവയ്ക്കു് ഒറ്റത്തവണ സഹായം നൽകുന്നതിന് മുൻഗണന നൽകിയിരിക്കുന്നു.

ചെറുകിട, നാമമാത്ര, വൻകിട കർഷകർ ഉല്പാദിപ്പിക്കുന്ന പച്ചക്കറികളുടെ വിപണനത്തിനായി എ ഗ്രേഡ് ക്ലസ്റ്റേഴ്സും ബി.എൽ.എഫ്.ഒ-യുമായി ബന്ധപ്പെടുത്തിക്കൊണ്ട് പച്ചക്കറി ഉല്പാദന പ്രദേശങ്ങളിൽ പച്ചക്കറി ഉല്പാദക കമ്പനികൾ സ്ഥാപിക്കുന്നതിന് ഉദ്ദേശിക്കുന്നു. ഇതിനായി 500.00 ലക്ഷം രൂപ വകയിരുത്തുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റൂറൽ മാനേജ്മെന്റ് ഇൻ അഗ്രിക്കൾച്ചർ (ഐ.ആർ.എം.എ)-യിൽ നിന്നും പരിശിലനം ലഭിച്ച പ്രൊഫഷണലുകളെ കമ്പനികളുടെ നടത്തിപ്പിനായി ബന്ധപ്പെടുത്താവുന്നതാണ്.

തെരഞ്ഞെടുത്ത ബ്ലോക്കുകളിൽ ക്ലസ്റ്ററുകൾ മുഖേന നഴ്സറികൾ സ്ഥാപിക്കുന്നതാണ്. നിലവിലുള്ള നഴ്സറികൾക്കുള്ള റിവോൾവിംഗ് ഫണ്ടും പുതിയ നഴ്സറികൾക്കുള്ള സഹായവും ഇതിൽ ഉൾപ്പെടുന്നു. ഗ്രാമപഞ്ചായത്തുകൾ, കോർപ്പറേഷനുകൾ, തിരഞ്ഞെടുത്ത മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിൽ വിത്തുല്പാദനത്തിനും വിതരണത്തിനും ചെറിയ നഴ്സറികൾ സ്ഥാപിക്കുന്നതിനുമായി 200.00 ലക്ഷം രൂപ വകയിരുത്തുന്നു. അടുക്കള പച്ചക്കറി തോട്ടത്തിനായി കേരള കാർഷിക സർവ്വ കലാശാല വികസിപ്പിച്ചെടുത്ത 10, 20 ച.മീ. വലിപ്പമുള്ള മിനി പോളീഹൗസുകൾക്ക് പ്രോത്സാഹനം നൽകുന്നതാണ്. പരിശീലനങ്ങള്‍, മേല്‍നോട്ടം, വിലയിരുത്തല്‍, ഡോക്യുമെന്റേഷന്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ടു്.

ഫാമിലി ട്രിപ്പ് സിസ്റ്റം നടപ്പിലാക്കുന്നതുള്‍പ്പെടെ വളപ്രയോഗത്തോടെയുള്ള സൂക്ഷ്മ ജലസേചനത്തിനായി 400.00 ലക്ഷം രൂപ വകയിരുത്തുന്നു. കൃഷിവിജ്ഞാന കേന്ദ്രങ്ങളുടെ സഹായത്തോടെ ഗ്രേഡഡ് ക്ലസ്റ്ററുകളുമായി ബന്ധപ്പെടുത്തി ചെറിയ മൂല്യവർദ്ധനവ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായി 75.00 ലക്ഷം രൂപ വകയിരുത്തുന്നു.

പച്ചക്കറി വികസന പരിപാടിക്ക് വട്ടവട-കാന്തല്ലൂർ, കിഴക്കൻ പാലക്കാട്, കഞ്ഞിക്കുഴി, ചേർത്തല, പഴയന്നൂരും സമീപപ്രദേശങ്ങളും എന്നിവിടങ്ങളിലെ പ്രത്യേക കാർഷിക മേഖലയിൽ കൂടുതൽ ഊന്നൽ നൽകേണ്ടതാണ്.

പ്രവർത്തന ചെലവിനായി 80.00 ലക്ഷം രൂപ വകയിരുത്തുന്നു. ഇതിൽ ഒരു വിഹിതം ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നതിനായി വിനിയോഗിക്കാവുന്നതാണ്.

പച്ചക്കറി വികസന പരിപാടിയുമായി ബന്ധപ്പെട്ട് കൃഷി വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികളായ കേരള കാര്‍ഷിക സര്‍വ്വകലാശാല, വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൌണ്‍സില്‍, സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍, മറ്റു പൊതുമേഖലാ സ്ഥാപനങ്ങള്‍/ഏജന്‍സികള്‍‌ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ട് സംസ്ഥാനത്തെ പച്ചക്കറി ഉല്പാദനം സ്വയം പര്യാപ്തതയില്‍ എത്തിക്കുന്നതിനു വേണ്ടി സമഗ്ര പച്ചക്കറി വികസനത്തിന് രൂപം നല്‍കുന്നതിനായി കാര്‍ഷികോത്പാദന കമ്മീഷണര്‍ അദ്ധ്യക്ഷനായി സംസ്ഥാന വെജിറ്റബിള്‍ ബോര്‍ഡ് രൂപീകരിക്കുന്നതിന് ഉദ്ദേശിച്ചിരിക്കുന്നു. ഡിപ്പാര്‍ട്ട്മെന്റ് ഫാമുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമുള്ള തരിശു ഭൂമിയില്‍ കര്‍ഷക ക്ലസ്റ്ററുകളുടേയും വനിതാ ഗ്രൂപ്പുകളുടേയും പങ്കാളിത്തത്തോടെ പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതാണ്.

ഭക്ഷ്യ വിള ഉല്പാദന പദ്ധതി ഹരിതകേരളം പദ്ധതിയുമായി ബന്ധപ്പെടുത്തേണ്ടതും പഞ്ചായത്ത് തലത്തിൽ വ്യക്തമായി നിശ്ചയിച്ചിട്ടുള്ള ഭൗതീകലക്ഷ്യങ്ങൾ ഉറപ്പാക്കേണ്ടതുമാണ്. കൃഷി വകുപ്പ് കർഷക ഗ്രൂപ്പുകളുടെയും പഞ്ചായത്തുകളുടെയും സഹായത്തോടെ ബ്ലോക്ക് തലത്തിലും പഞ്ചായത്ത് തലത്തിലും നെൽ വികസന പ്രോജക്ടിനും പച്ചക്കറി വികസന പ്രോജക്ടിനുമുള്ള ക്യാമ്പയിനുകൾ സംഘടിപ്പിക്കേണ്ടതാണ്.