28. മൂല്യ വർദ്ധനവും വിളവെടുപ്പിന് ശേഷമുള്ള പരിപാലനവും
H/A: 2435-01-800-94 Rs. 2000.00 ലക്ഷം
ഇടത്തരം, ചെറുകിട, സൂക്ഷ്മ കാര്‍ഷിക സംസ്കരണ/മൂല്യവര്‍ദ്ധന യൂണിറ്റുകള്‍ പ്രോത്സാഹിപ്പിക്കുക, കര്‍ഷകരുടെ വരുമാന വര്‍ദ്ധനവ് ഉറപ്പുവരുത്തുക, കര്‍ഷക ഉല്പാദക സംഘടനകളെ നവീകരിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. കാര്‍ഷിക മേഖലയിലെ സംരഭകത്വത്തിലും മൂല്യവര്ദ്ദനയിലും നൂതന സാങ്കേതിക വിദ്യകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സഹായം നല്‍കുന്നു. അംഗീകൃത മാനദണ്ഡങ്ങള്‍ക്കനുസൃതമായി ചെറുകിട കര്‍ഷക- കാര്‍ഷിക വ്യാപാര കണ്‍സോര്‍ഷ്യം (എസ്.എഫ്.എ.സി) നോഡല്‍ ഏജന്‍സിയായി ഈ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും.
2023-24 ല്‍ പദ്ധതിക്കായി വകയിരുത്തിയിട്ടുള്ള 2000.00 ലക്ഷം രൂപയുടെ ഘടകങ്ങള്‍ തിരിച്ചുള്ള വിഹിതം ചുവടെ ചേര്‍ക്കുന്നു.

സൂക്ഷ്മ, ചെറുകിട, ഇടത്തരം, കാര്‍ഷിക സംസ്കരണ/മൂല്യവര്‍ദ്ധന യൂണിറ്റുകള്‍, വ്യക്തിഗത/എസ്.എച്ച്.ജി അടിസ്ഥാനമാക്കിയുള്ള മൂല്യവര്‍ദ്ധന യൂണിറ്റുകള്‍ തുടങ്ങിയവയ്ക്കുള്ള പദ്ധതി അധിഷ്ഠിത സഹായം എസ്.എഫ്.എ.സി മുഖേന നല്‍കും. ഇതിനായി 400.00 ലക്ഷം രൂപ വകയിരുത്തുന്നു. സര്‍ക്കാര്‍/പൊതുമേഖല/സഹകരണ/എഫ്.പി.ഒ കള്‍ക്കുള്ള എസ്.എഫ്.എ.സി മുഖേനയുള്ള മൂല്യവര്‍ദ്ധന യൂണിറ്റുകള്‍ക്കുള്ള സഹായമായി 200.00 ലക്ഷം രൂപ വകയിരുത്തുന്നു. ആവശ്യമുള്ളിടത്ത് കൃഷിഭവനുമായി സംയോജിപ്പിച്ച് പദ്ധതി നടപ്പിലാക്കും. എല്ലാ പ്രൊപ്പോസലുകള്‍/പ്രോജക്ടുകള്‍ എസ്.എഫ്.എ.സി പരിശോധിച്ച് എം.എസ്.എം.ഇ യുടെ നിലവിലുള്ള പ്രവര്‍ത്തന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നടപ്പിലാക്കുന്നതിന് അംഗീകാരം നല്‍കും. ഐ.ആര്‍.എം.എ, സി.എഫ്.റ്റി.ആര്‍.ഐ, ഐ.ഐ.എം തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളില്‍ നിന്നും പരിശീലനം ലഭിച്ച വകുപ്പിലെ ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ദ്ധ സംഘമായിരിക്കും പദ്ധതികളുടെ പരിശോധനയും നിരീക്ഷണവും വിലയിരുത്തലും നടത്തുന്നത്.
സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ മുഖേന എം.ഐ.ഡി.എച്ച്, ഹണിമിഷന്‍ എന്നിവയുമായി സംയോജിപ്പിച്ച് എഫ്.പി.ഒ കളുടെ പങ്കാളിത്തത്തോടെ തേന്‍ കര്‍ഷകര്‍ക്കും തേന്‍ ഉല്പാദനത്തിനും മൂല്യവര്‍ദ്ധിത തേന്‍ ഉല്പന്നങ്ങളുടെ പ്രോത്സാഹനത്തിനുമായുള്ള പിന്തുണ തുടരും. ഇതിനായി 100.00 ലക്ഷം രൂപ വകയിരുത്തുന്നു.
പരിശീലനം ഉള്‍പ്പെടെ എസ്.എഫ്.എ.സി യ്ക്കുള്ള പ്രവര്‍ത്തന സഹായമായി 125.00 ലക്ഷം രൂപ വകയിരുത്തുന്നു.
കാര്‍ഷിക ഉല്പാദനം, സംസ്കരണം, വിതരണം എന്നീ മേഖലകളില്‍ കര്‍ഷക ഉല്പാദക സംഘടനകളെ (എഫ്.പി.ഒ) പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്ത് നിലവിലുള്ള എഫ്.പി.ഒ കളെ എസ്.എഫ്.എ.സി മുഖേന നവീകരിക്കുന്നതിന് 400.00 ലക്ഷം രൂപ വകയിരുത്തുന്നു. നവീകരിക്കുന്നതിനുള്ള പ്രൊപ്പോസലുകല്‍ എസ്.എഫ്.എ.സി യ്ക്ക് സമര്‍പ്പിക്കുകയും ശരിയായ പരിശോധനയ്ക്ക് ശേഷം പ്രോജക്ട് മാതൃകയില്‍ സഹായം നല്‍കുകയും ചെയ്യും. ഒറ്റത്തവണ സഹായമായിട്ടായിരിക്കും ആനുകൂല്യം നല്‍കുക. കഴിഞ്ഞ വര്‍ഷത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പദ്ധതികള്‍ അംഗീകരിക്കുകയില്ല.
പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കും പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും പ്രോജക്ട് അടിസ്ഥാനത്തില്‍ കാര്‍ഷിക സംസ്കരണ-മൂല്യ വര്‍ധിത പ്രവര്‍ത്തനങ്ങല്‍ നടപ്പിലാക്കുന്നതിനു പിന്തുണ നല്‍കുന്നതിനായി 400.00 ലക്ഷം രൂപ നീക്കിവെച്ചിരിക്കുന്നു. ഈ തുകയില്‍ നിന്നും 100.00 ലക്ഷം രൂപ വാഴക്കുളം അഗ്രോ പ്രോസസ്സിംഗ് ആന്‍ഡ് ഫ്രൂട്ട് പ്രോസസ്സിംഗ് കമ്പനി ലിമിറ്റഡിനായി നീക്കി വച്ചിരിക്കുന്നു. കാര്‍ഷിക ഉല്പന്നങ്ങളുടെ മൂല്യവര്‍ദ്ധനവിന് സഹായകമാകുന്നതിനായി സ്ഥാപനം ആധുനീകവല്ക്കരിക്കുന്നതിന് ലക്ഷ്യമിടുന്നു.
എഫ്.പി.ഒ കള്‍ മുഖേനയുള്ള ചെറുതും ഇടത്തരവുമായ കാര്‍ഷിക സംസ്കരണ സംരഭങ്ങള്‍ക്ക് യന്ത്രസാമഗ്രികള്‍ വാങ്ങുന്നതിനുള്ള പിന്തുണ നല്‍കുന്നതിനായി 375.00 ലക്ഷം രൂപ വകയിരുത്തുന്നു.