7. ഉല്പാദക സംഘടനകളുടെ വികസനത്തിനും സാങ്കേതിക വിദ്യാ പിന്തുണയ്ക്കുമായുള്ള പദ്ധതി

H/A: 2401-00-109-56 Rs. 650.00 ലക്ഷം

            കര്‍ഷകര്‍ക്ക് പ്രദര്‍ശനങ്ങളിലൂടെ സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യുന്നതിനും കൃഷിയിടാസൂത്രണാധിഷ്ഠിത സമീപനത്തിന്റെ ഭാഗമായി രൂപീകരിച്ച കര്‍ഷക ഉല്പാദക സംഘടനകള്‍ക്ക് (കൃഷിയിടങ്ങളുടെ കൂട്ടായ്മ) പിന്തുണ നല്‍കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 2023-24 വര്‍ഷത്തില്‍ ഈ പദ്ധതിയ്ക്കായി 650.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.

         കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ വിജ്ഞാനവ്യാപന ഡയറക്ടര്‍ വിവിധ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതോടൊപ്പം സര്‍വ്വകലാശാലയുടേതും മറ്റു സംസ്ഥാന കാര്‍ഷിക സര്‍വ്വകലാശാലകള്‍/ഐ.സി.എ.ആര്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍‍ നിന്നും നമ്മുടെ കൃഷിയിടങ്ങള്‍ക്ക് അനുയോജ്യമായ ഗവേഷണഫലങ്ങള്‍ ലഭ്യമാക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായുള്ള സംസ്ഥാന, ജില്ലാ, ബ്ലോക്കുതല കോണ്‍ഫറന്‍സുകളും ഏകോപിപ്പിക്കും. ജൈവകൃഷി മേഖലയുള്‍പ്പെടെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതും കേരള കാര്‍ഷിക സര്‍വ്വകലാശാല ആംഗീകരിച്ചതുമായ ഉല്‍പ്പാദന പ്രോട്ടോക്കോള്‍ മാത്രമായിരിക്കും പ്രചരിപ്പിക്കുക. കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ വിജ്ഞാനവ്യാപന ഡയറക്ടറേറ്റ് വിശദമായ സാങ്കേതിക മൊഡ്യൂളുകള്‍ വികസിപ്പിക്കുകയും സാങ്കേതിക വിജ്ഞാനം കൃത്യമായി പ്രചരിപ്പിക്കുകയും ചെയ്യും. സാങ്കേതിക വിദ്യാ വ്യാപനത്തിനും വിപുലീകരണത്തിനുമുള്ള പ്ലാന്‍ തയ്യാറാക്കുന്നത് കേരള കാര്‍ഷിക സര്‍വ്വകലാശാലയായിരിക്കും. ഇതിനായി കേരള കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് 100.00 ലക്ഷം രൂപ വകയിരുത്തുന്നു. ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് വിജ്ഞാനവ്യാപന ഡയറക്ടര്‍ക്ക് ഈ തുക മൊത്തമായി കൈമാറുന്നതാണ്.

        ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, കേരളയുടെ സാങ്കേതിക പിന്തുണയോടെ ഫാം യൂണിറ്റുകളുടെ ഉല്പാദനത്തിനു മുന്‍പുള്ള ബേസ് ലൈന്‍ ഡാറ്റാ ഉള്‍പ്പെടെ ഉല്പാദനസമയത്തും, ഉല്പാദനശേഷവുമുള്ള ഡാറ്റാ അടങ്ങുന്ന സമഗ്രമായ ഡാറ്റാബേസ് വികസനവും അതിന്റെ തുടര്‍ച്ചയായ നാളിതീകരണവുമായിരുന്നു 2022-23 ല്‍ വിഭാവനം ചെയ്തിരുന്ന പ്രധാന പ്രവര്‍ത്തനം. ഡാറ്റ ശേഖരിക്കുന്നതിനും സംഭരിക്കുന്നതിനും ഡിജിറ്റല്‍ യൂണിവേഴ്സിറ്റി അനുയോജ്യമായ സംവിധാനം വികസിപ്പിക്കും. ഡിജിറ്റല്‍ പ്ലാറ്റ് ഫോം നിലനിര്‍ത്തുന്നതിനും പരിപാലിക്കുന്നതിനുമായുള്ള ചെലവുകള്‍ ഈ പദ്ധതിയ്ക്ക് വകയിരുത്തിയിരിക്കുന്ന തുകയില്‍ ഉള്‍പ്പെടുന്നു.

       ഈ പദ്ധതിയ്ക്ക് കീഴില്‍ വികസിപ്പിക്കുവാന്‍ 2022-23 ല്‍ ലക്ഷ്യമിട്ടിരുന്ന രണ്ടോ മൂന്നോ പഞ്ചായത്തുകളിലെ കൃഷിയിടങ്ങള്‍ ചേര്‍ന്ന് ഫാര്‍മര്‍പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ (കമ്പനി/സഹകരണ സംഘങ്ങള്‍) എന്നത് തൂടരും. നിലവിലുള്ള കര്‍ഷക ഉല്‍പ്പാദക സംഘടനകളെ (എഫ്.പി.ഒ) സാങ്കേതിക പിന്തുണയുള്‍പ്പെടെ ഉല്‍പ്പന്ന വികസനം, ബ്രാന്‍ഡിംഗ്, ലേബലിംഗ്, മാര്‍ക്കറ്റിംഗ് എന്നിവയില്‍ പിന്തുണയ്ക്കും. കേന്ദ്രസര്‍ക്കാര്‍, നബാര്‍ഡ് പദ്ധതികള്‍ക്ക് കീഴില്‍ രൂപീകരിച്ച നിലവിലുള്ള എഫ്.പി.ഒ കള്‍ക്ക് ഈ പദ്ധതിയില്‍ പിന്തുണ ലഭിക്കില്ല. എഫ്.പി.ഒ കളുടെ രൂപീകരണത്തിനും പിന്തുണയ്ക്കുമായി തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധം സ്ഥാപിക്കുന്നതായിരിക്കും. വാണിജ്യ ഘടന എന്ന നിലയില്‍ ഈ മേഖലകളിലെ വികസനത്തിന് ഇവ ഉത്തേജകമായി പ്രവര്‍ത്തിക്കുന്നതായിരിക്കും. ഇത്തരത്തിലുള്ള സംഘടനകളുടെ രൂപീകരണത്തിനായി വ്യക്തിഗത പ്രോജക്ടുകള്‍ സംസ്ഥാന കമ്മറ്റിയുടെ മുമ്പാകെ സമര്‍പ്പിച്ചു അംഗീകാരം വാങ്ങേണ്ടതാണ്. എഫ്.പി.ഒ രൂപീകരണത്തിനും പിന്തുണ നല്‍കുന്നതിനുമായി കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, ജലസേചനം എന്നീ മേഖലകളിലെ സാങ്കേതിക വിദഗ്ദ്ധര്‍ ഉള്‍പ്പെടുന്ന സംഘം പ്രവര്‍ത്തിക്കും. സാങ്കേതിക ബന്ധങ്ങള്‍ ഇല്ലാതെയുള്ള എഫ്.പി.ഒ പ്ലാനുകള്‍ സ്വീകരിക്കുന്നതുമല്ല. സര്‍ക്കാര്‍ സര്‍ക്കാരേതര മേഖലകളില്‍ നല്ല യോഗ്യതയുള്ള നിലവിലുള്ള സാങ്കേതിക ഏജന്‍സികളുടെ പിന്തുണ വകുപ്പ് ആവശ്യാനുസരണം തേടുന്നതായിരിക്കും.