25. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനുള്ള സഹായം
H/A: 2435-01-800-99 H/A: 2435-01-101-85 Rs. 4115.00 ലക്ഷം
വിലയിലെ ഏറ്റകുറച്ചിലുകള്‍, കാര്യക്ഷമമായ വിപണന സംവിധാനത്തിന്റെ അഭാവം, വിളവെടുപ്പിനുശേഷമുള്ള നഷ്ടം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിപണികളുടെ നിലവിലുള്ള അടിസ്ഥാനസൗകര്യങ്ങളുടെ ശാക്തീകരണം, ശേഖരണം, ഗതാഗതം, സംഭരണം, സംസ്കരണം എന്നീ വിവിധ തലങ്ങളില്‍ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, മാര്‍ക്കറ്റ് ഇന്റലിജന്‍സ് ശക്തിപ്പെടുത്തുക, കാര്‍ഷിക വിപണനത്തില്‍ നൂതന സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുക എന്നിവയാണ് പ്രധാന ശ്രദ്ധാകേന്ദ്രങ്ങള്‍.
2023-24 ല്‍ പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്ന 4115.00 ലക്ഷം രൂപയുടെ ഘടകങ്ങള്‍ തിരിച്ചുള്ള വിഹിതം താഴെ കൊടുത്തിരിക്കുന്നു.

കാര്‍ഷിക മൊത്തവ്യാപാര വിപണികളുടെയും ജില്ലാ സംഭരണ കേന്ദ്രങ്ങളുടെയും അടിസ്ഥാനസൗകര്യ വികസനങ്ങള്‍ക്കായും പ്രവര്‍ത്തന ചെലവുകള്‍ക്കായും 130.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഏകീകൃത വിപണി സുഗമമാക്കുന്നതിന് ഇ-എന്‍.എ.എം (e-NAM) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കും ഈ വിപണികളുടെ പ്രവര്‍ത്തനം. മാര്‍ക്കറ്റ് എക്സിക്യുട്ടീവ് കമ്മറ്റിയുമായി കൂടിയാലോചിച്ച് മാര്ക്ക്റ്റ് സെക്രട്ടറിമാര്‍ തയ്യാറാക്കുന്ന കര്‍മ്മ പദ്ധയിയുടെ അടിസ്ഥാനത്തില്‍ മുന്‍ഗണനാ ക്രമത്തിലായിരിക്കണം മൊത്ത വിപണിയുടെ അടിസ്ഥാന സൗകര്യ വികസനം ഏറ്റെടുക്കേണ്ടത്. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയുടെ എസ്റ്റിമേറ്റ് സഹിതമുള്ള കര്‍മ്മപദ്ധതി അംഗീകാരത്തിനായി കൃഷി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. പ്രവര്‍ത്തി അംഗീകൃത ഏജന്‍സികളെ ഏല്‍പ്പിക്കണം.
കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള് വില്‍ക്കുന്നതിനായി നിലവിലെ വിപണി വിവരങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. കാലികമായ വിപണി വിവരങ്ങള്‍ ശേഖരിച്ച് കര്‍ഷകര്‍ക്ക് പ്രാപ്യമായ വെബ്സൈറ്റില്‍ ലഭ്യമാക്കും. 40.00 ലക്ഷം രൂപ അഗ്മാര്‍ക്ക് നെറ്റിനും വിപണി വിവരപശേഖരണത്തിനുമായി വകയിരുത്തുന്നു. 80.00 ലക്ഷം രൂപ അഗ്രികള്‍ച്ചര്‍ പ്രൈസസ് ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിനും, 5.00 ലക്ഷം രൂപ ഡബ്ലിയു.റ്റി.ഒ സെല്ലിന്റെ പ്രവര്‍ത്തന ചെലവുകള്‍ക്കുമായി നീക്കിവെച്ചിരിക്കുന്നു.
എ ഗ്രേഡ് വിപണികളില്‍ ഉയര്‍ന്ന വരുമാനമുള്ള (രണ്ട് ലക്ഷം രൂപ/വിപണി/മാസം) തിരഞ്ഞെടുക്കപ്പെട്ട ആഴ്ചചന്തകള്‍ക്ക് 10000/- രൂപ വീതം അധിക സഹായം നല്‍കുന്നതിനായി 25.00 ലക്ഷം രൂപ വകയിരിത്തിയിരിക്കുന്നു. ഉല്പന്നങ്ങള് കൃഷിവകുപ്പിന്റെ മാര്‍ക്കറ്റുകളില്‍ ലേലത്തിന് എത്തിക്കുന്നതിനായി കര്‍ഷകരെ പ്രോല്‍സാഹിപ്പിക്കുന്നതിനും അതിലൂടെ നേരിട്ടുള്ള വിപണന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും 50.00 ലക്ഷം രൂപ ട്രാന്സ്പോര്ട്ടേഷന് സബ്സിഡിയായി വകയിരുത്തിയിരിക്കുന്നു. ഇതിനായി കൃഷി ഡയറക്ടര്‍ വിശദമായ മാര്‍ഗ്ഗരേഖ പുറപ്പെടുവിക്കും. പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന ജൈവകാര്‍ഷിക ഉല്പന്നങ്ങളുടെ വിപണനത്തിനായി ഇക്കോഷോപ്പുകള്‍ വികസിപ്പിക്കുന്നതിനായി സഹായം നല്‍കും. ഇതിനായി 150.00 ലക്ഷം രൂപ വകയിരുത്തുന്നു.
കര്‍ഷകരുടെ കൃഷിസ്ഥലങ്ങളില്‍ നിന്നും മിച്ചമുള്ള കാര്‍ഷികോല്‍പ്പന്നങ്ങള്‍ ശേഖരണ/വിപണന കേന്ദ്രങ്ങളിലേയ്ക്ക് എത്തിക്കുക വഴി അവയുടെ വിപണനം ഫലപ്രദമായി ഏകോപിപ്പിക്കുന്നതിന് സാധ്യതയുള്ള പഞ്ചായത്തുകളില്‍ കര്‍ഷകമിത്രങ്ങളെ ഉള്‍പ്പെടുത്തും. അതുവഴി കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും വരുമാനവും സുഗമമാക്കും. കര്‍ഷകമിത്രങ്ങളെ ഉള്‍പ്പെടുത്തുന്നതിന് 60.00 ലക്ഷം രൂപ വകയിരുത്തുന്നു. കര്‍ഷകമിത്രങ്ങളുടെ സേവനം കൃഷിയിടാസൂത്രണാധിഷ്ഠിത വികസന പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള കൃഷിയിടങ്ങളിലും പ്രയോജനപ്പെടുത്തും.
വിപണന സംവിധാനത്തില്‍ ശീതീകരണ ശൃംഖലയുടെ പ്രാധാന്യവും ആവശ്യകതയും കണക്കിലെടുത്ത് ശീതീകരണ പരിപാലനം ഉള്‍പ്പെടെയുള്ള വിതരണശൃംഖല സ്ഥാപിക്കുന്നതിന് 2023-24 വര്‍ഷത്തില്‍ പിന്തുണ നല്‍കും. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, കാസറഗോഡ് എന്നീ ജില്ലകള്‍ ഒഴികെയുള്ള ജില്ലകളില്‍ ശീതീകരിച്ച ഔട്ട്ലെറ്റുകള് സ്ഥാപിക്കുന്നതിനായി 250.00 ലക്ഷം രൂപ നീക്കി വച്ചിരിക്കുന്നു. വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗത്തിനായി മാര്‍ക്കറ്റിംഗ്, കോള്‍ഡ് സ്റ്റോറേജ് വിതരണ ശൃംഖലാ പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രപദ്ധതികള്‍ക്ക് (എം.ഐ.ഡി.എച്ച്, എസ്.എം.എ.എം മുതലായവ) കീഴില്‍ ലഭ്യമായ ഫണ്ടുകളുടെ സംയോജനത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തും.
വി.എഫ്.പി.സി.കെ യുടെ മാര്‍ക്കറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 500.00 ലക്ഷം രൂപ വകയിരുത്തുന്നു. പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന വില കര്‍ഷകര്‍ക്ക് നല്‍കുന്നതിനുള്ള പിന്തുണ ഉള്‍പ്പെടെ വിലനിലവാരം സ്ഥിരപ്പെടുത്തുന്നതിനുള്ള വിപണി ഇടപെടല്‍ പിന്തുണയ്ക്കുന്നതിനുമായി 2825.00 ലക്ഷം രൂപ വകയിരുത്തുന്നു. ഇതില്‍, 2200.00 ലക്ഷം രൂപ, ന്യായമായ വില ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, വിളവെടുപ്പ് സീസണില്‍ തിരഞ്ഞെടുത്ത കാര്‍ഷികോല്‍പ്പന്നങ്ങള്‍ നിയുക്ത ഏജന്‍സികള്‍ മുഖേന സംഭരിക്കുന്നതിനുള്ള സഹായമാണ്. വില കുറയുന്ന സാഹചര്യത്തില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും പ്രഖ്യാപിച്ച അടിസ്ഥാന വില കര്‍ഷകര്‍ക്ക് നല്‍കുന്നതിന് 625.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.
കാര്ഷികോല്പാദക കമ്മീഷണറുടെ അധ്യക്ഷതയില്‍ സംസ്ഥാനതലത്തില്‍ കര്‍ശനമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും. ഹോര്‍ട്ടികോര്‍പ്പ് എംഡി, വി.എഫ്.പി.സി.കെ സി.ഇ.ഒ, ഡിപ്പാര്‍ട്ട്മെന്റല്‍ വര്‍ക്കിംഗ് ഗ്രൂപ്പിലെ അംഗങ്ങള്‍ ഈ കമ്മിറ്റിയില്‍ ഉള്‍പ്പെടുന്നതായിരിക്കും. ഈ കമ്മിറ്റി ത്രൈമാസ ഇടവേളകളില്‍ യോഗം ചേരുകയും അടിസ്ഥാനവില പദ്ധതിയുടെ പുരോഗതിയും പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുകയും ചെയ്യും.